ആ പദ്മവിഭൂഷന് ഒപ്പമാണോ സിപിഎം; രാഷ്ട്രീയ നിലപാട് ഉറ്റുനോക്കി കേരളം - Kerala Times    

ആ പദ്മവിഭൂഷന് ഒപ്പമാണോ സിപിഎം; രാഷ്ട്രീയ നിലപാട് ഉറ്റുനോക്കി കേരളം

January 26, 2026
file 00000000bd1072098d61836c4c560b6d

തിരുവനന്തപുരം> വി.എസ്. അച്യുതാനന്ദന് ലഭിച്ച പദ്മവിഭൂഷൻ പുരസ്‌കാരത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. കമ്യൂണിസ്റ്റ് നേതാക്കളായ മുൻമുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടും ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും നിരസിച്ച പുരസ്‌കാരമാണ് വി.എസിന് അദ്ദേഹത്തിന്റെ മരണാനന്തര ബഹുമതിയായി ലഭിക്കുന്നത്. ആ ആദരവിനെ അദ്ദേഹത്തിന്റെ ബന്ധുക്കൾ സ്വാഗതം ചെയ്യുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നേതാക്കൾ പ്രതികരിച്ചിട്ടില്ല.

1992-ലാണ് ഇ.എം.എസിനെ പദ്മവിഭൂഷൺ പുരസ്‌കാരത്തിന് പരിഗണിച്ചത്. കോൺഗ്രസ് ഭരണത്തിൽ നരസിംഹറാവുവായിരുന്നു അന്ന് പ്രധാനമന്ത്രി. റാവുവിന്റെ സർക്കാരിനോട് നയപരമായി യോജിക്കാൻ കഴിയില്ലെന്ന കാരണംപറഞ്ഞാണ് ഇ.എം.എസ്. പുരസ്‌കാരം നിരസിച്ചത്. ഇ.എം.എസിനൊപ്പം, വാജ്പേയിക്കും അന്ന് പദ്മഭൂഷൻ പ്രഖ്യാപിച്ചിരുന്നു. വാജ്പേയി സ്വീകരിക്കുകയും ചെയ്തു.

2022-ലാണ് ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ പദ്മഭൂഷൻ പുരസ്‌കാരത്തിന് പരിഗണിച്ചത്. ‘എനിക്ക് അങ്ങനെയൊന്ന് നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാനത് നിരസിക്കുന്നു’ എന്നായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം. അന്ന് പാർട്ടി ജനറൽസെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ബുദ്ധദേബിന്റെ വാക്കുകൾ ട്വീറ്റ് ചെയ്താണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സി.പി.എം. പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിഞ്ഞതിനുശേഷമായിരുന്നു ബുദ്ധദേബിനെ തേടി പരമോന്നത പുരസ്‌കാരം വന്നത്.

കേരളം രാഷ്ട്രീയമായി പിടിക്കാനുള്ള പടവുകൾ കെട്ടിയൊതുക്കുന്ന ബിജെപിക്ക് അതിനുള്ള സാമൂഹികാന്തരീക്ഷം ഒരുക്കാനുതകുന്ന വിധമാണ് പദ്മാപുരസ്‌കാരത്തിൽ സംസ്ഥാനത്തിന് ലഭിച്ച അംഗീകാരം. ബിജെപിയോട് ഒരുവിട്ടുവീഴ്ചയ്ക്കും ഒരുകാലത്തും തയ്യാറാകാത്ത കമ്യൂണിസ്റ്റ് നേതാവായ വി.എസ്. അച്യുതാനന്ദനെയാണ് മരണാനന്തരബഹുമതിയായി പദ്മവിഭൂഷൺ നൽകി ആദരിച്ചത്. ഒപ്പം, മൂന്നാംവട്ടം പിണറായിസർക്കാർ കേരളത്തിൽ അധികാരത്തിലെത്തണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും മുസ്ലിംവിരുദ്ധ പ്രസ്താവനയിലൂടെ വിവാദത്തിലിടംപിടിക്കുകയും ചെയ്ത വെള്ളാപ്പള്ളി നടേശന് പദ്മഭൂഷനും ലഭിച്ചു.

ഇതുരണ്ടും സംസ്ഥാനസർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മമ്മൂട്ടിയുടെയും കലാമണ്ഡലം വിമലാമേനോന്റെയും പേര് സംസ്ഥാനത്തിന്റെ ശുപാർശപ്പട്ടികയിൽ ഉണ്ടായിരുന്നു. കഴിഞ്ഞതവണയും മമ്മൂട്ടിയെ സർക്കാർ നാമനിർദേശംചെയ്തതാണ്. ‘കേന്ദ്രത്തിന്റെ ശത്രുതാമനോഭാവം’ പ്രചാരണായുധമാക്കുന്ന സിപിഎമ്മിന് നൽകുന്ന സർജിക്കൽ സ്ട്രൈക്കാവും പദ്മപുരസ്‌കാരമെന്ന സൂചന ചില സംഘപരിവാർകേന്ദ്രങ്ങൾ നൽകിയിരുന്നു.

Latest from Blog

error: Content is protected !!