₹4.81 ലക്ഷം കോടി; കേരളത്തിന്റേത് പരിധിവിട്ട കടമെടുപ്പ്; മാനദണ്ഡങ്ങള്‍ ലംഘിച്ചത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും പഠനം

- Advertisement -spot_img

കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയാണെന്നും ഇത് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും പഠനം. ധന ഉത്തരവാദിത്വ ബജറ്റ് നിര്‍വഹണ നിയമം 2003 (Fiscal Responsibility and budget management act FBRM) അനുസരിച്ച് ഒരു സംസ്ഥാനത്തിന്റെ സഞ്ചിത കടം ജി.എസ്.ഡി.പിയുടെ 29 ശതമാനമായി നിലനിറുത്തണം. നിലവില്‍ ജി.എസ്.ഡി.പിയുടെ 33.77 ശതമാനമാണ് കേരളത്തിന്റെ കടം. ഈ മാനദണ്ഡങ്ങള്‍ വര്‍ഷങ്ങളായി ലംഘിക്കുന്നത് കൊണ്ടാണ് കൂടുതല്‍ കടമെടുക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രധനവകുപ്പും റിസര്‍വ് ബാങ്കും തടസം സൃഷ്ടിക്കുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്‌റ്റൈനബിള്‍ ഡവലപ്‌മെന്റ് ആന്റ് ഗവേണന്‍സും (ഐ.എസ്.ഡി.ജി) കേരള സിവില്‍ സൊസൈറ്റിയും നടത്തിയ പഠനത്തില്‍ പറയുന്നു. കേരളത്തിന്റെ ധനസ്ഥിതി നിജസ്ഥിതി പഠനം എന്ന പേരില്‍ സാമ്പത്തിക വിദഗ്ധയായ ഡോ.മേരി ജോര്‍ജാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കാല്‍നൂറ്റാണ്ടിനിടെ വലിയ വര്‍ധന

2000-01 സാമ്പത്തിക വര്‍ഷത്തില്‍ 23,919 കോടി രൂപയായിരുന്നു കേരളത്തിന്റെ സഞ്ചിത കടം. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ സഞ്ചിത കടം 4,81,997.62 കോടി രൂപയാണ്. 1970 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ കടത്തിന്റെ ശരാശരി വളര്‍ച്ച 17.48 ശതമാനമായിരുന്നു. 1996-2000 കാലഘട്ടത്തില്‍ ഇത് 22.98 ശതമാനവും 2000 ദശകം മുഴുവന്‍ മുപ്പത് ശതമാനത്തിന് മുകളിലുമെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലയളവില്‍ (2010-11 മുതല്‍ 2015-16 വരെ) സഞ്ചിതകടം 29 ശതമാനമോ അതിന് താഴെയോ ആയിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2017 മുതല്‍ സഞ്ചിതകടവും ജി.എസ്.ഡി.പിയുമായുള്ള അനുപാതം വീണ്ടും അപകടാവസ്ഥയിലായി. 2022 അവസാനമായപ്പോഴേക്കും കേരളത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് നെഗറ്റീവ് ആയി മാറുകയും സംസ്ഥാനം കടക്കെണിയിലേക്ക് എന്ന ഭയം സാര്‍വത്രികമാവുകയും ചെയ്തു.

കിഫ്ബിയെന്ന കുറുക്കുവഴി

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ സഞ്ചിതകടത്തിന്റെ വളര്‍ച്ച അപകടകരമായ അവസ്ഥയിലെത്തിയെന്നും പഠനം പറയുന്നു. ഇക്കാര്യം മനസിലാക്കിയാണ് റിസര്‍വ് ബാങ്കും കേന്ദ്രധനവകുപ്പും കേരളത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് മറികടക്കാന്‍ കിഫ്ബി വഴിയും വിവിധ പെന്‍ഷന്‍ ഫണ്ടുകളിലൂടെയും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു. ഈ നീക്കത്തെ സാമ്പത്തിക അച്ചടക്കത്തിന്റെ ലംഘനമായി റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും വിലയിരുത്തുന്നതില്‍ അപാകതയുണ്ടെന്ന് തോന്നുന്നില്ല.1980 മുതല്‍ കേരളത്തില്‍ റവന്യൂകമ്മിയും ധനകമ്മിയും വര്‍ധിക്കുന്നത് തടയാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ധനവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മില്‍ ഉരസല്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ നിയമിച്ച പബ്ലിക്ക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെയും ധനവകുപ്പിന്റെയും കൂട്ടായ യത്‌നംകൊണ്ട് റവന്യൂവരുമാന-ജി.എസ്.ഡി.പി അനുപാതം ഉയര്‍ത്താനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഭരണ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം മാതൃകാപരമാണെന്ന് പറയാനാകില്ല. ധനവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മില്‍ ഇടക്കിടെ ഉരസല്‍ ഉണ്ടാകുന്നത് മറനീക്കി പുറത്തുവരുന്നുണ്ട്. സാമ്പത്തിക അച്ചടക്കം മാറ്റിവെച്ച് വകമാറ്റി ചെലവ് ചെയ്യുകയെന്നത് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയാണെന്ന വിമര്‍ശനം ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പരിഹാരമെന്ത്?

  • തനതു വരുമാനം വര്‍ധിപ്പിക്കണം
  • വിഭവ സമാഹരണം മെച്ചപ്പെടുത്തണം, ആഡംബരവും ധൂര്‍ത്തും ഒഴിവാക്കണം
  • വികസനത്തെയും ക്ഷേമപദ്ധതികളെയും ദോഷകരമായി ബാധിക്കാതെ റവന്യൂചെലവുകളില്‍ കുറവു വരുത്തണം
  • മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കണം
  • രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും യോജിച്ച രീതിയിലുള്ള പ്രവര്‍ത്തനം വേണം
  • കേന്ദ്രസര്‍ക്കാരുമായി മികച്ച ബന്ധം നിലനിറുത്തണം
  • സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍/ ശമ്പളം എന്നിവ പരിഷ്‌കരിക്കുന്നത് പത്ത് വര്‍ഷത്തിലൊരിക്കല്‍ മതി
CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img