ഇടുക്കി> പരുന്തുംപാറയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്‌ടർ പുറപ്പെടുവിച്ച നിരോധനാജ്ഞയും നിർമ്മാണ നിരോധനവും കടുത്ത വിമർശനങ്ങൾക്ക് ഇടയാവുകയാണ്. പീരുമേട് വില്ലേജിലെ 534, മഞ്ചുമല വില്ലേജിലെ 441, വാഗമൺ വില്ലേജിലെ 724, 813, 896 എന്നീ സർവേ നമ്പറുകളിൽ ഉൾപ്പെട്ട പ്രദേശത്താണ് മാർച്ച് 3 മുതൽ മേയ് 2 അർദ്ധരാത്രി വരെ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇവിടെയെല്ലാം വ്യാപക കയ്യേറ്റം നടന്നതായി റവന്യൂ വകുപ്പ് കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്‌ടറുടെ നടപടി. എന്നാൽ ജില്ലാ കളക്‌ടറുടെ ഈ നടപടിക്കെതിരെ ഇപ്പോൾ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
കലാപങ്ങളും വർഗ്ഗീയ സംഘർഷങ്ങളും നടക്കുന്ന പ്രദേശങ്ങളിൽപോലും രണ്ടുമാസക്കാലം നിരോധനാജ്ഞ പ്രഖ്യാപിക്കാറില്ല. എന്നാൽ ഭൂമി കയ്യേറ്റം നടന്നുവെന്ന് സംശയിക്കുന്ന പ്രദേശത്താണ് ഇപ്പോൾ 2 മാസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് നിലവിൽ യാതൊരുവിധ സംഘർഷ സാധ്യതകളുമില്ല. ഏതാനും ചില വ്യക്തികൾ മാത്രമാണ് ആരോപണ വിധേയർ. ഇവരെ മുന്നിൽ കണ്ടുകൊണ്ടാണ് ഒരു വലിയ പ്രദേശം മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതോടെ ഈ മേഖല സ്തംഭിച്ചിരിക്കുകയാണ്. നിയമപരമായി അനുമതിയുള്ള കെട്ടിടങ്ങൾപോലും പണിയുവാൻ കഴിയുന്നില്ല. നൂറുകണക്കിന് തൊഴിലാളികൾ രണ്ടുമാസക്കാലം പണിയില്ലാതെ പട്ടിണി കിടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെയുള്ള ഭൂമിയുടെ രേഖകളും കെട്ടിട നിർമ്മാണ അനുമതികളും പരിശോധിക്കുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ ഇത്തരമൊരു പരിശോധനയുടെ പേരിൽ രണ്ടുമാസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ആരും അംഗീകരിക്കുന്നില്ല.
ഇടുക്കി ജില്ലയിൽ വമ്പൻ കൈയ്യേറ്റക്കാരെ തൊടാൻ പോലും കളക്ടർക്ക് സാധിക്കുന്നില്ല.50 നൂറും ഏക്കർ കൈയ്യേറിയിരിക്കുന്നവൻ കോർപറേറ്റുകളോടും ഫിനാൻസ് കമ്പനി മുതലാളിമാരോടും കളക്ടർക്ക് മൃതുസമീപനമാണെന്ന ആരോപണം ശക്തമാണ്. കയ്യേറ്റം നടത്തിയാണ് നിർമ്മാണ പ്രവർത്തനമെങ്കിൽ തെറ്റുകാർക്കെതിരെയും സ്വീകരിക്കുക തന്നെ വേണം. എന്നാൽ അതിൻ്റെ പേരിൽ നിരപരാധികളെ ക്രൂശിക്കുന്നത് അംഗീകരിക്കാനാകില്ല. കൈയ്യേറ്റക്കാരെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമായാണ് ഇതിനെ പലരും വിലയിരുത്തുന്നത്.
>>> തുടരും.