വനിതാ എസ്ഐയുടെ അവധി അപേക്ഷയിൽ കണ്ടെത്തിയ അക്ഷരത്തെറ്റുകളിലൂടെ പുറത്തറിഞ്ഞത് വൻ പരീക്ഷാ ക്രമക്കേട്. രാജസ്ഥാൻ പോലീസിലെ എസ്ഐ എഴുതിയ അവധി അപേക്ഷയിൽ നിറയെ അക്ഷരത്തെറ്റുകൾ കണ്ടെത്തിയതോടെ ഉയർന്ന സംശയവും ഇതിനുപിന്നാലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്(എസ്ഒജി) നടത്തിയ അന്വേഷണവുമാണ് 2021-ൽ നടന്ന എസ്ഐ റിക്രൂട്ട്മെന്റ് പരീക്ഷയിലെ കോപ്പിയടി പുറത്തെത്തിച്ചത്. സംഭവത്തിൽ വനിതാ എസ്ഐയായ മോണിക്ക, പരീക്ഷാ ക്രമക്കേടിന് സഹായിച്ച കലീർ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. കലീറിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജയ്പുർ പോലീസ് അക്കാദമിയിൽ പരിശീലനത്തിലായിരുന്ന എസ്ഐ മോണിക്ക പിന്നീട് ഒളിവിൽപോയി.
കഴിഞ്ഞവർഷം മോണിക്ക സമർപ്പിച്ച ഒരു അവധി അപേക്ഷയാണ് പരീക്ഷാ ക്രമക്കേട് കണ്ടെത്തുന്നതിൽ നിർണായകമായത്. 2024 ജൂൺ അഞ്ചാം തീയതി മുതൽ ജൂലായ് രണ്ടാം തീയതി വരെ മോണിക്ക മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ, അവധിക്ക് ആവശ്യമായ മെഡിക്കൽ രേഖകൾ ഇവർക്ക് സമർപ്പിക്കാനായില്ല. തുടർന്ന് ജോലിയിൽ തിരികെ പ്രവേശിക്കാനായി ഹിന്ദിയിൽ അവധി സംബന്ധിച്ച് മോണിക്ക ഒരു അപേക്ഷ എഴുതി സമർപ്പിച്ചു.
നവംബർ 11-ാം തീയതിയാണ് ഈ അപേക്ഷ എഴുതിനൽകിയത്. പക്ഷേ, അപേക്ഷയിലെ പല വാക്കുകളിലും അക്ഷരത്തെറ്റുകൾ നിറഞ്ഞുനിന്നത് മുതിർന്ന ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. ‘ഞാൻ’, ‘ഇൻസ്പെക്ടർ’, ‘പ്രൊബേഷൻ’ തുടങ്ങി ‘ജുൻജുനു’ എന്ന സ്ഥലപ്പേര് വരെ തെറ്റായാണ് എസ്ഐ എഴുതിയിരുന്നത്. എഴുത്തുപരീക്ഷയിൽ ഇത്രയും മാർക്ക് നേടിയിട്ടും എങ്ങനെയാണ് നിറയെ അക്ഷരത്തെറ്റുകൾ വന്നതെന്ന് ഉദ്യോഗസ്ഥർ ചിന്തിച്ചു. തുടർന്ന് എസ്ഒജി പ്രത്യേക അന്വേഷണം നടത്തിയതോടെയാണ് മോണിക്ക കോപ്പിയടിച്ചാണ് പരീക്ഷ ജയിച്ചതെന്ന് വ്യക്തമായത്. ചോദ്യംചെയ്യലിൽ മോണിക്ക കുറ്റം സമ്മതിക്കുകയുംചെയ്തു. 2021 സെപ്റ്റംബറിൽ അജ്മീറിൽ നടന്ന പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചാണ് മോണിക്ക കോപ്പിയടിച്ചത്. പൗരവ് കലീർ എന്നയാളാണ് ഉത്തരങ്ങൾ നൽകിയതെന്നും ഇതിനായി 15 ലക്ഷം രൂപ നൽകിയെന്നും ഇവർ മൊഴിനൽകിയിരുന്നു. തുടർന്നാണ് പൗരവ് കലീറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
2021-ൽ നടന്ന എസ്ഐ റിക്രൂട്ട്മെന്റിൽ 34-ാം റാങ്ക് നേടിയാണ് മോണിക്ക സർക്കാർ സർവീസിൽ പ്രവേശിച്ചത്. ഹിന്ദി പേപ്പറിൽ മോണിക്കയ്ക്ക് 200-ൽ 184 മാർക്കും പൊതുവിജ്ഞാനത്തിൽ 200-ൽ 161 മാർക്കും ഉണ്ടായിരുന്നു. എന്നാൽ, എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും അഭിമുഖപരീക്ഷയിൽ വെറും 15 മാർക്ക് മാത്രമാണ് മോണിക്കയ്ക്ക് നേടാനായതെന്നും റിപ്പോർട്ടുകളിലുണ്ട്.