തിരുവനന്തപുരം> ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തിൽ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റം. വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചേരയും നീർക്കോലിയും മുതൽ മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഇതോടൊപ്പമുണ്ട്. ഇവയെ കൊന്നാൽ മൂന്നുവർഷത്തിൽ കുറയാതെ, ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും.
ചേരയെ കൊന്നതിൻ്റെ പേരിൽ ആരെയെങ്കിലും ശിക്ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല. എന്നാൽ കൊല്ലുന്നത് കുറ്റകരമാണെന്ന് അവർ പറയുന്നു. സാധാരണ കാണുന്ന എലികൾ, വാവൽ, പേനക്കാക്ക (ബലിക്കാക്ക അല്ല) എന്നിവയെ കൊന്നാൽ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്ടിൻ്റെ പട്ടികകളിൽ പെടുന്നുണ്ട്.
കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ്. നീലക്കാള, പുള്ളിമാൻ, ചിലയിനം പക്ഷികൾ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ ഇപ്പോൾ വെടിവെക്കാൻ അനുമതിയുണ്ടെങ്കിലും ഈ ഷെഡ്യൂളിലെ മറ്റു മൃഗങ്ങളെ കൊന്നാൽ മൂന്നു വർഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
തേനീച്ച, കടന്നൽ എന്നിവയെ സംസ്ഥാന സർക്കാർ 2024-ൽ വന്യജീവികളുടെ കൂട്ടത്തിൽപ്പെടുത്തിയെങ്കിലും ഇവയെ വന്യജീവി സംരക്ഷണ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവയെ നീക്കംചെയ്യേണ്ട ചുമതല വനംവകുപ്പിനില്ല. ഈ ജീവികളുടെ കുത്തേറ്റ് മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്ന നടപടികൾ ലഘൂകരിക്കാൻ വേണ്ടിയാണ് ഇവയെ വന്യജീവിപ്പട്ടികയിലാക്കിയത്.
ചേരയെ കൊന്നാൽ 7 വർഷം വരെ തടവും 25000 രൂപ പിഴയും
