അച്ഛന്റെ വഴിയെ കാക്കിയണിഞ്ഞു; ചേട്ടനെ പോലെ തിരിച്ചു പോക്ക്; പ്രഫുല്ലചന്ദ്രന്‍ മടങ്ങുന്നത് പോലീസിനും നാടിനും നന്മകള്‍ നല്‍കി

- Advertisement -spot_img

ആലപ്പുഴ> നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ അലുവ ഡിവൈഎസ്പിയായിരുന്നു കെബി പ്രഫുല്ലചന്ദ്രന്‍. ആ കേസില്‍ അന്ന് ചടുലമായ നീക്കങ്ങള്‍ നടത്തി ശ്രദ്ധ നേടിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു പ്രഫുല്ലചന്ദ്രന്‍. കുപ്രസിദ്ധമായ പല കേസുകള്‍ക്ക് തുമ്പുണ്ടാക്കാനും പ്രഫുല്ലചന്ദ്രനായി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പോലീസിന് കൈയ്യടി വാങ്ങി കൊടുത്ത ഉദ്യോഗസ്ഥന്‍. സമരക്കാരുടെ കണ്ണിലുണ്ണിയായ ചരിത്രവും ഈ പോലീസുകാരനുണ്ട്. ചേട്ടനെ പോലെ അനുജനും സര്‍വ്വീസില്‍ തൊപ്പിയൂരുന്നതിന് മുമ്പേ മാഞ്ഞു പോവുകയാണ്. മാവേലിക്കര ചെന്നിത്തല ചെറുകോല്‍ വാരോട്ടില്‍ പരേതരായ കെ. ഭാസ്‌കരന്‍ നായരുടെയും പി. തങ്കമ്മയുടെയും മക്കളായി ആലപ്പുഴ ഡിവൈഎസ്പി രവീന്ദ്രപ്രസാദ് 2011 ജനുവരിയിലും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ (55) ഇന്നലെയുമാണ് മരിച്ചത്. രണ്ടു പേരും സേനയുടെ അഭിമാനമായിരുന്നു.

സമരക്കാര്‍ പോലീസ് സേനയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ് ചരിത്രം. പോലീസുകാരെ കാണുന്നത് പോലും അവര്‍ക്ക് ഇഷ്ടമില്ല. സമരക്കാരെ കൈകാര്യം ചെയ്യുന്ന പോലീസ് എന്ന പേരു ദോഷം കേരളാ പോലീസിന് മാറിയത് മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിനിടെയാണ്. പെമ്പിളൈ ഒരുമൈ’ സമരക്കാര്‍ക്കിടയില്‍ പ്രഭുലചന്ദ്രന്‍ നേടിയെടുത്ത സ്വീകാര്യത പോലീസ് സേനയും, കേരളീയ പൊതുസമൂഹം ആദരവോടെയും നോക്കി കണ്ടിരുന്നത്. ആത്മാര്‍ത്ഥതയോടെ തന്റെ കൃത്യ നിര്‍വഹണം നടത്തിയിരുന്ന പ്രഭുലചന്ദ്രന്‍ സഹപ്രവര്‍ത്തകര്‍ക്കും പ്രചോദനമായിരുന്നു. അടിമാലിയെ നടുക്കിയ രാജധാനി കൂട്ടക്കൊലക്കേസിലെ പ്രതികളെ പിടികൂടിയതും പ്രഫുല്ലചന്ദ്രന്റെ മികവായിരുന്നു. ആ മികവാണ് പോലീസ് സേനയ്ക്ക് നഷ്ടമാകുന്നത്.

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നയിച്ച ‘പെമ്പിളൈ ഒരുമൈ’ സമരം ചര്‍ച്ചകളിലൂടെ രമ്യതയിലാക്കി വിജയിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചയാളായിരുന്നു അന്നത്തെ മൂന്നാര്‍ ഡിവൈസ്പി പ്രഫുല്ലചന്ദ്രന്‍. സമരം വിജയമായപ്പോള്‍ പ്രഫുല്ലചന്ദ്രനെ എടുത്തുയര്‍ത്തിയാണ് തൊഴിലാളികള്‍ ആഹ്‌ളാദ പ്രകടനം നടത്തിയത്. ആയിരക്കണക്കിന് സ്ത്രീതൊഴിലാളികള്‍ ആര്‍ഒ ജങ്ഷനില്‍ തടിച്ചുകൂടിയെങ്കിലും അവരെ നിയന്ത്രിക്കുന്നതില്‍ പോലീസ് വിജയിച്ചു. ദിവസങ്ങള്‍നീണ്ട സമരത്തില്‍ ഒരിക്കലും സമരക്കാര്‍ക്കുനേരേ പോലീസിന് ബലംപ്രയോഗിക്കേണ്ടിവന്നില്ല. സൗമ്യതയോടെ സമരക്കാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. സമരം അവസാനിക്കുമ്പോള്‍ ‘സുരക്ഷയൊരുക്കാന്‍ പോലീസ്, പണിയെടുക്കാന്‍ തൊഴിലാളികള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരക്കാര്‍ പോലീസിന് നന്ദി അറിയിച്ചത്.

പ്രഫുല്ലചന്ദ്രന്റെ മൂത്ത സഹോദരന്‍ രവീന്ദ്രപ്രസാദ് ഡിവൈഎസ്പിയായിരുന്നു. ഇരുവരുടെയും ജോലിയിലും, വിയോഗത്തിലും സമാനതകള്‍ ഏറെയാണ്. സര്‍വീസില്‍ ഇരിക്കെയാണ് ജേഷ്ടനായ രവീന്ദ്രപ്രസാദ് മരിച്ചത്. സഹോദരനു പിന്നാലെ ഇളയ സഹോദരനും ഡിവൈഎസ്പിയായിരിക്കെ മരിച്ചു. ഇത് നാടിനും ദുഖമായി. റിട്ട സബ് ഇന്‍സ്‌പെക്ര്‍ മാവേലിക്കര ചെറുകോല്‍ വരോട്ടില്‍ വീട്ടില്‍ കെ.ഭാസ്‌ക്കരന്‍നായരുടെ ഏഴ് മക്കളില്‍ രണ്ട് ആണ്‍മക്കളാണ് പൊലീസ് ഉദ്യോഗസ്ഥരായത്. രവീന്ദ്രപ്രസാദും, പ്രഫുലചന്ദ്രനും. ഒരുകാലത്ത് മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനുമായി സഹോദരന്മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. അച്ഛന്‍ കാക്കിയോട് കാട്ടിയ അതേ സമീപനം മക്കളും സര്‍വ്വീസില്‍ തുടര്‍ന്നു.

ആലപ്പുഴയില്‍ 2011 ജനുവരി 25ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടന്ന മോക് ഡ്രില്ലിന് ഇടയ്ക്ക് ഫയര്‍ എഞ്ചിന് ഇടയില്‍ കുടുങ്ങിയുണ്ടായ ദാരുണമായ അപകടത്തിലാണ് അന്ന് ആലപ്പുഴ ഡിവൈഎസ്പിയായിരിക്കെ പ്രഫുല്ലചന്ദ്രന്റെ ജേഷ്ഠന്‍ രവീന്ദ്രപ്രസാദ് മരിച്ചത്. പ്രഫുല്ലചന്ദ്രന്റെ മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞ 3ന് ചെറുകോലിലെ വസതിയിലെത്തി. സംസ്‌കാരം ഇന്ന് 3ന് ചെന്നിത്തല ചെറുകോല്‍ ക്ഷേത്രത്തിനു സമീപമുള്ള വാരോട്ടില്‍ വീട്ടുവളപ്പില്‍ നടക്കും. ആലുവ സിഐ ആയും ഡിവൈഎസ്പി ആയും ജോലി നോക്കിയ പ്രഫുല്ലചന്ദ്രന്‍ നടന്‍ ദിലീപിനെതിരായ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈ കേസില്‍ അദ്ദേഹം അന്നെടുത്തത്. അതും കൈയ്യടി നേടിയിരുന്നു.

പിതാവിന്റെ ഓര്‍മയ്ക്കു ശ്രാദ്ധമൂട്ടാന്‍ നടന്‍ ദിലീപിനെ സബ് ജയിലില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിച്ചതു കനത്ത സുരക്ഷാ സന്നാഹത്തോടെ പ്രഫുല്ലചന്ദ്രനായിരുന്നു. റിമാന്‍ഡില്‍ കഴിയവേ ബലികര്‍മങ്ങള്‍ നടത്താന്‍ ദിലീപിന് എട്ടു മുതല്‍ പത്തു വരെയാണ് കോടതി സമയം അനുവദിച്ചത്. ഏഴരയോടെ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ ജയിലിനുള്ളിലെത്തി കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ ദിലീപിനെ വായിച്ചു കേള്‍പ്പിച്ചു. വീട്ടുകാര്‍ക്കൊപ്പം അര മണിക്കൂര്‍ ചെലവഴിച്ച ശേഷം ജീന്‍സ് ഒഴിവാക്കി വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് ദിലീപ് മടങ്ങിയത്. പൂമുഖത്തുനിന്ന് ഇറങ്ങാന്‍ നേരം അമ്മ സരോജത്തെ വാരിപ്പുണര്‍ന്നു. സഹോദരന്‍ അനൂപിന്റെ ഭാര്യ സബിതയെയും ഭാര്യ കാവ്യയുടെ അച്ഛന്‍ മാധവനെയും ആശ്ലേഷിച്ചു. കാവ്യയും മകള്‍ മീനാക്ഷിയും പൊലീസ് ജീപ്പിനടുത്തു വരെ അനുഗമിച്ചു. ഇതിന് സാക്ഷിയായ ഉദ്യോഗസ്ഥനാണ് പ്രഫുല്ലചന്ദ്രന്‍.

ഇടുക്കി അടിമാലിയിലെ രാജധാനി ലോഡ്ജ് ഉടമ കുഞ്ഞുമുഹമ്മദിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ ഹൈക്കോടതി ശരിവക്കുമ്പോഴും നിറഞ്ഞത് പ്രഫുല്ലചന്ദ്രന്റെ അന്വേഷണ മികവാണ്. കര്‍ണ്ണാടക സ്വദേശികളായ മധുസൂദന്‍, മഞ്ജുനാഥ്, രാഘവേന്ദ്ര എന്നിവരായിരുന്നു പ്രതികള്‍. വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് തള്ളി.2013 ഫെബ്രുവരി 12ന് രാത്രി ലോഡ്ജ് ഉടമ അടിമാലി പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദിനെയും ഭാര്യ ആയിഷ, ഭാര്യയുടെ അമ്മ നാച്ചി എന്നിവരെയും കൊലപ്പെടുത്തി 19.5 പവന്‍ സ്വര്‍ണം, 35,000 രൂപയടക്കം കവര്‍ന്ന കേസ് തെളിയിച്ചതും പ്രഫുല്ലനായിരുന്നു. നാലു നിലകളുള്ള ലോഡ്ജിലെ ഒന്നാം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. തുണിക്കച്ചവടത്തിനായി ഈ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു പ്രതികള്‍.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img