ദില്ലി> ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കാറ്റ്സ് (CATS- കോംബാറ്റ് എയർ ടീമിങ് സിസ്റ്റം) വോറിയർ പദ്ധതി പൂർണതയിലേക്ക് അടുക്കുന്നു. ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്ന ആളില്ലാ യുദ്ധവിമാനത്തിന്റെ (അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിൾ ) ആദ്യത്തെ പരീക്ഷണ പറക്കൽ 2026-ൽ നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിനായുള്ള പ്രോട്ടോ ടൈപ്പ് വികസനം അന്തിമഘട്ടത്തിലാണ്.
യുദ്ധവിമാനങ്ങൾക്കൊപ്പമോ അല്ലാതെയോ യുദ്ധമുഖത്ത് ആക്രമണം നടത്തുക എന്നത് ഉദ്ദേശിച്ചാണ് ‘കാറ്റ്സ് വോറിയർ’ വികസിപ്പിക്കുന്നത്. യുദ്ധവിമാനത്തിലെ പൈലറ്റിന് നിയന്ത്രിക്കാൻ സാധിക്കുന്ന തരത്തിൽ ഈ ആളില്ലാ യുദ്ധവിമാനം അതിന്റെ മദർ ഷിപ്പുമായി ഡാറ്റാ ലിങ്ക് വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കും. പരീക്ഷണത്തിനായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റിന്റെ (എച്ച്.എ.എൽ) പരിശീലന വിമാനമായ കിരണിനെയാകും കാറ്റ്സ് വോറിയറിന്റെ മദർ എയർക്രാഫ്റ്റായി ഉപയോഗിക്കുക. ഇതിനായി കിരൺ വിമാനത്തിന്റെ ഏവിയോണിക്സിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്.
കാറ്റ്സ് വാരിയറിന്റെ ഗ്രൗണ്ട് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിലവിൽ കരുത്ത് കുറഞ്ഞ എൻജിനാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. പറക്കാൻ ഇത് ധാരാളമാണെങ്കിലും ആയുധങ്ങളും മറ്റുമായി പറന്നുയരാനും കൂടുതൽ നേരം പറക്കാനുമൊക്കെ ശക്തിയേറിയ എൻജിൻ ആവശ്യമാണ്. ഇതിനായി വിദേശ കമ്പനികളുമായി ചേർന്ന് വലിപ്പം കുറഞ്ഞ ജെറ്റ് എൻജിൻ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ കാറ്റ്സ് വോറിയർ പദ്ധതിയിൽ സഹകരിക്കാൻ ബ്രിട്ടീഷ് കമ്പനിയായ റോൾസ് റോയ്സ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
വരുംമാസങ്ങളിൽ കാറ്റ്സ് വാരിയർ ആളില്ലാ യുദ്ധവിമാനത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിരവധി പരീക്ഷണങ്ങൾ വരും മാസങ്ങളിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവ പൂർത്തിയായതിന് ശേഷമെ പറക്കൽ പരീക്ഷണം ഉണ്ടാകു. വ്യോമസേനയെ സംബന്ധിച്ച് നിർണായകമാണ് കാറ്റ്സ് വോറിയർ പദ്ധതി.
ഭാവി യുദ്ധങ്ങളിൽ ആളില്ലാ യുദ്ധവിമാനങ്ങളും ചെറു ഡ്രോണുകളുമൊക്കെ വലിയ പങ്കുവഹിക്കുമെന്നതിനാൽ ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) സൈന്യത്തന്റെ ഭാഗമാകുമ്പോൾ അവയ്ക്കൊപ്പം പ്രവർത്തിക്കാനായാണ് കാറ്റ്സ് വോറിയർ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സമീപഭാവിയിൽ തന്നെ നിലവിലുള്ള യുദ്ധവിമാനങ്ങളെയും കാറ്റ്സ് വോറിയറിന്റെ ഭാഗമാക്കാനാണ് സാധ്യത.