ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് - കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് - Kerala Times    

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും വേണം  : ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

June 13, 2026

തിരുവനന്തപുരം> ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് ആണെന്നും ഇതിനെതിരെ കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും നടപ്പിലാക്കണമെന്നും ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്ലോഗർമാരുടെ അതിപ്രസരമാണ് ഇപ്പോള്‍ കേരളത്തില്‍. പ്രമോഷന്‍ പരസ്യങ്ങളും വാര്‍ത്തകളുമൊക്കെ ഇവര്‍ മത്സരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നത്  നിയമങ്ങളും ചട്ടങ്ങളുമൊക്കെ കാറ്റില്‍പ്പറത്തിയാണ്. പ്രതിഫലം വാങ്ങിക്കൊണ്ട് ബ്ലോഗര്‍മാര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന അറിവുകള്‍ ജനങ്ങളില്‍ തെറ്റിധാരണയും ഭീതിയുമാണ് ജനിപ്പിക്കുന്നത്. ഇതിലൂടെ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയാകുകയാണ്. ഇന്റര്‍നെറ്റും ഫോണും അല്‍പ്പം വാക്ക്ചാതുര്യവും ഉള്ളവര്‍ എല്ലാം ഇന്ന് ബ്ലോഗര്‍മാരാണ്, വാര്‍ത്താ അവതാരകരാണ്, ഇത് വളരെ ഗുരുതരമായ ഭവിഷ്യത്തും തെറ്റിധാരണകളുമാണ് സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. ശക്തമായ നിയന്ത്രണങ്ങളും നിയമങ്ങളും ഇതിനെതിരെ ഉണ്ടായില്ലെങ്കില്‍ സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങള്‍ താമസ്കരിക്കുവാന്‍ ഇടയാകും.

അടുത്ത നാളില്‍ നടന്ന മരണാന്തര ചടങ്ങുകളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ ചില ബ്ലോഗര്‍മാര്‍ കാട്ടിക്കൂട്ടിയ വികൃതികള്‍ ചെറുതല്ല. ഇവരുടെ പക്വതയില്ലായ്മയും  നിയമവിരുദ്ധമായ നടപടികളും മൂലം കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഴുവന്‍ പ്രതിക്കൂട്ടിലായി തെറ്റിദ്ധരിക്കപ്പെട്ടു. സോഷ്യല്‍ മീഡിയ പേജിലും യുടുബ് ചാനലിലും അക്കൌണ്ട്  എടുത്തവരൊക്കെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നാണ് ഇന്ന് അറിയപ്പെടുന്നത്. എന്നാല്‍ യഥാര്‍ഥ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പൂര്‍ണ്ണമായും നിയമപരമായി പ്രവര്‍ത്തിക്കുന്നവ ആയിരിക്കും. ഇവയെ വെബ്‌ പോര്‍ട്ടല്‍ എന്നാണ് അറിയപ്പെടുന്നത്. സ്വന്തമായി വെബ്സൈറ്റും സെര്‍വറും ഓഫീസും ജീവനക്കാരുമൊക്കെയായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ആധികാരികതയുള്ളതും തെളിവുകള്‍ ലഭിച്ചിട്ടുള്ളതുമായ വാര്‍ത്തകള്‍ മാത്രമേ പബ്ലിഷ് ചെയ്യൂ. നല്‍കിയ വാര്‍ത്തകളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിത ത്രിതല സംവിധാനവും ഇവര്‍ക്ക് ഉണ്ടാകും. ഇവരുടെ വെബ്സൈറ്റില്‍ GRIEVANCE സംവിധാനവും ഇവര്‍ സ്ഥാപിച്ചിരിക്കും. ഇവിടെ നല്‍കുന്ന  പരാതിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്റ്റിംഗ് മിനിസ്ട്രിയില്‍ പരാതി നല്‍കുകയും ചെയ്യാം.

എന്നാല്‍ ബ്ലോഗര്‍മാര്‍ക്ക്  ഈ നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് എന്തും വിളിച്ചുപറയാം. ആരോടും ഒരു ബാധ്യതയുമില്ല, ആകെയുള്ള ബാധ്യത പണം നല്‍കിയവരോട് മാത്രമാണ്. ശവസംസ്കാര ചടങ്ങുകളും വിവാഹവും ലൈവ് സ്ട്രീമിംഗ് നടത്തുന്നവര്‍ പോലും ഇന്ന് മീഡിയ, പ്രസ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിപ്പിച്ച് ജനങ്ങളെയും ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിന് മാറ്റം വന്നേ മതിയാകൂ. സ്വകാര്യ ചടങ്ങുകള്‍ ലൈവ് സ്ട്രീമിംഗ്  നടത്തുന്നവര്‍ എങ്ങനെ MEDIA, PRESS വിഭാഗത്തില്‍ വരും. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍ ചാനലുകള്‍ക്കും അവയിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ നല്‍കുകയും ഇവര്‍ക്ക് നിയമപരമായ പരിരക്ഷ ഒരുക്കുകയുംവേണം. ഒപ്പംതന്നെ ബ്ലോഗര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവേഴ്സിനും ആവശ്യമായ നിയന്ത്രണങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുകയും വേണം.

Leave a Reply

Your email address will not be published.

Latest from Blog

error: Content is protected !!