ഹൈറിച്ച് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്;  തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷ - Kerala Times    

ഹൈറിച്ച് തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്;  തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷ

July 25, 2025
High Rich Fraud

കൊച്ചി> സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ ഒന്നായ ഹൈറിച്ച് തട്ടിപ്പിൽ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഹൈറിച്ച് തട്ടിപ്പുകേസിലെ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ 200 കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. പലിശയായി ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായവരുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് 200 കോടി രൂപ കണ്ടെത്തിയത്.

തട്ടിപ്പിന് ഇരയായവര്‍ തങ്ങളുടെ പണം തിരികെ ലഭിക്കുമോ എന്ന് കടുത്ത ആശങ്കയിലായിരുന്നു. തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന തീരുമാനം കൂടിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 1500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായായിരുന്നു ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 200 കോടി രൂപയോളം കണ്ടെത്തിയത്. ഹൈറിച്ച് ഉടമകളുടെ പക്കല്‍ നിന്നും 212 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഈ പണം രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്. നിക്ഷേപരില്‍ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്ത കോടികള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ.ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് തട്ടിപ്പെന്ന് ഇ.ഡി കോടതിയോട് പറഞ്ഞത്.

മെമ്പര്‍ഷിപ്പ് ഫീ എന്ന പേരില്‍ പ്രതികള്‍ മാത്രം തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളില്‍നിന്ന് കോടികള്‍ സമാഹരിച്ചു. ഇപ്പോഴും തട്ടിപ്പിൻ്റെ പൂർണ്ണ തോതിലുള്ള കണക്കുകൾ പുറത്ത് വന്നിട്ടില്ല. ഹൈറിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ആറാട്ടുപുഴ കൊല്ലാട്ട് പ്രതാപന്‍, ഭാര്യ ശ്രീനാ പ്രതാപന്‍ എന്നിവരുടെ പേരിലുള്ള ഭൂസ്വത്തും 66 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളുമാണ് കണ്ടുകെട്ടിയിരുന്നു.

വ്യത്യസ്ത പേരുകളിലുളള സ്‌കീമുകളിലേക്ക് വലിയ തുകകള്‍ വന്‍ പലിശ വാഗ്ദാനം ചെയ്ത് അനധികൃതമായി നിക്ഷേപമായി സ്വീകരിച്ചും കൂടുതല്‍ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുമാണ് ഹൈറിച്ച് ഉടമകള്‍ തട്ടിപ്പു നടത്തിയത്. കമ്പനി വ്യാജ ബോണ്ടുകള്‍ അടക്കം സംഘടിപ്പിച്ചിരുന്നു. ഹൈറിച്ച് ഗ്രോസറി ബിസിനസ്, ഫാം സിറ്റി, എച്ആര്‍ ക്രിപ്‌റ്റോ, എച്ആര്‍ ഒടിടി തുടങ്ങി പദ്ധതികള്‍ പ്രഖ്യാപിച്ചു വലിയ ലാഭ വിഹിതം വാഗ്ദാനം ചെയ്താണു നിക്ഷേപകരെ കബളിപ്പിച്ചു പ്രതികള്‍ പണം തട്ടിയെടുത്തത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നിക്ഷേപകര്‍ക്കു കോടതിയെ സമീപിക്കുകയായിരുന്നു. ഏകദേശം പതിനായിരത്തിലധികം കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രതികള്‍ വിദേശത്തേക്കു കടത്തിയ പണം കണ്ടെത്തി തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മാത്രമേ മുഴുവന്‍ നിക്ഷേപകര്‍ക്കും പണം തിരികെ ലഭിക്കുകയുള്ളു.

READ More  ഐഎംഎ വാദം പൊളിച്ച് ഹൈക്കോടതിയുടെ വിപ്ലവ വിധി; ആരോഗ്യം മനുഷ്യാവകാശം, പൊതുജനാരോഗ്യം മെച്ചപ്പെടുത്തേണ്ടത് സംസ്ഥാന കടമ; ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും ആശുപത്രികളില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കാണാനാവും വിധം പ്രദര്‍ശിപ്പിക്കണം; ആരോഗ്യ കച്ചവടം പൊളിക്കുന്ന ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ സുപ്രധാന നിരീക്ഷണങ്ങൾ

Latest from Blog

error: Content is protected !!