നാവികശക്തി വര്‍ധിപ്പിക്കാന്‍ പുതിയ അത്യാധുനിക ഭീമന് യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഇന്ത്യ. പ്രോജക്ട് 18 എന്നപേരില്‍ നിര്‍മിക്കുന്ന കപ്പലിന് 13,000 ടണ്‍ കേവുഭാരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പക്കലുള്ള വിശാഖപട്ടണം ക്ലാസില്‍ വരുന്ന യുദ്ധക്കപ്പലുകളാണ് നിലവില്‍ വലിപ്പത്തില്‍ ഒന്നാമത്. 7,400 ടണ്‍ കേവുഭാരമാണ് ഇവയ്ക്കുള്ളത്. ഇവയെ മറികടക്കുന്നവയാണ് പ്രോജക്ട് 18-ന്റെ ഭാഗമായി നിര്‍മിക്കാന്‍ പോകുന്നത്. 10,000 ടണ്ണിന് മുകളില്‍ ഭാരമുള്ള യുദ്ധക്കപ്പലുകള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ക്രൂസര്‍ വിഭാഗത്തില്‍ വരും. ഇന്ത്യയ്ക്ക് നിലവില്‍ ഈ വിഭാഗത്തില്‍ വരുന്ന യുദ്ധക്കപ്പലുകളില്ല. പ്രോജക്ട് 18 പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയും ഈ ഗണത്തിലുള്ള യുദ്ധക്കപ്പലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ ശ്രേണിയിലേക്കുയരും. ആറുമുതല്‍ 10വരെ യുദ്ധക്കപ്പലുകള്‍ നിര്‍മിച്ചേക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ നെക്സ്റ്റ് ജനറേഷന് ഡിസ്ട്രോയര്‍ ( NGD) എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രോജക്ട് 18 വിഭാവനം ചെയ്തിരിക്കുന്നത്. യുദ്ധക്കപ്പലിന്റെ രൂപരേഖ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ ( WDB) പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. കപ്പല്‍ നിര്‍മാണത്തിന് ഏഴ്-എട്ട് വര്‍ഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ നാവികസേനയുടെ മേധാവിത്വം ഉറപ്പിക്കാനുതകുന്ന യുദ്ധക്കപ്പലാണ് വരാന്‍ പോകുന്നത്. കുത്തനെ മിസൈലുകള്‍ വിക്ഷേപിക്കാന്‍ സഹായിക്കുന്ന 114 വെര്‍ട്ടിക്കല്‍ ലോഞ്ച് സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കപ്പലില്‍ ഇന്ത്യ തദ്ദേശീയമായി വകസിപ്പിച്ച മിസൈലുകളാകും ഉപയോഗിക്കുക. ബ്രഹ്മോസ്, ബ്രഹ്മോസ് നെക്റ്റ് ജനറേഷന്, ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ (LR-LACM), പ്രിസിഷന്‍ ഗൈഡഡ് ലോങ് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ ( PGLRSAM), ഷോര്‍ട്ട് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ ( SRSAM), സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ടോര്‍പ്പീഡോ (SMART) എന്നീ ആയുധങ്ങളാകും ഉപയോഗിക്കുക.
ഭാവിയില്‍ ഇന്ത്യ വികസിപ്പിക്കുന്ന ഹൈപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലും കപ്പലിൽ സ്ഥാനം പിടിക്കും. ഇതിന് പുറമെ രണ്ട് മള്‍ട്ടിറോള്‍ ഹെലികോപ്റ്ററുകളെയും വഹിക്കാനാകും. ആളില്ലാ അന്തര്‍വാഹിനികള്‍, കാമികാസെ ഡ്രോണുകള്‍ എന്നിവയേയും ഇതിന് വഹിക്കാനാകും. നിരീക്ഷണത്തിനും ശത്രുക്കളുടെ അന്തര്‍വാഹിനികളെ ആക്രമിക്കുന്നതിനും മൈനുകള്‍ കണ്ടെത്തുന്നതിനുമാണ് ഈ ആയുധങ്ങള്‍. ഡിആര്‍ഡിഒ വികസിപ്പിച്ച ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്ഡ് അരെ (AESA) റഡാര്‍, ലോങ് റേഞ്ച് മള്‍ട്ടി ഫങ്ഷന് റഡാര്‍ ( LRMFR), എസ് ബാന്‍ഡ് ആക്ടീവ് അരെ ആന്റിന യൂണിറ്റ് ( AAAU), വോളിയം സ്കാന്‍ റഡാര്‍ എന്നിവയാണ് നിരീക്ഷണത്തിനും എതിരേ വരുന്ന മിസൈലുകളെയും യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും അന്തര്വാഹിനികളെയുമൊക്കെ കണ്ടെത്താനായി ഉപയോഗിക്കുക. 360 ഡിഗ്രി നിരീക്ഷണമാണ് ഈ റഡാറുകള്‍ ഉറപ്പുവരുത്തുക.
500 കിലോമീറ്റര്‍ അകലെനിന്നുള്ള ആക്രമണങ്ങളെപോലും കണ്ടെത്താന്‍ റഡാറുകള്‍ക്ക് സാധിക്കും. ശത്രുക്കളുടെ റഡാര്‍ നിരീക്ഷണങ്ങളെ മറികടക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സ്റ്റെല്‍ത്ത് രൂപകല്‍പ്പനയാണ് പ്രോജക്ട് 18 യുദ്ധക്കപ്പലുകള്ക്കുള്ളത്. ഇവയ്ക്ക് റഡാര്‍ തരംഗങ്ങളെ ആഗീരണം ചെയ്യാനും സാധിക്കും. അതിനാല്‍ ശത്രുക്കള്‍ക്ക് കപ്പലിനെ ദൂരെനിന്ന് തിരിച്ചറിയുന്നത് പ്രയാസമേറിയ പ്രയത്നമായി മാറും. അത്യാധുനിക ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലാകും കപ്പല്‍ മുന്നോട്ടുകുതിക്കുക. ഇതിനായുള്ള ഗ്യാസ് ടര്‍ബൈനും ഡീസല്‍ ജനറേറ്ററും കപ്പലിലുണ്ടാകും. യുദ്ധക്കപ്പലിന്റെ 75 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചവയായിരിക്കും. സാധാരണഗതിയില്‍ ഇന്ത്യ ഒരു ക്ലാസില്‍ പെട്ട യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുമ്പോള്‍ അവയുടെ എണ്ണം ആറെണ്ണത്തിലൊതുങ്ങും. എന്നാല്‍, ആ കീഴ്വഴക്കം പ്രോജക്ട് 18-ന്റെ കാര്യത്തില്‍ മാറ്റിയെഴുതും. നിര്‍മാണം പൂര്‍ത്തിയായാല്‍ എണ്ണം 24 വരെ ആയി ഉയര്‍ത്താനും സാധ്യതയുണ്ട്.
അടുത്ത 30 വര്‍ഷത്തേക്കുള്ള സാധ്യതകള്‍ മുന്നില്‍കണ്ടുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. 2035 ആകുമ്പോഴേക്കും 175 യുദ്ധക്കപ്പലുകളുള്ള സുശക്തമായ നാവികസേനയുള്ള രാജ്യമായി മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യ. പ്രോജക്ട് 18 ഡിസൈന്‍ അനുസരിച്ചുള്ള ഒരു കപ്പല്‍ നിര്മിക്കണമെങ്കില് കുറഞ്ഞത് 17,570 കോടി രൂപവരെയെങ്കിലും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത് എന്നിവയുടെ നേതൃത്വത്തിലുള്ള കാരിയര്‍ ബാറ്റില്‍ ഗ്രൂപ്പിന് കരുത്ത് പകരാനാണ് പുതിയ കപ്പലുകള്‍. നിലവില്‍ വിവിധ ഗണത്തിലുള്ള 64 കപ്പലുകള്‍ ഇന്ത്യയിലെ വിവിധ കപ്പല്‍ നിര്‍മാണശാലകളിലായി നിര്‍മാണം പുരോഗമിക്കുകയാണ്.
എന്നിരുന്നാലും ചൈനീസ് നാവികസേനയുമായുള്ള അന്തരം വളരെ വലിയതാണ്. ഈ കുറവ് മറികടക്കാനാണ് പ്രോജക്ട് 18. പദ്ധതിക്കായി പ്രതിരോധ ബജറ്റില്‍ വലിയ തുക നീക്കിവയ്ക്കേണ്ടിവരും. നിലവില്‍ ജിഡിപിയുടെ 1.9 ശതമാനമാണ് ഇന്ത്യയുടെ പ്രതിരോധ വിഹിതം. ഈ രീതിക്ക് മാറ്റമുണ്ടാകണം. മാത്രമല്ല, ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും വേണം. എന്തായാലും 2026-ല്‍ ഇതിനായുള്ള നടപടികള്‍ തുടങ്ങുമെന്നാണ് വിവരം. കപ്പല്‍ നിര്‍മിക്കാനുള്ള താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് ഒരു വിജ്ഞാപനം 2026-ല്‍ പ്രതീക്ഷിക്കാം. 2028-ല്‍ തിരഞ്ഞെടുക്കുന്ന കപ്പല്‍ നിര്‍മാണശാലയ്ക്ക് കരാറും കൊടുക്കും. ഇതാണ് നിലവിലെ ടൈംലൈന്‍. ഇതനുസരിച്ച് ആദ്യത്തെ കപ്പല്‍ നാലുമുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റുള്ളവയും.
