സിപിഎമ്മിൽ ഗുരുതര പ്രതിസന്ധി; ഫെമ നിയമ ലംഘനം; 'പാര്‍ട്ടിക്ക് കൊടുത്ത പരാതി കോടതിയിലെത്തി, ചോർത്തിയത് എം വി ഗോവിന്ദൻ്റെ മകനോ? - Kerala Times    

സിപിഎമ്മിൽ ഗുരുതര പ്രതിസന്ധി; ഫെമ നിയമ ലംഘനം; ‘പാര്‍ട്ടിക്ക് കൊടുത്ത പരാതി കോടതിയിലെത്തി, ചോർത്തിയത് എം വി ഗോവിന്ദൻ്റെ മകനോ?

August 17, 2025
sharshad 1 1

തിരുവനന്തപുരം> സിപിഎം നേതാക്കളുമായുള്ള സാമ്പത്തിക ഇടപാട് അടക്കമുള്ള കാര്യങ്ങൾ പരാമർശിക്കുന്ന പരാതി സ്വകാര്യ അന്യായത്തിനൊപ്പം കോടതിയിൽ എത്തിയ സംഭവത്തിൽ പ്രതികരണവുമായി പരാതിക്കാരനായ വ്യവസായി ഷർഷാദ്. 2022ൽ ചെന്നെയിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ നൽകിയ പരാതി പോളിറ്റ്ബ്യൂറോ നടപടികൾക്ക് ശേഷം സംസ്ഥാന കമ്മിറ്റിയിലേക്ക് കൈമാറിയിരുന്നു. ഈ പരാതി സംസ്ഥാന കമ്മിറ്റിയിൽനിന്നാണ് ചോർന്നതെന്ന് ഷർഷാദ് ആരോപിച്ചു. അതിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകന് പങ്കുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കോൺഗ്രസ് പ്രതിനിധിസ്ഥാനത്തുനിന്ന് മാറ്റിയെന്ന വാർത്ത സംബന്ധിച്ച് ലണ്ടൻ പ്രതിനിധി രാജേഷ് കൃഷ്ണ മാധ്യമങ്ങൾക്കെതിരേ ഡൽഹി ഹൈക്കോടതിയിൽ നൽകിയ മാനനഷ്ടക്കേസിലാണ് ഷർഷാദ് പാർട്ടിക്ക് നൽകിയ പരാതി കോടതിയിലെത്തിയത്.

പരാതിയിൽ ഗുരുതര ആരോപണങ്ങൾ
തമിഴ്നാട്ടിൽ രജിസ്റ്റർചെയ്ത ഒരു കമ്പനിയിലേക്ക് വിദേശത്തുനിന്ന് വൻതോതിൽ പണം അയക്കുകയും അത് പ്രത്യേക അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇങ്ങനെ വ്യക്തിഗത അക്കൗണ്ടുകളിലേക്കുവന്ന പണം ഇടതുപക്ഷത്തെ നേതാക്കൾക്ക് നൽകി. തിരഞ്ഞെടുപ്പു സമയത്ത് നൽകിയ പണത്തിനുപുറമേ, കൺസൾട്ടൻസി, മറ്റുസേവനങ്ങൾ തുടങ്ങിയ പേരിലാണ് ഈ പണം നൽകിയിട്ടുള്ളത്. മുൻമന്ത്രിമാരായവർക്കും ഇപ്പോഴത്തെ മന്ത്രിമാർക്കും ഫണ്ട് നൽകിയിട്ടുണ്ട്. ഇതെല്ലാം പുറത്തുവന്നാൽ പാർട്ടിയുടെയും സർക്കാരിന്റെയും അടിത്തറതന്നെ ഇളകും.

വിദേശനിക്ഷേപ നിയമം ലംഘിച്ചതിന്, ഈ ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കമ്പനിക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് അവിടത്തെ ഡിജിപി റദ്ദാക്കി. ഈ അന്വേഷണം പാർട്ടിയിലേക്കും അതിന്റെ നേതാക്കളിലേക്കും എത്തുമെന്ന് ഭയപ്പെടുന്നു. പാർട്ടിയിലെയും സർക്കാരിലെയും സ്വാധീനം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്.

Latest from Blog

error: Content is protected !!