ദില്ലി > ഇന്ത്യാ വിരുദ്ധ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെ ആധുനികവത്കരിക്കാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ. പുതിയ സാങ്കേതികവിദ്യകളും ആയുധങ്ങളുമൊക്കെ നൽകി സംഘടനയെ ഉടച്ചുവാർക്കാനാണ് പാകിസ്താന്റെ പദ്ധതിയെന്നാണ് എൻഡിടിവി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ആയുധങ്ങൾ ജയ്ഷെ മുഹമ്മദിന് പരമ്പരാഗത ആയുധങ്ങൾക്ക് പകരം ആധുനിക ആയുധങ്ങൾ നൽകാനാണ് ഐഎസ്ഐ ഉദ്ദേശിക്കുന്നതെന്നാണ് ഇന്റലിജൻസിന് വിവരങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി പറയുന്നത്.
നിലവിൽ അസോൾട്ട് റൈഫിളുകൾ, മോർട്ടാറുകൾ, തോളിൽ വെച്ച് ഉപയോഗിക്കാവുന്ന റോക്കറ്റ് ലോഞ്ചറുകൾ എന്നിങ്ങനെയുള്ള ആയുധങ്ങളാണ് ജയ്ഷെ മുഹമ്മദ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം ക്വാഡ്കോപ്റ്ററുകൾ, ഡ്രോണുകൾ, ഡിജിറ്റൽ വാർഫെയർ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാനുള്ള പരിശീലനവും ആയുധങ്ങളും ഐഎസ്ഐ ലഭ്യമാക്കും.
2001ലെ പാർലമെന്റ് ഭീകരാക്രമണം, 2019ലെ പുൽവാമ ഭീകരാക്രമണം എന്നിവ നടത്തിയത് ജയ്ഷെ ഭീകരവാദികളാണ്. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ ജയ്ഷെയുടെ ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. പാക് സൈന്യത്തിന്റെ പ്രത്യേക വിഭാഗമാണ് ജയ്ഷെ ഭീകരർക്ക് പരിശീലനം നൽകുന്നത്. ഇവർക്കുള്ള ആയുധങ്ങൾ കരിഞ്ചന്തകളിൽ നിന്ന് സംഭരിക്കും. ഇതിനായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് ഡാർക്ക് വെബ് വഴി ഇടപാടുകൾ നടത്തുമെന്നാണ് വിവരം.
ജയ്ഷെയുടെ സഖ്യകക്ഷിയെന്ന് കരുതപ്പെടുന്ന തെഹ്രികെ താലിബാൻ പാകിസ്താൻ എന്ന പാക് താലിബാൻ നിലവിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. പാക് താലിബാൻ ഖൈബർ പക്തൂൺഖ്വയിൽ പാക് ഭരണകൂടത്തിനെതിരെയാണ് ആക്രമണങ്ങൾ നടത്തുന്നത്. എന്നാൽ, ആശയപരമായ സഹകരണം ഇരുസംഘടനകളും പുലർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ് ഇത്.
ജയ്ഷെയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ പകുതിയിലേറെയും ആയുധങ്ങൾക്കായാണ് ചെലവാക്കാറുള്ളത്. പ്രതിവർഷം 80 മുതൽ 90 കോടി പാകിസ്താനി രൂപയാണ് ലഭിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും ഗൾഫ് രാജ്യങ്ങൾ വഴിയാണ് സംഘടനയിലേക്കെത്തുന്നതെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകളിൽ പറയുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ഡിജിറ്റൽ വാലറ്റുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇവയുപയോഗിച്ചാണ് ആയുധങ്ങൾ വാങ്ങുന്നതും ഇന്ത്യയിലെ ഭീകരവാദികൾക്ക് പണം കൈമാറുന്നതും.
