പാകിസ്താൻ്റെ ഉറക്കം കെടുത്തി പാക് താലിബാൻ; 'വ്യോമസേന' രൂപീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നു - Kerala Times    

പാകിസ്താൻ്റെ ഉറക്കം കെടുത്തി പാക് താലിബാൻ; ‘വ്യോമസേന’ രൂപീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നു

December 26, 2025
taliban pakistan war jpg

ഇസ്ലാമാബാദ്> പാകിസ്താന് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്ന സംഘടനയാണ് തെഹ്രീകെ താലിബാൻ പാകിസ്താൻ (TTP) അഥവാ പാക് താലിബാൻ. നിരവധി തവണ പാക് സൈന്യത്തിനെതിരെ ആക്രമണം നടത്തുന്ന തീവ്രവാദ സംഘടനയാണിത്. ടിടിപിയെ ചൊല്ലി പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ നിരവധ തവണ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാകിസ്താന് കൂടുതൽ തലവേദന ഉയർത്തുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ടിടിപി. 2026ൽ സ്വന്തമായി വ്യോമസേന രൂപീകരിക്കുമെന്നാണ് ടിടിപിയുടെ പ്രഖ്യാപനം. പാക് സർക്കാരിനെതിരായ ആക്രമണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സൈനിക വിഭാഗത്തിന്റെ രൂപീകരണം കൊണ്ട് ടിടിപി ലക്ഷ്യമിടുന്നത്.

സലീം ഹഖാനിയെന്ന ടിടിപി നേതാവിന്റെ നേതൃത്വത്തിലാകും പുതിയതായി രൂപീകരിക്കുന്ന വ്യോമസേന പ്രവർത്തിക്കുക. ടിടിപിയുടെ നേതാവായ മുഫ്തി നൂർ വാലി മെഹ്‌സൂദ് അഥവാ അബു മൻസൂർ അസിം കഴിഞ്ഞാൽ സംഘടനയിലെ രണ്ടാമനാണ് മൗലാന സലിം ഹഖാനി. ഇതിന് പുറമെ സംഘടനയുടെ ഭരണപരമായ നിയന്ത്രണത്തിനായി പ്രവർത്തനത്തിന് രണ്ട് മേൽനോട്ട മേഖലകൾ കൂടി രൂപീകരിച്ചു. പടിഞ്ഞാറൻ മേഖല, മധ്യമേഖല എന്നിങ്ങനെയാണ് പുതിയതായി രൂപീകരിച്ചവ. ബൂചിസ്ഥാൻ ഉൾപ്പെടുന്ന പ്രദേശങ്ങളെല്ലാം ചേർത്തതാണ് പടിഞ്ഞാറൻ മേഖല. ഇതിന് പുറമെ കശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവയെ ടി.ടി.പി തങ്ങളുടെ ‘നിഴൽ പ്രവിശ്യകളുടെ ഗണത്തിലും ഉൾപ്പെടുത്തി.

രാഷ്ട്രീയ കമ്മീഷന്റെ തലവനായി മൗലവി ഫക്കീർ മുഹമ്മദിന് പകരം അസ്മത്തുള്ള മെഹ്‌സൂദിനെ നിയമിച്ചു. സതേൺ മിലിട്ടറി സോണിന്റെ തലവനായി ഇഹ്‌സാനുള്ള ഇപ്പിയെയും സെൻട്രൽ മിലിട്ടറി സോണിന്റെ ഡെപ്യൂട്ടി ഹെഡ് ആയി ഹിലാൽ ഖാസിയെയും ചുമതലപ്പെടുത്തി. പാകിസ്താനിലുടനീളം സ്വാധീനം വർധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ടിടിപിയുടെ സംഘടനാ പരിഷ്‌കരണങ്ങൾ.

അഫ്ഗാനിസ്താൻ അതിർത്തിയോട് ചേർന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ടിടിപി ഏറെ സ്വാധീനം ചെലുത്തുന്നത്. നിലവിൽ പ്രവിശ്യയിൽ പാക് സർക്കാരിന് നിയന്ത്രണം കുറവാണ്. പ്രവിശ്യയിലെ പല മേഖലകളിലും ടിടിപി സമാന്തര സർക്കാരിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്. നിലവിൽ പാകിസ്താൻ നേരിടുന്ന വലിയ സുരക്ഷാ പ്രശ്‌നങ്ങളിലൊന്നാണ് ടിടിപി. ഫിത്‌ന-അൽ-ഖവാരിജ് എന്നാണ് പാകിസ്താൻ സംഘടനയെ വിളിക്കുന്നത്. ടിടിപിക്ക് അഫ്ഗാനിസ്ഥാനിലെ താലിബാൻ സൗകര്യങ്ങൾ ചെയ്തുനൽകുന്നുവെന്ന് പാകിസ്താൻ ആരോപിക്കുന്നുണ്ട്. എന്നാൽ,  താലിബാൻ സർക്കാർ ഇത് നിഷേധിക്കുകയാണ് പതിവ്.

ബലൂചിസ്ഥാനിലെ വിഘടനവാദ സംഘടനകളിൽ നിന്ന് നിരന്തരം പാകിസ്താൻ സൈന്യം വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനൊപ്പമാണ് ടിടിപി അതിന്റെ ശക്തി വർധിപ്പിക്കാൻ ശ്രമിക്കുന്നത്. തുടക്കത്തിൽ ചെറിയ താവളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ടിടിപി ഇന്ന് ഒരു സമാന്തര സർക്കാർ പോലെ സ്വന്തം സേനയും ഭരണമേഖലകളും പ്രഖ്യാപിക്കുന്ന തലത്തിലേക്ക് വളർന്നുകഴിഞ്ഞിരിക്കുന്നു.

Latest from Blog

error: Content is protected !!