ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയത് സമ്പദ്വ്യവസ്ഥയില് ഉടൻ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പ്രതിസന്ധിയുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്നങ്ങളും ആഭരണങ്ങളും, ചെമ്മീന്‍, തുകല്‍, പാദരക്ഷകള്‍, മൃഗ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ യന്ത്രങ്ങള്‍ തുടങ്ങി പല മേഖലകളിലും ഇത് ആഘാതം സൃഷ്ടിച്ചേക്കാം. കയറ്റുമതി, മൂലധന രൂപവത്കരണം തുടങ്ങിയവയെ ഇത് ഹ്രസ്വകാലത്തേക്ക് ബാധിച്ചേക്കാമെങ്കിലും സര്‍ക്കാരും സ്വകാര്യ മേഖലയും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാനാവുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നു മാത്രമല്ല, ഒരുപക്ഷേ, നമ്മുടെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുന്നതിലേയ്ക്ക് നയിക്കാനും ഇടയുണ്ടെന്നും അവർ പറയുന്നു.
‘തിരിച്ചടികള്‍ ശരിയാംവിധം കൈകാര്യംചെയ്താല്‍ അത് നമ്മെ കൂടുതല്‍ ശക്തരും ചടുലരുമാക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്. ഹ്രസ്വകാല സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കഴിവുള്ളവരും സാമ്പത്തികമായി ശേഷിയുള്ളവരുമാണ് കൂടുതല്‍ ഏറ്റെടുക്കുന്നതെങ്കില്‍, താഴേത്തട്ടിലുള്ള വ്യവസായങ്ങളിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ഈ വ്യാപാര പ്രതിസന്ധിയില്‍ നിന്ന് കൂടുതല്‍ ശക്തരായി ഉയര്‍ന്നുവരും. ഇത് ദേശീയ താല്‍പ്പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
‘മേക്ക് ഇന്‍ ഇന്ത്യ 2.0’ ത്വരിതപ്പെടുത്താനും വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താനും കയറ്റുമതി വിപണികള്‍ വൈവിധ്യവല്‍ക്കരിക്കാനും ഇന്ത്യ ഈ നിര്‍ണായക നിമിഷം ഉപയോഗിക്കണമെന്നും ഈ വേദന ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വിത്തുപാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.8 ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയില്‍ വളരുമെന്ന് കഴിഞ്ഞയാഴ്ച എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ കയറ്റുമതിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഭയപ്പെടുന്നതുപോലെ ആഘാതം രൂക്ഷമാകാന്‍ സാധ്യതയില്ലെന്നതിനാല്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇന്ത്യ – യുഎസ് ദീര്‍ഘകാല ബന്ധത്തിലെ താത്കാലികമായ ഒരു ഘട്ടം മാത്രമാണെന്നും വൃത്തങ്ങള്‍ പറയുന്നു. ഡൊണാള്‍ഡ് ട്രംപിന് നരേന്ദ്ര മോദിയുമായി നല്ല ബന്ധമാണുള്ളതെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ഒരു ശുഭപര്യവസാനമുണ്ടാവുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കഴിഞ്ഞദിവസം പറഞ്ഞതിനു പിന്നാലെയാണ് ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സമ്മര്ദത്തിനെതിരേ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്ന് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അതേസമയംതന്നെ രാജ്യത്തെ കര്‍ഷകരുടെ താത്പര്യങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലായി ട്രംപ് നാലുതവണയോളം മോദിയെ വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ലെന്ന തരത്തില്‍ ജര്‍മന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ തീരുവ വിഷയത്തില്‍ കാണിക്കുന്ന ഉറച്ച നിലപാടിന്റെ മോദി ഈ വിഷയത്തില്‍ കൈക്കൊണ്ട ജാഗ്രതയുടെയും പ്രതിഫലനമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
