യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്! - Kerala Times    

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

March 4, 2026
images 2026 03 04T151126.418

മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ നിർണ്ണായക വെളിപ്പെടുത്തലുമായി ഇറാൻ. മേഖലയിലെ സംഘർഷങ്ങൾ വെറും പ്രാദേശിക വിഷയമല്ലെന്നും, ഇന്ത്യ ലോകശക്തിയായി മാറുന്നത് തടയാനുള്ള അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമാണ് ഈ യുദ്ധമെന്നുമാണ് ഇറാൻ ആരോപിക്കുന്നത്. ഇസ്രയേലിനെ മുൻനിർത്തി അമേരിക്ക നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ഇറാൻ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി.

ലോകശക്തികളായി വളരുന്ന ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളെ തളയ്ക്കാൻ അമേരിക്ക മനഃപൂർവ്വം ആഗോള സംഘർഷങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങളുടെ യഥാർത്ഥ ലക്ഷ്യം ഇറാന്റെ തകർച്ച മാത്രമല്ലെന്നും വരും കാലത്ത് ലോകം ഭരിക്കാൻ പോകുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ കുതിപ്പ് തടയുക എന്നതാണെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ പ്രത്യേക പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി വെളിപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐക്ക് (ANI) നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഈ ആരോപണങ്ങൺ.  മര്യാദയുള്ള നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്നും എന്നാൽ ഒരടിസ്ഥാനവുമില്ലാത്ത വ്യവസ്ഥകൾ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ ഏകപക്ഷീയമായ ആധിപത്യം നിലനിർത്താൻ അവർക്ക് പങ്കാളികളെ ആവശ്യമില്ലെന്നും അതുകൊണ്ടാണ് ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങൾ ശക്തരാകുന്നത് അമേരിക്ക ഭയക്കുന്നതെന്നും ഇലാഹി പറഞ്ഞു. “അമേരിക്കയുടെ ലക്ഷ്യം ഇറാൻ മാത്രമല്ല. ഇറാൻ ഭരണകൂടത്തെ തകർത്താൽ അടുത്തത് മറ്റ് രാജ്യങ്ങളായിരിക്കും. വരും ഭാവിയിൽ ഇന്ത്യയും ചൈനയും റഷ്യയും അമേരിക്കയുമായിരിക്കും ലോകത്തെ നിയന്ത്രിക്കുക. എന്നാൽ മറ്റ് രാജ്യങ്ങൾ തങ്ങൾക്കൊപ്പം ഉയരുന്നത് അമേരിക്കയ്ക്ക് ഇഷ്ടമല്ല. മൾട്ടിപോളാർ (ബഹുമുഖ) ലോകക്രമത്തോടുള്ള അമേരിക്കയുടെ അസഹിഷ്ണുതയാണ് ഇപ്പോൾ കാണുന്ന യുദ്ധങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചനകൾ തിരിച്ചറിഞ്ഞ് ലോകരാജ്യങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന സാമ്പത്തിക ശക്തികളെ തളയ്ക്കാനും ആഗോളതലത്തിൽ തങ്ങളുടെ ആധിപത്യം നിലനിർത്താനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇതിനായി യുദ്ധത്തെ അവർ ആയുധമാക്കുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ഇറാന്റെ ഈ പുതിയ വെളിപ്പെടുത്തൽ വഴിതുറന്നിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോഴും ചർച്ചകൾക്ക് സന്നദ്ധമാണ്. എന്നാൽ ഈ ചർച്ചകൾ അന്തസ്സുള്ളതാകണം. ഞങ്ങളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല. ഇറാൻ ആരെയും ആക്രമിച്ചിട്ടില്ലെന്നും മറിച്ച് തങ്ങളുടെ പൗരന്മാരെ ബോംബിട്ട് കൊല്ലുന്നവർക്കെതിരെ പ്രതിരോധം തീർക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ വലിയ വിജയത്തിന് അടുത്തെത്തിയിരുന്നുവെന്നും എന്നാൽ ഒരു സംയുക്ത പ്രസ്താവന ഇറക്കുന്നതിന് തൊട്ടുമുൻപ് അമേരിക്ക വഞ്ചനാപരമായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇലാഹി വെളിപ്പെടുത്തി. ചർച്ചകളിൽ നിന്ന് ഇറാൻ മാറിയെന്ന ട്രംപ് ഭരണകൂടത്തിന്റെ ആരോപണം തെറ്റാണെന്നും വാഷിംഗ്ടൺ ആണ് നയതന്ത്ര പാത ഉപേക്ഷിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ വധത്തിന് ശേഷമുള്ള സങ്കീർണ്ണമായ സാഹചര്യത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് നിർണ്ണായകമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Latest from Blog

error: Content is protected !!