നവ്യ നായർക്ക് ഓസ്‌ട്രേലിയയിൽ നിന്നും ലഭിച്ചത് ലീഗൽ നോട്ടീസോ ഭീഷണിക്കത്തോ? - Kerala Times    

നവ്യ നായർക്ക് ഓസ്‌ട്രേലിയയിൽ നിന്നും ലഭിച്ചത് ലീഗൽ നോട്ടീസോ ഭീഷണിക്കത്തോ?

September 1, 2025
Navya NairLegal Notice Melbourne

ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ സുവർണ്ണോൽസവത്തിൽ  മുഖ്യ അതിഥിയായി, മെൽബണിലേക്ക് എത്താനിരിക്കുന്ന മലയാളത്തിലെ  പ്രമുഖ നടി നവ്യ നായർക്ക്  നോട്ടീസയച്ച് മുൻ പ്രസിഡന്റ് തമ്പി കെ ചാക്കോ (തമ്പി ചെമ്മനം).  ലീഗൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഇപ്പോൾ മെൽബണിലെ ലിൻഡ്‌ഹേഴ്‌സ്റ്റിൽ (Lyndhurst) സ്ഥിരതാമസക്കാരനാണ് അദ്ദേഹം. നാട്ടിലുള്ള വക്കീൽ മുഖാന്തരം, നവ്യ മെൽബണിലേക്ക് വരുന്നത് നിരുത്സാഹപ്പെടുന്നുള്ള ശ്രമമാണ് നോട്ടീസിന് പിന്നിലെന്ന് MAV ഭാരവാഹികൾ ആരോപിച്ചു. 

50 വർഷത്തെ പാരമ്പര്യമുള്ള MAV ഈ വർഷത്തെ ഓണാഘോഷം ‘സുവർണ്ണോത്സവം’ എന്ന പേരിൽ മെൽബണിലെ സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വിപുലമായ ഒരുക്കങ്ങളോടെയും, ഇരുനൂറോളം സ്ത്രീകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരയുടെ അകമ്പടിയോടെയും നടത്താനിരിക്കെയാണ് ഈ സംഭവം.

നോട്ടീസ് ലഭിച്ച ഉടനെ തന്നെ നവ്യ നായർ MAV ഭാരവാഹികളുമായി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി. സംതൃപ്തമായ മറുപടി MAV ഭാരവാഹികളിൽ നിന്നും ലഭിച്ചതോടെ, സുവർണ്ണോത്സവത്തിൽ പങ്കെടുക്കാൻ താൻ വരുമെന്നുള്ള -നവ്യയുടെ, അടിയുറച്ച നിലപാട് അറിയിച്ചെന്നും ഭാരവാഹികൾ പറഞ്ഞു. നാട്ടിൽ നിന്നും തനിക്ക് ലഭിച്ച നോട്ടീസിൻ്റെ കോപ്പി, നവ്യ MAV പ്രസിഡന്റിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

നിലവിൽ MAV സംഘടനയിൽ പ്രാഥമിക അംഗത്വം പോലുമില്ലാത്ത മുൻ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി ഉണ്ടായതിനെതിരെ സംഘടനയുടെ അംഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതൊരു ഭീഷണിയാണെന്നാണ് ഭാരവാഹികൾ പറയുന്നത്. നോട്ടീസിൽ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും,  സംഘടനക്കുണ്ടായ മാനനഷ്ടം, ഉണ്ടാകാൻ സാധ്യതയുള്ള ധനനഷ്ടം എന്നിവ കണക്കിലെടുത്ത് അദ്ദേഹത്തിനെതിരെ   നിയമ നടപടികളുമായി മുന്നോട്ട് പോകുവാൻ കമ്മിറ്റി ഏകകണ്ഠമായി തീരുമാനം എടുത്തതായും ഭാരവാഹികൾ അറിയിച്ചു.

വിരലിൽ എണ്ണാവുന്ന ഇത്തരം പ്രതിലോമ ശക്തികളുടെ പാരവയ്പുകളെയും, ഭീഷണികളെയും അതിജീവിച്ചു കൊണ്ട് തന്നെ MAV – ഓണാഘോഷങ്ങൾ സുഗമമായും, ഒത്തൊരുമയോടെയും ഏറ്റവും മികച്ച സംഘാടന പാടവത്തോടെ മുൻ കാലങ്ങളെക്കാൾ മികച്ചരീതിയിലും പൂർത്തീകരിക്കുമെന്ന്, നിയുക്ത MAV എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്റ്റംബർ 6 -ന് നടക്കാനിരിക്കുന്ന സുവർണ്ണോത്സവത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റ് പോകുന്നത്. ഇത്തരമൊരു പ്രതികരണം അഭൂതപൂർവ്വമാണെന്നും, ടിക്കറ്റുകൾ ഈ തോതിൽ വിൽക്കപ്പെടുകയാണെങ്കിൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ SOLD OUT ബോർഡ് തൂക്കേണ്ടി വരുമെന്നും ഭാരവാഹികൾ അറിയിച്ചു

Latest from Blog

error: Content is protected !!