റായ്പുർ> സുക്മയിലെ സിർസട്ടി പഞ്ചായത്തിലെ നന്ദ പാറയിൽ കമ്മ്യൂണിസ്റ്റ് ഭീകരർ രണ്ട് ഗ്രാമീണരെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. ഗ്രാമത്തിലെ നിരവധിപേരെ ഇവർ ക്രൂരമായി ഉപദ്രവിച്ചു. കഴിഞ്ഞദിവസം അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. സുരക്ഷാസേനയ്ക്ക് തങ്ങളെ പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നതായി സംശയിച്ചാണ് ഇവർ ഗ്രാമത്തിലെത്തി സാധാരണക്കാരായ ജനങ്ങളെ ക്രൂരമായി വേട്ടയാടിയത്.
വൈകാതെ തന്നെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചു. കഴിഞ്ഞദിവസം സുക്മയിലെ ചിന്താഗുഫ പോലീസ് സ്റ്റേഷൻ പ്രദേശത്ത് നടക്കുന്ന നക്സൽ ഉന്മൂലന പ്രവർത്തനത്തിൽ സുരക്ഷാ സേന വലിയ വിജയം കൈവരിച്ചിരുന്നു.
ഐഇഡി സ്ഥാപിക്കാൻ തയ്യാറെടുക്കുകയായിരുന്ന മൂന്ന് കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയിലുള്ള പ്രതികാരമായാണ് അർദ്ധരാത്രിക്ക് ശേഷം കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒരു കൂട്ടം ഗ്രാമത്തിലെത്തി വൻ അക്രമം അഴിച്ചുവിടുകയും രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തത്.
