ട്രംപിൻ്റെ തീരുവ ഭീഷണിക്കിടയിലും സ്മാർട്ട്ഫോൺ കയറ്റുമതി കുതിക്കുന്നു; 5 മാസത്തിനിടെ ഒരുലക്ഷം കോടി രൂപ കടന്നു - Kerala Times    

ട്രംപിൻ്റെ തീരുവ ഭീഷണിക്കിടയിലും സ്മാർട്ട്ഫോൺ കയറ്റുമതി കുതിക്കുന്നു; 5 മാസത്തിനിടെ ഒരുലക്ഷം കോടി രൂപ കടന്നു

September 16, 2025
images 2025 09 16T104929.390

ദില്ലി > ട്രംപിൻ്റെ തീരുവ ഭീഷണിക്കിടയിലും ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്ഫോൺ കയറ്റുമതി കുതിച്ചുയരുന്നു. കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവു പദ്ധതിയുമായി (പിഎൽഐ സ്കീം) തുടങ്ങിയ ഫോൺ കയറ്റുമതി, നടപ്പുസാമ്പത്തികവർഷം ആദ്യ അഞ്ചുമാസം പിന്നിടുമ്പോൾ ഒരുലക്ഷംകോടി രൂപ കടന്നു. 2024-ൽ ഇതേകാലത്ത് 64,500 കോടി രൂപയുടേതായിരുന്നു കയറ്റുമതി.

ഇത്തവണ കയറ്റുമതിയുടെ 75 ശതമാനവും ആപ്പിൾ ഐഫോണിന്റെ വിഹിതമാണ്. ആപ്പിളിന്റെ കരാർ ഉത്പാദകരായ ഫോക്സ്കോൺ, ടാറ്റ ടെക്നോളജീസ് എന്നീ കമ്പനികൾ ചേർന്ന് 75,000 കോടി രൂപയുടെ ഐഫോണുകളാണ് കയറ്റി അയച്ചിട്ടുള്ളത്. കരാർക്കമ്പനികളും വ്യവസായ സംഘടനകളും സർക്കാരിനു സമർപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.

2022-’23 സാമ്പത്തിക വർഷം 90,000 കോടി രൂപയുടെ കയറ്റുമതിയായിരുന്നു ആകെ നടന്നത്. ഇതിനെക്കാൾ പത്തുശതമാനം വർധന ഈ സാമ്പത്തികവർഷം ആദ്യ അഞ്ചുമാസംകൊണ്ട് നേടാനായി. 2022-’23 സാമ്പത്തിക വർഷം ആദ്യ അഞ്ചുമാസത്തെ സ്മാർട്ട്ഫോൺ കയറ്റുമതി 25,600 കോടിയുടേതായിരുന്നു. 2023-’24-ലിത് 47,000 കോടിയായും 2024-’25-ൽ 64,500 കോടിയായും ഉയർന്നു. ഇത്തവണയിത് ഒരുലക്ഷം കോടി കടന്നു.

വിവിധ കമ്പനികൾ നൽകുന്ന വിവരമനുസരിച്ച് രാജ്യത്ത് സ്മാർട്ട്ഫോണുകളുടെ ഉത്പാദനത്തിലെ മൂല്യവർധന 2020-’21 സാമ്പത്തിക വർഷത്തെ ആറു ശതമാനത്തിൽനിന്ന് 2024-’25-ൽ 19 ശതമാനം ആയി ഉയർന്നിട്ടുണ്ട്. ഇലക്ട്രോണിക്സ് ഘടകനിർമാണരംഗത്തും വലിയ രീതിയിൽ നിക്ഷേപം നടക്കുന്നു. ഏകദേശം 50,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ നടന്നുവരുന്നതെന്ന് കേന്ദ്രസർക്കാർ പറയുന്നു.

Latest from Blog

error: Content is protected !!