ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്റ്റെല്‍ത്ത് അറ്റാക്ക് ഹെലികോപ്റ്റര്‍ വാങ്ങാന്‍ നൈജീരിയയും ഫിലിപ്പിന്‍സും. പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് പ്രചണ്ഡ് എന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ വികസിപ്പിച്ചത്. ഇരുരാജ്യങ്ങളുമായുള്ള പ്രതിരോധ ഇടപാട് യാഥാര്‍ഥ്യമായാല്‍ ആഗോള ആയുധവിപണിയില്‍ ഇന്ത്യ നേടുന്ന നിര്‍ണായക നേട്ടമായി ഇതുമാറും.
ബോകോ ഹറാം എന്ന ഭീകരവാദ സംഘടനയുമായുള്ള നിരന്തര സംഘര്‍ഷം നടക്കുന്ന രാജ്യമാണ് നൈജീരിയ. ഭീകരവാദികളെ നേരിടാന്‍ അവര്‍ക്ക് ചിലവ് കുറവുള്ളതും കാര്യക്ഷമവുമായ അറ്റാക്ക് ഹെലികോപ്റ്ററിന്റെ ആവശ്യകതയുണ്ട്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ആയുധങ്ങള്‍ക്ക് വലിയ വിലകൊടുക്കേണ്ടി വരും. ഭീകരവാദ വിരുദ്ധ നീക്കങ്ങള്‍ക്ക് സൈന്യത്തിന് വ്യോമ പിന്തുണ നല്‍കുന്നതിന് നിലവില്‍ നൈജീരിയന്‍ സൈന്യം ഉപയോഗിക്കുന്നത് സോവിയറ്റ് കാലത്തെ എംഐ-35 എസ് എന്ന ഹെലികോപ്റ്ററാണ്. കാലപ്പഴക്കം ചെന്ന ഈ ഹെലികോപ്റ്ററുകള്‍ മാറ്റി സേനയെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നൈജീരിയ ഇന്ത്യയുടെ പ്രചണ്ഡില്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ നൈജീരിയയ്ക്ക് ഇന്ത്യ വായ്പ നല്‍കിയേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ചെറിയ പലിശയ്ക്ക് പതിയെ പണം തിരിച്ചടച്ചാല്‍ മതിയെന്നത് നൈജീരിയയെ ഇന്ത്യന്‍ ഹെലികോപ്റ്റര്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കരാര്‍ നടപ്പിലായാല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ഇന്ത്യയുടെ പ്രധാന ആയുധ വില്‍പ്പനയായി ഇത് മാറും. ഇന്ത്യയുമായി ആയുധ കരാറിലെത്താനുള്ള അന്തിമഘട്ട ചര്‍ച്ചകളിലാണ് നൈജീരിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പുറമെ ദക്ഷിണേഷ്യന്‍ രാജ്യമായ ഫിലിപ്പിന്‍സും പ്രചണ്ഡില്‍ താത്പര്യമറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ഫിലിപ്പിന്‍സ് വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെയാണ് മറ്റൊരു സുപ്രധാന പ്രതിരോധ ഇടപാടിന് ഫിലിപ്പിന്‍സ് ഒരുങ്ങുന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് പകരം ഫിലിപ്പിന്‍സ് തങ്ങളുടെ രാജ്യത്ത് പ്രചണ്ഡിന്റെ അസംബ്ലി ലൈന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള പ്രചണ്ഡിന്റെ കയറ്റുമതി ഹബ്ബായി മാറാനാണ് ഫിലിപ്പിന്‍സ് ആഗ്രഹിക്കുന്നത്.
ദക്ഷിണ ചൈന കടലില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കത്തിലാണ് ഫിലിപ്പിന്‍സ്. പലപ്പോഴും അക്രമാസക്തമായ രീതിയില്‍ ഫിലിപ്പിന്സിനെതിരെ ചൈനീസ് നാവികസേന പ്രതികരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബ്രഹ്മോസിന് പുറമെ പ്രചണ്ഡ് ഹെലികോപ്റ്ററിലും ഫിലിപ്പിന്‍സ് താത്പര്യം അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കും പുറമെ അര്‍മേനിയയും വിയറ്റ്നാമും പ്രചണ്ഡ് വാങ്ങുന്നതിനേപ്പറ്റി ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2021ലാണ് പ്രചണ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. ഹിമാലയം പോലെ ഉയര്‍ന്ന ഭൂപ്രദേശങ്ങളില്‍ പോലും സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ശക്തമായ അറ്റാക്ക് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. സമുദ്രനിരപ്പില്‍ നിന്ന് 5,000 മീറ്റര്‍ ഉയരത്തില്‍ വരെ ഉയര്‍ന്നുപറക്കാന്‍ ഇതിന് സാധിക്കും. റഡാര്‍ കണ്ണുകളില്‍ പെടാതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനയാണ് പ്രചണ്ഡിനുള്ളത്.
ടാങ്ക് വേധ മിസൈലുകള്‍, എയര്‍ ടു എയര്‍ മിസൈലുകള്‍, റോക്കറ്റുകള്‍, 20 എംഎം കാനന്‍ ഗണ്‍ എന്നിവയാണ് പ്രചണ്ഡിലെ പ്രധാന ആയുധങ്ങള്‍. അത്യാധുനിക സാങ്കേതിക വിദ്യകളുള്‍പ്പെടെയുള്ള ഈ ഹെലികോപ്റ്ററിന് ഒരെണ്ണത്തിന് മൂന്നര കോടി ഡോളര്‍ ( ഏകദേശം 310 കോടി രൂപ) വിലയാകും. ചൈനയുടെ ഇസഡ്-19, തുര്‍ക്കിയുടെ ടി129 എടിഎകെ എന്നിവയാണ് പ്രചണ്ഡിന് വിപണിയിലെ എതിരാളികള്‍. എന്നാല്‍ വിലയുടെ കാര്യത്തിവലും കരുത്തിലും കൊണ്ടുപോകാവുന്ന ആയുധങ്ങളുടെ കാര്യത്തിലുമൊക്കെ മികച്ചതാണ് പ്രചണ്ഡ്.
