240 കോടിയുടെ യുഎഇ ലോട്ടറി; അനില്‍ കുമാര്‍ കുടുങ്ങുമോ? പണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ല - Kerala Times    

240 കോടിയുടെ യുഎഇ ലോട്ടറി; അനില്‍ കുമാര്‍ കുടുങ്ങുമോ? പണം ഇന്ത്യയിലേക്ക് കൊണ്ടുവരാനാകില്ല

October 29, 2025
uaelotterytaxinindia 1761746525

ആന്ധ്ര സ്വദേശിയായ അനില്‍കുമാര്‍ ബൊല്ലയ്ക്ക് കഴിഞ്ഞ ദിവസമാണ് യുഎഇയിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചത്. 100 ദശലക്ഷം ദിര്‍ഹമായിരുന്നു സമ്മാനത്തുക. അതായത്, 240 കോടി രൂപ. ഇത്രയും വലിയ തുക ലോട്ടറി അടിച്ചാലും നയാ പൈസ കുറയാതെ യുഎഇയിലെ അനില്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തും. അനില്‍ കുമാര്‍ യുഎഇയില്‍ നികുതി കൊടുക്കേണ്ടതില്ല. അതാണ് യുഎഇയിലെ നിയമം. എന്നാല്‍ ഇന്ത്യയിലേക്ക് ഈ പണം കൊണ്ടുവരാന്‍ സാധിക്കുമോ, ഇന്ത്യയില്‍ നികുതി കൊടുക്കേണ്ടതുണ്ടോ, എങ്ങനെയാണ് പണം ഇന്ത്യയിലേക്ക് എത്തിക്കുക തുടങ്ങി പലവിധ സംശയങ്ങളാണ് പലരും ഉന്നയിക്കുന്നത്. ഇന്ത്യയിലേക്ക് ഈ പണം കൊണ്ടുവരാന്‍ സാധിക്കില്ല എന്നാണ് ഒറ്റവാക്കിലെ ഉത്തരം. അറിയാം വിശദവിവരങ്ങള്‍…

എത്ര വലിയ തുകയുടെ ലോട്ടറി ആണെങ്കിലും യുഎഇയില്‍ നികുതിയില്ല. പ്രവാസികള്‍ സമ്പാദിക്കുന്ന ഒരു പണത്തിനും യുഎഇയില്‍ നികുതിയില്ല. ഇന്ത്യയില്‍ ലോട്ടറി സമ്മാനത്തുകയ്ക്ക് നികുതിയുണ്ട്. 30 ശതമാനമാണ് ഫ്‌ളാറ്റ് നികുതി. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ആണെങ്കില്‍ നികുതിയുടെ 15 ശതമാനം സര്‍ച്ചാര്‍ജ് നല്‍കണം. കൂടാതെ സമ്മാനത്തുകയുടെ 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസ് കൂടി നല്‍കണം.

ചുരുങ്ങിയത് ലോട്ടറി തുകയുടെ പകുതി മാത്രമേ ഇന്ത്യയില്‍ ഭാഗ്യവാന്റെ കൈയ്യിലെത്തൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തി എന്ന പദവിയിലുള്ളവര്‍ക്കാണ് ഇത്തരം നികുതികള്‍. മുന്‍വര്‍ഷം 182 ദിവസം ഇന്ത്യയില്‍ താമസിച്ച വ്യക്തി, മുന്‍ വര്‍ഷം 60 ദിവസം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ച വ്യക്തി, നാല് വര്‍ഷത്തിനിടെ 365 ദിവസം ഇന്ത്യയില്‍ താമസിച്ച വ്യക്തി… ഈ മൂന്ന് കാര്യങ്ങളാണ് ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തി എന്ന പദവി ലഭിക്കാന്‍ പരിഗണിക്കുക.

അതേസമയം, എന്‍ആര്‍ഐ എന്ന പദവിയിലുള്ള വ്യക്തികള്‍ക്ക് ഇന്ത്യയിലെ നികുതി ബാധകമല്ല. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തി എന്ന പദവിയിലുള്ള ആള്‍ക്ക് ലോകത്ത് മൊത്തമുള്ള വരുമാനത്തിന് ഇന്ത്യയില്‍ നികുതി കൊടുക്കണം. ഈ വരുമാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നില്ലെങ്കില്‍ പോലും ഇന്ത്യയില്‍ നികുതി കൊടുക്കേണ്ടതുണ്ട്. അനില്‍ കുമാര്‍ എന്‍ആര്‍ഐ പദവിയിലുള്ള വ്യക്തി ആയതിനാല്‍ ഇന്ത്യയിലെ നികുതി സംബന്ധിച്ച ആകുലത വേണ്ട. കഴിഞ്ഞ ഒന്നര വര്‍ഷമായി അനില്‍കുമാര്‍ അബൂദാബായിലാണ് താമസം. എന്‍ആര്‍ഐ ആണെങ്കിലും വിദേശത്ത് ലോട്ടറി അടിച്ച തുക ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല എന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ആര്‍ബിഐ ചടങ്ങളും ഫെമ നിയമവും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വിദേശത്തെ ലോട്ടറി തുക ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് നിരോധനമുണ്ട്.

അനില്‍കുമാറിന് വിദേശത്ത് നിക്ഷേപിക്കാം, ബിസിനസ് തുടങ്ങാം, മറ്റു ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്യാം. അതില്‍ നിന്നുള്ള വരുമാനം വഴി ഇന്ത്യയിലേക്ക് പണം കൊണ്ടുവരുന്നതിന് തടസമുണ്ടാകില്ല. എങ്കിലും ലോട്ടറി അടച്ച വ്യക്തി എന്ന നിലയില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ഇദ്ദേഹത്തിന്റെ ഇടപാടുകള്‍ സ്വാഭാവികമായും നിരീക്ഷിക്കും.

Latest from Blog

error: Content is protected !!