വൈഷ്ണയുടെ വോട്ടുവെട്ടിയത് വന്‍ വീഴ്ചയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം, CPM-നു തിരിച്ചടി - Kerala Times    

വൈഷ്ണയുടെ വോട്ടുവെട്ടിയത് വന്‍ വീഴ്ചയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം, CPM-നു തിരിച്ചടി

November 20, 2025
images 2025 11 20T071049.609

തിരുവനന്തപുരം> വോട്ടര്‍ പട്ടികയില്‍ തിരികെക്കയറാനുള്ള പോരാട്ടത്തില്‍ കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് വിജയം. വോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേര് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃസ്ഥാപിച്ചു. പേരു നീക്കിയ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ നടപടി നിയമപരമല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍ ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ സെക്രട്ടറിയുമായ വി. സജികുമാറിനെതിരേ രൂക്ഷവിമര്‍ശനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്റെ ഉത്തരവിലുള്ളത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കമ്മിഷന്‍ വീണ്ടും ഹിയറിങ് നടത്തിയത്.

വൈഷ്ണ ഈ വിലാസത്തില്‍ താമസിക്കുന്നുവെന്നു ബോധ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ വോട്ട് ചേര്‍ത്തതെന്നും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കമ്മിഷനുമുന്നില്‍ സമ്മതിച്ചു. എന്നാല്‍, വൈഷ്ണ ഇവിടെ താമസിക്കുന്നില്ല എന്നതിന് പരാതിക്കാരന്‍ രേഖകളൊന്നും കമ്മിഷനുമുന്നിലും ഹാജരാക്കിയില്ല. വോട്ട് വെട്ടിമാറ്റാന്‍ ഹിയറിങ് ഉദ്യോഗസ്ഥനായ സൂപ്രണ്ട് ജി.ആര്‍. പ്രതാപചന്ദ്രന്‍, അന്വേഷണോദ്യോഗസ്ഥയായ ബില്‍ കളക്ടര്‍ ജി.എം. കാര്‍ത്തിക എന്നിവരും പക്ഷപാതപരമായി പെരുമാറി.

വോട്ട് നീക്കാന്‍ പരാതി വന്നപ്പോള്‍ ഹിയറിങ്ങില്‍ മുട്ടടയിലെ ‘സുധഭവന്‍’ എന്ന വീടിന്റെ വിലാസം വൈഷ്ണ ഹാജരാക്കി. എന്നാല്‍, ഇതു പരിഗണിക്കാതെ ഫോം നാലില്‍ രേഖപ്പെടുത്തിയ തെറ്റായ ടിസി നമ്പര്‍ പരിഗണിച്ചു. പഴയ വാര്‍ഡിന്റെ നമ്പര്‍ രേഖപ്പെടുത്തിയതാണ് തെറ്റിയത്. എന്നാല്‍, യഥാര്‍ഥവിലാസം നല്‍കിയിട്ടും ഇതു പരിഗണിക്കാനോ, ഇവിടെപ്പോയി പരിശോധിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. യഥാര്‍ഥ വിലാസത്തില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥനും രേഖപ്പെടുത്തിയിട്ടുമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കമ്മിഷന്‍

ഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച മുട്ടട(27)വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ടായിരുന്നു. താമസക്കാരിയല്ലെന്ന് സിപിഎം പ്രവര്‍ത്തകനായ ധനേഷ് കുമാര്‍ പരാതി നല്‍കി. നവംബര്‍ 12-ന് കോര്‍പ്പറേഷനില്‍ നടന്ന ഹിയറിങ്ങിന് വൈഷ്ണ രേഖകളുമായി എത്തി. ഹിയറിങ്ങില്‍ പരാതിക്കാരന്‍ ഹാജരായില്ല. പക്ഷേ, വൈകിട്ട് ഹാജരായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 13-ന് വോട്ട് നീക്കി. വീട്ടുനമ്പര്‍ തെറ്റിപ്പോയി എന്നതുമാത്രം ഉപയോഗിച്ചാണ് വെട്ടിയത്. വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി അംഗീകരിക്കാന്‍ കഴിയില്ലെന്നറിയാമായിട്ടും ഇത് സ്വീകരിച്ചു.

Latest from Blog

error: Content is protected !!