എന്താണ് പുതിയ തൊഴില്‍ നിയമം ?ശമ്പളവും ലീവും ജോലി സമയവുമെല്ലാം ആകെ മാറി; New Labour Code - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

എന്താണ് പുതിയ തൊഴില്‍ നിയമം ?ശമ്പളവും ലീവും ജോലി സമയവുമെല്ലാം ആകെ മാറി; New Labour Code

November 25, 2025
images 2025 11 25T222733.014

New Labour Code> രാജ്യത്തിന്‍റെ വികസനക്കുതിപ്പില്‍ തൊഴിലാളികളുടെ പങ്ക് നിര്‍ണായകമാണ്. ഉല്‍പ്പാദന രംഗത്ത് മുന്നേറ്റം ഉറപ്പാക്കുന്നതിലെ പ്രധാന ചാലക ശക്തി അടിസ്ഥാന തൊഴിലാളി വര്‍ഗം തന്നെയാണ്. തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ നിയമങ്ങൾ ഉണ്ടാകുകയും നടപ്പാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ രാജ്യത്തെ തൊഴിൽ ചട്ടങ്ങളില്‍ സമഗ്രമാറ്റം കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. മുൻപ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന 29 നിയമങ്ങൾ റദ്ദാക്കിയും പുതുക്കിയുമാണ് പുതിയ തൊഴില്‍ചട്ടങ്ങള്‍ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങളുടെ സ്ഥാനത്ത് കേവലം നാല് ലേബര്‍ കോഡുകളാവും ഇനി രാജ്യത്ത് നിലവിലുണ്ടാവുക.

വേതനച്ചട്ടം (കോഡ് ഓൺ വേയ്‌ജസ്, 2019,) വ്യവസായ ബന്ധ ചട്ടം (ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, 2020), സാമൂഹ്യ സുരക്ഷാ ചട്ടം (കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി, 2020) തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽസാഹചര്യങ്ങളും വ്യവസ്ഥ ചെയ്യുന്ന ചട്ടം (ഒഎസ്എച്ച്ഡബ്ല്യിയുസി, 2020) എന്നിവയാണ് 2025 നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്നത്. അതേസമയം, തൊഴില്‍ നിയമത്തിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മുതലാളിമാര്‍ക്ക് വേണ്ടിയുള്ള മാറ്റമാണെന്നാണ് തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിക്കുന്നത്. തൊഴിലാളി സംഘടനകളുമായി ചര്‍ച്ചകളൊന്നും നടത്താതെയും പാര്‍ലമെന്‍റില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടത്താതെയുമാണ് തൊഴില്‍ നിയമങ്ങളിലെ മാറ്റം തിടുക്കപ്പെട്ട് നടപ്പാക്കുന്നതെന്നാണ് പ്രധാന ആരോപണം.

പുതിയ തൊഴില്‍ നിയമത്തിൻ്റെ ലക്ഷ്യം;കേന്ദ്രസര്‍ക്കാര്‍ പറയുന്നത്

തൊഴിൽ നിയന്ത്രണങ്ങൾ പരിഷ്കരിക്കുക, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക, തൊഴിൽ മേഖലയെ പുറംലോകവുമായി ബന്ധിപ്പിക്കുക, ആത്മനിർഭർ ഭാരത് പ്രാവർത്തികമാക്കുക, പുതിയ വ്യവസായങ്ങൾക്ക് അടിത്തറ പാകുക എന്നിവയാണ് തൊഴില്‍ചട്ടങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു.

സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തുമാണ് ഇന്ത്യയിലെ പല തൊഴിൽ നിയമങ്ങളും രൂപപ്പെട്ടത്. സമീപ ദശകങ്ങളിൽ ചില തൊഴിൽ മേഖലകൾ പുരോഗതി നേടുകയും നിയമങ്ങൾ ഏകീകരിക്കുകയും ചെയ്‌തിരുന്നു. പക്ഷേ, 29 കേന്ദ്ര തൊഴിൽ നിയമങ്ങളിലായി കാലഹരണപ്പെട്ട ചില തൊഴിൽ വ്യവസ്ഥകൾ ഇന്ത്യയിലുണ്ടായിരുന്നു. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക യാഥാർത്ഥ്യങ്ങളോടും വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വ്യവസ്ഥകളോടും പൊരുത്തപ്പെടാൻ ഈ നിയന്ത്രണ ചട്ടക്കൂടുകൾക്ക് സാധിക്കാതെ വന്നു. ഇത് തൊഴിലാളികൾക്കും വ്യവസായ ലോകത്തിനും പ്രതിസന്ധി സൃഷ്‌ടിച്ചു.

കൊളോണിയൽ കാലഘട്ടത്തിലെ ഘടനകൾക്കപ്പുറത്തേക്ക് നീങ്ങാനും ആധുനിക പ്രവണതകളുമായി പൊരുത്തപ്പെടാനുമുള്ള ദീർഘകാല ആവശ്യങ്ങളാണ് നാല് തൊഴിൽ ചട്ടങ്ങളിലായി നടപ്പിലാക്കുന്നത്. തൊഴിലാളികളെയും ചെറുകിട സംരംഭങ്ങളെയും ഇത് ശാക്തീകരിക്കുന്നു.

തൊഴില്‍ നിയമത്തിലെ സുപ്രധാന മാറ്റങ്ങള്‍

  1. ഗ്രാറ്റുവിറ്റി                                        അഞ്ച് വർഷം തുടര്‍ച്ചയായി തൊഴില്‍ എടുക്കുന്നവര്‍ക്കാണ് മുൻപ് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടായിരുന്നത്. ഇപ്പോൾ സ്ഥിര ജീവനക്കാർക്ക് ഒരു വർഷം തുടർച്ചയായി ജോലി ചെയ്ത ശേഷം ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും. പെൻഷൻ, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ കണക്കാക്കുന്നതിൽ സ്ഥിരത ഉറപ്പാക്കും. മൊത്തം പ്രതിഫലത്തിൻ്റെ 50 ശതമാനം അടിസ്ഥാന വേതനമായി നിശ്ചയിച്ച് നൽകും.
  2. ഓവർടൈമിന് ഇരട്ടി വേതനം        ഒരു ദിവസം 8 മുതൽ 12 മണിക്കൂർ വരെ തൊഴിലെടുക്കാം. ആഴ്‌ചയിൽ 48 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാൻ പാടില്ല. ഷിഫ്റ്റുകൾ 9 മണിക്കൂറായി പരിമിതപ്പെടുത്തി. തൊഴിലാളിയുടെ സമ്മതത്തോടെ ഓവർടൈം ചെയ്യുകയാണെങ്കിൽ വേതന നിരക്കിൻ്റെ ഇരട്ടി കമ്പനി നൽകണം. കരാർ തൊഴിലാളികൾക്ക് ഇപ്പോൾ അഞ്ച് വർഷത്തേക്ക് ഒരൊറ്റ ലൈസൻസ് ലഭ്യമാകും.
  3. പിരിച്ചുവിടലുകൾക്കുള്ള പരിഷ്‌കരിച്ച നിയമങ്ങൾ.              ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ, വ്യവസായ സ്ഥാപനങ്ങളിലെ തൊഴിൽ വ്യവസ്ഥകൾ എന്നിവ ലളിതമാക്കുന്നതാണ് കോഡ് 2 – വ്യവസായ ബന്ധ ചട്ടം 2020. പിരിച്ചു വിടലുമായി ബന്ധപ്പെട്ട പരിഷ്കരിച്ച വ്യവസ്ഥകള്‍ ലേ ഓഫ് ചെയ്യുവാനുമുള്ള പരിധി എന്നിവയെക്കുറിച്ചാണ് ഇതില്‍ പരാമർശിച്ചിരിക്കുന്നത്. സ്ഥാപനത്തില്‍ 100 തൊഴിലാളികളുള്ളിടത്ത് നേരത്തേ ലേ ഓഫ് ചെയ്യാന്‍ സാധിക്കുമായിരുന്നത് ഇപ്പോള്‍ 100 ൽ നിന്ന് 300 ആയി ഉയർത്തി. പുതിയ ലേബർ കോഡുകൾ പ്രകാരം തൊഴിലാളികളുടെ പരിധി 100 ൽ നിന്ന് 300 ആയി ഉയരുന്നതിനാൽ, 299 ജീവനക്കാരുള്ള കമ്പനികൾക്ക് ഇപ്പോൾ സർക്കാർ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാൻ കഴിയും എന്നാണ് ഇതിനർത്ഥം. മുൻപ് 100 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് സർക്കാർ അംഗീകരിച്ച തൊഴിൽ വ്യവസ്ഥകൾ ആവശ്യമായിരുന്നു.50-തിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നഷ്ടപരിഹാരമില്ലാതെ പിരിച്ചുവിടാം.  പിരിച്ചുവിടുന്ന തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം മൂന്ന് മാസത്തിൽ നിന്ന് ഒരു മാസം ആയി കുറയ്ക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. തൊഴിലാളികളുടെ 10% മോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയനുകൾ അനുവദിക്കേണ്ടതുള്ളൂ എന്നതാണ് തൊഴില്‍ ചട്ടത്തിലെ പുതിയ വ്യവസ്ഥ.
  4. കരാര്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങൾ.                           കരാര്‍ തൊഴിലാളികൾക്കുള്ള പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് ലേബർ കോഡ് ഒരു ഫണ്ട് ഉറപ്പാക്കുന്നു. ആരോഗ്യം, വാർധക്യ ആനുകൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
  5. വർക്ക് ഫ്രം ഹോം സൗകര്യം            കൊവിഡ് -19 പാൻഡെമിക് സമയത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സംവിധാനം പോലെ ഇപ്പോൾ പല കമ്പനികളിലും ഉൾപ്പെടുത്തുന്നു.
  6. സംഘടിത, അസംഘടിത മേഖലകൾക്ക് മിനിമം വേതനം       പുതിയ ലേബര്‍ നിയമപ്രകാരം സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലെയും എല്ലാ തൊഴിലാളികൾക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തിന് അർഹതയുണ്ടായിരിക്കും. മിനിമം ജീവിത നിലവാരത്തെ അടിസ്ഥാനമാക്കി സർക്കാർ ഒരു നിയമപരമായ വേതനം നിശ്ചയിക്കും. കൂടാതെ, പ്രതിമാസ ശമ്പളം പരിഗണിക്കാതെ, സമയബന്ധിതമായി പണം നൽകുന്നതിനും അനധികൃത കിഴിവുകൾ തടയുന്നതിനുമുള്ള വ്യവസ്ഥകൾ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, നിലനിർത്തൽ അലവൻസ് എന്നിവ ഉൾപ്പെടുന്നു.
  7. സ്ത്രീ സുരക്ഷാ മുന്നേറ്റം                  സുരക്ഷാ നടപടികളോടെ സ്ത്രീകൾക്ക് ഇപ്പോൾ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ കഴിയും. അസംഘടിത മേഖലകളിലെ എല്ലാ സ്ത്രീ തൊഴിലാളികൾക്കും 26 ആഴ്‌ച ശമ്പളത്തോടുകൂടിയ അവധി ഉൾപ്പെടെയുള്ള പ്രസവാനുകൂല്യങ്ങൾ ഈ ലേബര്‍ നിയമം നൽകുന്നു.
  8. സാമൂഹിക സുരക്ഷ.                          2020 ലെ സാമൂഹിക സുരക്ഷാ കോഡ്, അസംഘടിത, കരാര്‍, പ്ലാറ്റ്‌ഫോം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നൽകുന്നു. ആനുകൂല്യങ്ങൾ ലൈഫ്, ആരോഗ്യം, പ്രസവാവധി, പ്രൊവിഡൻ്റ് ഫണ്ട് ആനുകൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
  9. അതിഥി തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ.                             അതിഥി തൊഴിലാളികൾ നേരിട്ട് ജോലി ചെയ്യുന്നതോ കോൺട്രാക്‌ടർമാർ വഴി ജോലി ചെയ്യുന്നതോ ആയവര്‍ക്കും ആനുകൂല്യം ലഭിക്കുന്നു. 12 മാസത്തിലൊരിക്കൽ ജന്മനാട്ടിലേക്കുള്ള വാർഷിക യാത്രാ അലവൻസും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭ്യമാകും.

നേട്ടം എങ്ങനെ?

  • സ്ഥിരം തൊഴിലാളികൾക്ക്:അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന ഗ്രാറ്റുവിറ്റി ഒരു വർഷത്തിന് ശേഷം ഇനി മുതൽ ലഭ്യമാകും. കൂടെ മറ്റ് ആനുകൂല്യങ്ങളും
  • ഗിഗ് & പ്ലാറ്റ്ഫോം വർക്കേഴ്‌സ് :നിയമപരമായ അംഗീകാരം ലഭിക്കും. തൊഴിലാളികളുടെ ക്ഷേമനിധിയിലേക്ക് കമ്പനി ആകെ വിറ്റു വരവിന്‍റെ 1-2 ശതമാനം വിഹിതം നൽകേണ്ടതാണ്. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് നമ്പർ ക്ഷേമ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ സഹായിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇത് ലഭ്യമാകും.
  • കരാർ ജീവനക്കാർ :കരാർ തൊഴിലാളികൾക്ക് ആരോഗ്യ ആനുകൂല്യങ്ങളും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും പ്രധാന തൊഴിലുടമ നൽകും. സൗജന്യ വാർഷിക ആരോഗ്യ പരിശോധനയും നൽകും.
  • സ്ത്രീ തൊഴിലാളികൾ:തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കി. സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റുകളിലും എല്ലാത്തരം ജോലികളിലും (ഭൂഗർഭ ഖനനം, ഹെവി മെഷിനറി എന്നിവയുൾപ്പെടെ) അനുവാദം നല്‍കി. പരാതി പരിഹാര കമ്മിറ്റികളിൽ സ്ത്രീ പ്രാതിനിധ്യം നിർബന്ധമാക്കി
  • യുവ തൊഴിലാളികള്‍:യുവാക്കള്‍ക്ക് ഉള്‍പ്പെടെഎല്ലാ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കുന്നു. എല്ലാ തൊഴിലാളികൾക്കും നിയമന ഉത്തരവുകള്‍ നല്‍കണം.അവധിക്കാല വേതനം നിർബന്ധമാക്കി. സാമൂഹിക സുരക്ഷ ഉറപ്പാക്കാനും തൊഴിലുടമകൾ തൊഴിലാളിയെ ചൂഷണം ചെയ്യുന്നത് തടയാനുമുള്ള വ്യവസ്ഥകള്‍ പുതിയ തൊഴില്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.
  • എംഎസ്എംഇ തൊഴിലാളികൾ: സൂക്ഷ്മ: മൈക്രോ (Micro), ചെറുകിട: സ്മോൾ (Small), ഇടത്തരം: മീഡിയം (Medium) സംരംഭങ്ങൾ: എൻ്റർപ്രൈസസ് (Enterprises) വരുന്ന എല്ലാ എംഎസ്എംഇ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പാക്കി. തൊഴിലാളികൾക്ക് കുടിവെള്ളം, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. ഓവർടൈം വേതനം, ശമ്പളത്തോടുകൂടിയ അവധി എന്നിവയ്ക്കുള്ള വ്യവസ്ഥകൾ. കൃത്യസമയത്തുള്ള വേതനം ഉറപ്പാക്കൽ. ചെറിയ ഫാക്ടറികളിലെ ജോലിക്കാർ, കൈത്തറി, കരകൗശല മേഖലകളിലെ വിദഗ്ധർ, ചെറുകിട ബേക്കറികളിലെയും ഭക്ഷണശാലകളിലെയും ജീവനക്കാർ എന്നിവരാണ് ഇതിന് കീഴില്‍ വരുന്നത്.
  • ബീഡി, സിഗാർ തെറുപ്പ് തൊഴിലാളികൾ:എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കി. ജോലി സമയം പ്രതിദിനം 8-12 മണിക്കൂറും, ആഴ്‌ചയിൽ 48 മണിക്കൂറാക്കുകയും ചെയ്‌തു. തൊഴിലാളിയുടെ സമ്മതത്തോടെയായിരിക്കണം ഓവർടൈം ജോലി ചെയ്യുന്നത്. വേതനത്തിൻ്റെ ഇരട്ടി നൽകണം. ഒരു വർഷത്തിൽ 30 ദിവസം ജോലി പൂർത്തിയാക്കിയാൽ ബോണസിന് അർഹതയുണ്ടാകും.
  • തോട്ടം തൊഴിലാളികൾ: ഒഎസ്എച്ച്ഡബ്ല്യൂസി കോഡിൻ്റെയും സാമൂഹിക സുരക്ഷാ കോഡിൻ്റെയും കീഴിൽ കൊണ്ടുവന്നു. പത്തിൽ കൂടുതൽ തൊഴിലാളികളോ അഞ്ചോ അതിലധികമോ ഹെക്‌ടറുകളുള്ള തോട്ടങ്ങൾക്കാണ് ലേബർ കോഡുകൾ ബാധകമാകുന്നത്. രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും നിർബന്ധിത സുരക്ഷാ പരിശീലനം. അപകടങ്ങളും രാസവസ്‌തുക്കളുമായുള്ള സമ്പർക്കവും തടയുന്നതിന് സംരക്ഷണ ഉപകരണങ്ങൾ നിർബന്ധം . തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും പൂർണ ഇഎസ്ഐ മെഡിക്കൽ സൗകര്യങ്ങൾ, കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
  • ഓഡിയോ-വിഷ്വൽ & ഡിജിറ്റൽ മീഡിയ വർക്കർമാർ:ഇലക്ട്രോണിക് മാധ്യമപ്രവർത്തകർ, ഡബ്ബിങ് ആർട്ടിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ഡിജിറ്റൽ, ഓഡിയോ-വിഷ്വൽ തൊഴിലാളികൾക്ക് ഇപ്പോൾ പൂർണ ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ തൊഴിലാളികൾക്കും അവരുടെ പദവി, വേതനം, സാമൂഹിക സുരക്ഷാ അവകാശങ്ങൾ എന്നിവ വ്യക്തമായി പ്രദർശിപ്പിച്ചുകൊണ്ട് നിർബന്ധിത നിയമന ഉത്തരവ് കൈമാറണം. കൃത്യസമയത്ത് വേതനം നല്‍കണം.
  • ഖനിത്തൊഴിലാളികൾ: ചില തൊഴിലുകള്‍ അപകടം നിറഞ്ഞതായി സാമൂഹിക സുരക്ഷാ കോഡ് കണക്കാക്കുന്നു. ഖനിത്തൊഴിലാളികള്‍ അപകടത്തില്‍പെടാൻ കൂടുതല്‍ സാധ്യതയുള്ളതിനാല്‍ തൊഴിൽ സുരക്ഷയും ആരോഗ്യ സാഹചര്യങ്ങളും ഏകീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. എല്ലാ തൊഴിലാളികൾക്കും സൗജന്യ വാർഷിക പരിശോധന ആരോഗ്യവും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും ഉറപ്പാക്കാൻ ജോലി സമയം പ്രതിദിനം 8 മുതൽ 12 മണിക്കൂർ വരെയും ആഴ്‌ചയിൽ 48 മണിക്കൂർ വരെയും ആയി പരിമിതപ്പെടുത്തും.
  • വസ്ത്ര വ്യാപാരികൾ:എല്ലാ തൊഴിലാളികൾക്കും തുല്യ വേതനം, ക്ഷേമ ആനുകൂല്യങ്ങൾ , പിഡിഎസ് പോർട്ടബിലിറ്റി ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. കുടിശിക തീർപ്പാക്കുന്നതിനായി തൊഴിലാളികൾക്ക് മൂന്ന് വർഷം വരെ ക്ലെയിമുകൾ ഉന്നയിക്കാം.
  • ഐടി & ഐടിഇഎസ് തൊഴിലാളികൾ:എല്ലാ മാസവും 7-ാം തീയതിക്കകം ശമ്പളം വിതരണം ചെയ്യും. ജോലിയിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. തുല്യ ജോലിക്ക് തുല്യ വേതനം നിർബന്ധമാക്കി. സ്ത്രീ പങ്കാളിത്തം ശക്തിപ്പെടുത്തി. പീഡനം, വിവേചനം, വേതന സംബന്ധമായ തർക്കങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണുന്നു. നിശ്ചിതകാല തൊഴിൽ, നിർബന്ധിത നിയമന കത്തുകൾ എന്നിവയിലൂടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പ് വരുത്തുക.
  • കയറ്റുമതി മേഖലയിലെ തൊഴിലാളികൾ:കയറ്റുമതി മേഖലയിലെ സ്ഥിരം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി, പ്രോവിഡൻ്റ് ഫണ്ട് (പിഎഫ്), മറ്റ് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. എല്ലാ തൊഴിലാളിക്കും ഒരു വർഷത്തിൽ 180 ദിവസത്തെ ജോലിക്ക് ശേഷം വാർഷിക അവധി ലഭിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും . ഓരോ തൊഴിലാളിക്കും കൃത്യസമയത്ത് വേതനം ലഭിക്കാനുള്ള അവകാശം. വേതന പരിധി നിയന്ത്രണങ്ങൾ ഉണ്ടാകരുത്.

പുതിയ തൊഴില്‍ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള മാറ്റങ്ങൾ

ഒരു തൊഴിലാളിക്കും ശരാശരി ജീവിത നിലവാരത്തിന് താഴെയുള്ള വേതനം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ലിംഗഭേദമില്ലാത്ത വേതനവും തൊഴിലവസരങ്ങളും ഉറപ്പാക്കാനായി. ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പെടെയുള്ളവർക്ക് നേരെയുള്ള വിവേചനം നിരോധിച്ചു. തർക്ക പരിഹാരം വേഗത്തില്‍ സാധ്യമാകുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ഒറ്റ രജിസ്ട്രേഷൻ, ഒറ്റ ലൈസൻസ് എന്നിവ നടപ്പിലാകുന്നു.വിവിധ മേഖലകളിൽ സുരക്ഷയും ആരോഗ്യ ഇൻഷുറൻസും സ്ഥാപിക്കാൻ ദേശീയ ഒഎസ്എച്ച് ബോർഡ്. 500 ലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ നിർബന്ധിത സുരക്ഷാ സമിതികൾ ഏർപ്പെടുത്തി. ചെറുകിട വ്യവസായ യൂണിറ്റുകൾക്കുള്ള നിയന്ത്രണം കുറയ്ക്കൽ, തൊഴിലാളികൾക്ക് പൂർണമായ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കൽ.

തൊഴിൽ നിയമങ്ങളുടെ കരട് തയാറാക്കുന്ന വേളയിൽ വിപുലമായ കൂടിയാലോചനകൾ സർക്കാർ നടത്തിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. തൊഴില്‍ ചട്ടങ്ങള്‍ക്ക് കീഴിലുള്ള അനുബന്ധ നിയമങ്ങൾ, ചട്ടങ്ങൾ, പദ്ധതികൾ മുതലായവ രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളെയും പങ്കാളികളെയും സർക്കാർ ഉൾപ്പെടുത്തും. നിലവിലുള്ള തൊഴിൽ നിയമങ്ങളിലെ പ്രസക്തമായ വ്യവസ്ഥകളും അവയുടെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും വിജ്ഞാപനങ്ങളും മാനദണ്ഡങ്ങളും പദ്ധതികളും പ്രാബല്യത്തിൽ തുടരും. കഴിഞ്ഞ ദശകത്തിലാണ് സാമൂഹിക സുരക്ഷാ കവറേജ് സർക്കാർ വികസിപ്പിച്ചത്. രാജ്യത്തുടനീളമുള്ള തൊഴിലാളികളിലേക്ക് സംരക്ഷണം ഉറപ്പാക്കി. തുടര്‍ന്ന് കൊണ്ടു വന്ന ലേബര്‍ കോഡുകള്‍ തൊഴിലാളി ക്ഷേമ രംഗത്ത് പ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. സാമൂഹിക സുരക്ഷാ വലയം കൂടുതല്‍ വിപുലപ്പെടുത്തുന്നതിലും ഇത് നിര്‍ണ്ണായകമാണെന്ന് കേന്ദ്രം അഭിപ്രായപ്പെടുന്നു.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss