വ്യാജ ബിരുദങ്ങൾ, രേഖകൾ, ആൾമാറാട്ടം; ഇന്ത്യക്കാർക്ക് അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ വ്യാപക തട്ടിപ്പെന്ന് ആരോപണം - Kerala Times    

വ്യാജ ബിരുദങ്ങൾ, രേഖകൾ, ആൾമാറാട്ടം; ഇന്ത്യക്കാർക്ക് അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ വ്യാപക തട്ടിപ്പെന്ന് ആരോപണം

November 26, 2025
mahvash siddiqui

വാഷിങ്ടൺ: ഇന്ത്യക്കാർക്ക് അനുവദിക്കുന്ന എച്ച്-1ബി വിസ പ്രോഗ്രാമിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി ഇന്ത്യൻ-അമേരിക്കൻ നയതന്ത്രജ്ഞയായ മഹ്‌വശ് സിദ്ദിഖി. ഇന്ത്യക്കാർക്ക് നൽകുന്ന വിസകളിൽ 80–90% വരെയും തട്ടിപ്പിലൂടെ നേടിയതാണെന്നും ഇതിൽ ഭൂരിഭാഗവും എച്ച്-1ബി വിസകളാണെന്നും അവർ ആരോപിച്ചു. വ്യാജ ബിരുദങ്ങൾ, വ്യാജ രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്  തട്ടിപ്പ് നടക്കുന്നതെന്ന് സിദ്ദിഖി ഒരു പോഡ്കാസ്റ്റിൽ അവകാശപ്പെട്ടു. ഇവർ 2005-നും 2007-നും ഇടയിൽ ചെന്നൈ കോൺസുലേറ്റിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ എച്ച്-1ബി വിസ പ്രോസസ്സിങ് കേന്ദ്രങ്ങളിലൊന്നായ ചെന്നൈയിൽ 2024-ൽ മാത്രം 2,20,000 എച്ച്-1ബി വിസകളും അവരുടെ കുടുംബാംഗങ്ങൾക്കായി 1,40,000 H-ഫോർ വിസകളും ഉൾപ്പെടെ യുഎസ് ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് നോൺ-ഇമിഗ്രൻ്റ് വിസകൾ തീർപ്പാക്കിയിരുന്നുവെന്ന് സിദ്ദിഖി പറഞ്ഞു. ഇൻ്റർവ്യൂ ചെയ്യുന്നയാൾ അമേരിക്കക്കാരനാണെങ്കിൽ ഉദ്യോഗാർത്ഥികൾ അഭിമുഖം പൂർണ്ണമായും ഒഴിവാക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആൾമാറാട്ടം നടത്തി അഭിമുഖത്തിന് ഹാജരായവരുണ്ട്. ഇന്ത്യൻ മാനേജർമാർ കൈക്കൂലി വാങ്ങി ഇന്ത്യക്കാർക്ക് ജോലി നൽകിയിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

ചെന്നൈയിൽ കോൺസുലർ ഓഫീസറായിരുന്ന കാലത്ത് ഈ തട്ടിപ്പ് കണ്ടെത്തി സ്റ്റേറ്റ് സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു. നിരവധി രാഷ്ട്രീയക്കാർ ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്താതിരിക്കാൻ തങ്ങളുടെ മേൽ കാര്യമായ സമ്മർദ്ദമുണ്ടായിരുന്നെന്നും അവർ ആരോപിച്ചു. ഇന്ത്യൻ രാഷ്ട്രീയക്കാരെ പ്രീണിപ്പിക്കുന്നതിനാണ് ഇത് ചെയ്തതെന്നും ഇന്ത്യയിൽ തട്ടിപ്പും കൈക്കൂലിയും സാധാരണവൽക്കരിക്കപ്പെട്ടുവെന്നും സിദ്ദിഖി വിമർശിച്ചു.

Latest from Blog

error: Content is protected !!