ബ്രിട്ടാസ് ഇടനിലക്കാരൻ, വെട്ടിലായി സിപിഎം; വീണ്ടും കുരുക്കായി പിഎം ശ്രീ വിവാദം... - Kerala Times    

ബ്രിട്ടാസ് ഇടനിലക്കാരൻ, വെട്ടിലായി സിപിഎം; വീണ്ടും കുരുക്കായി പിഎം ശ്രീ വിവാദം…

December 4, 2025
images 2025 12 04T063147.528

ദില്ലി > സിപിഎം– സിപിഐ ബന്ധത്തെ പോലും ഉലച്ച പിഎം ശ്രീ കരാർ ഒപ്പിടലിനു പിന്നിൽ ഇടനിലക്കാരനായത് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ ജോൺ ബ്രിട്ടാസ് എംപിയെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ തുറന്നുപറഞ്ഞതോടെ വീണ്ടും വെട്ടിലാവുകയാണ് സിപിഎം. പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ രഹസ്യമായുള്ള ഒപ്പിടലിനു ബ്രിട്ടാസ് പാലമായത് ആരുടെ താൽപര്യപ്രകാരമെന്ന ചോദ്യമുയരുന്നു.

കേരളം പിഎം ശ്രീ കരാറിൽ ഒപ്പിട്ട ഘട്ടത്തിൽ തന്നെ മന്ത്രി പ്രധാൻ നന്ദി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും ജോൺ ബ്രിട്ടാസിനുമാണ്. ആ ഇടനിലയാണ് അദ്ദേഹം രാജ്യസഭയിലും സാക്ഷ്യപ്പെടുത്തിയത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയും അതു സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെയും രാജ്യസഭയിലടക്കം പ്രസംഗിച്ചിട്ടുള്ളയാളാണ് ബ്രിട്ടാസ്. അതേ നയത്തിനു സംസ്ഥാനത്തേക്കു വാതിൽ തുറന്നുകൊടുക്കുന്ന പദ്ധതിയായ പിഎം ശ്രീക്കു വഴിവെട്ടാനാണ് അദ്ദേഹം രഹസ്യ ഇടനിലക്കാരനായത്.

കേരളം രഹസ്യമായി ധാരണാപത്രത്തിൽ ഒപ്പിട്ടശേഷവും പിഎം ശ്രീയെയും എൻഇപിയെയും ശക്തമായി എതിർക്കുന്ന സമീപനമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും സ്വീകരിച്ചത്. എന്നാൽ, അതേ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ബ്രിട്ടാസാണ് ഒപ്പിടലിനു ചരടുവലിച്ചതെന്നു വ്യക്തമാകുമ്പോൾ പാർട്ടി ഇനിയെന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.

ഒക്ടോബർ 10നു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഒപ്പിടാനുള്ള രഹസ്യ തീരുമാനമുണ്ടായത്. ഒരാഴ്ചയ്ക്കകം ധാരണാപത്രത്തിന്റെ കരടുരേഖ തയാറായി. ഒക്ടോബർ 23നു ഡൽഹിയിൽ ഒപ്പിട്ടു. സിപിഎം–ബിജെപി, നരേന്ദ്ര മോദി–പിണറായി വിജയൻ രഹസ്യ സഖ്യങ്ങളുണ്ടെന്ന യുഡിഎഫ് ആരോപണം ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പു കാലത്ത് അതു സിപിഎമ്മിനെയും ഇടതുമുന്നണിയെയും കൂടുതൽ പ്രതിരോധത്തിലാക്കും.

Latest from Blog

error: Content is protected !!