ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ആണോ നല്ലത്.
നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്‌ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്‌ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്‌സിറ്റുകള്‍ തടയാനും എസ്‌ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്ഐപി നിക്ഷേപത്തെ സ്വാധീനിക്കും.
എസ്‌ഐപി വഴി വെറും 100 രൂപയുടെ ലളിതമായ പ്രതിമാസ നിക്ഷേപം പോലും കാലക്രമേണ ഗണ്യമായ ഒരു മൂലധനം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ആശയം നിസ്സാരമായി തോന്നാമെങ്കിലും, എസ്‌ഐപിയുടെ ശക്തി അതിന്റെ കോമ്പൗണ്ടിങ്ങാണ്. 100 രൂപയുടെ ചെറിയ പ്രതിമാസ നിക്ഷേപം പോലും വര്‍ഷങ്ങള്‍ കൊണ്ട് ഗണ്യമായി വളരും. പ്രതിമാസം 1,000 രൂപ വീതം എസ്‌ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ 30 വര്‍ഷം കൊണ്ട് നിക്ഷേപം 34.9 ലക്ഷം രൂപയായി വളരും. 30 വര്‍ഷത്തിനിടെ 360 മാസത്തെ എസ്ഐപി വഴി നിക്ഷേപിക്കുന്നത് വെറും 3.6 ലക്ഷം രൂപയാണ്.
കാലയളവ് ചുരുക്കുകയാണെങ്കില്‍ സമ്പാദ്യവും ചുരുങ്ങും. 20 വര്‍ഷത്തേക്ക് എസ്ഐപി വഴി പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ പോര്‍ട്ട്ഫോളിയോ മൂല്യം 9.89 ലക്ഷം രൂപയായിരിക്കും. ഇക്കാലയളവില്‍ നിക്ഷേപിക്കുന്നത് 2.40 ലക്ഷം രൂപയാണ്. 1000 രൂപയുടെ എസ്ഐപി 10 വര്‍ഷത്തേക്കാണെങ്കില്‍ 1.20 ലക്ഷത്തിന്റെ നിക്ഷേത്തില്‍ നിന്ന് 2,30,038 രൂപ സമ്പാദിക്കാന്‍ സാധിക്കും.
Disclaimer: മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുകയോ, ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
