'മനുഷ്യനുവേണ്ടി വാദിക്കാനാളില്ല'; തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

‘മനുഷ്യനുവേണ്ടി വാദിക്കാനാളില്ല’; തെരുവുനായ വിഷയത്തിൽ സുപ്രീംകോടതി

January 15, 2026
file 00000000baf071fa89f52210adae3908

ന്യൂഡൽഹി> തെരുവുനായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന പരിക്കുകളുടെയും മരണത്തിന്‍റെയും ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മാറിനിൽക്കാനാകില്ലെന്നും കനത്ത നഷ്‌ടപരിഹാരം നൽകാൻ ആവശ്യപ്പെടുമെന്നും സുപ്രീംകോടതി.

തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്ന നായപ്രേമികൾക്ക് ഇതിന്‍റെ ബാധ്യതയുണ്ടാകുമെന്നും തെരുവുനായ്ക്കൾ അലഞ്ഞുതിരിഞ്ഞ് പൊതുജനങ്ങളെ ആക്രമിക്കുന്നതു തടയാൻ അവയെ സ്വന്തം വീടുകളിൽ പരിപാലിക്കുന്നതിന് കൊണ്ടുപോകണമെന്നും, നായ്ക്കളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരോട് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു കര്‍മ പദ്ധതി ഉണ്ടോ ഇല്ലയോ എന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ നടന്ന വാദത്തിനിടയിലാണു ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ വാക്കാലുള്ള നിരീക്ഷണം. തെരുവുനായ്ക്കൾക്കുവേണ്ടി നിരവധിപ്പേർ വാദം ഉന്നയിച്ചപ്പോഴും അവയുടെ ആക്രമണം നേരിട്ട മനുഷ്യർക്കുവേണ്ടി ആരും വാദിക്കുന്നത് കണ്ടില്ലെന്ന് കോടതി പറഞ്ഞു. തെരുവുനായ്ക്കളെ ദത്തെടുക്കുന്നതിന് നയം രൂപവത്കരിച്ചു നടപ്പാക്കണമെന്ന ഹർജിക്കാരുടെ വാദത്തോടു പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി. തെരുവുകളിലെ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നതിനെപ്പറ്റി ആരും വാദിക്കുന്നില്ല . പകരം നായ്ക്കളെ ദത്തെടുക്കുന്നതിനുവേണ്ടി നയം രൂപീകരിക്കാൻ ആവശ്യപ്പെടുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

താൻ ജഡ്ജിയായി ഉയർത്തപ്പെട്ടതിനുശേഷം 2011 മുതൽ ഒരു കേസുമായി കേൾക്കുന്ന ഏറ്റവും നീളം കൂടിയ വാദമാണ് തെരുവുനായ വിഷയത്തിൽ നടന്നതെന്നും എങ്കിലും ഇതിനിടയിൽ ഒരിക്കൽപ്പോലും ആരും മനുഷ്യർക്കുവേണ്ടി വാദിച്ചില്ലെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് സന്ദീപ് മേത്ത പറഞ്ഞു. തെരുവുനായ പ്രശ്നത്തിൽ കോടതിക്കു മുന്നിൽ സമർപ്പിക്കപ്പെട്ട പല വാദങ്ങളും യാഥാർഥ്യത്തിനു നിരക്കാത്തതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യാത്തതിനാല്‍ കുട്ടികളെയോ പ്രായമായവരെയോ നായ കടിക്കുന്നു. ഇവരുടെ പരിക്കിനും മരണങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാരുകളോടു കനത്ത നഷ്‌ടപരിഹാരം നല്‍കാന്‍ ഞങ്ങള്‍ ആവശ്യപ്പെടും. നായ്ക്കള്‍ ഒന്പത് വയസുള്ള കുട്ടിയെ ആക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദിയാകേണ്ടത്? അവയ്ക്കു ഭക്ഷണം നല്‍കുന്ന സംഘടനയാണോ? ഈ പ്രശ്‌നത്തിനു നേരേ കണ്ണടയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു -കോടതി പറഞ്ഞു.

ഗുജറാത്തില്‍നിന്നുള്ള ഒരു അഭിഭാഷകനെ ഒരു പാര്‍ക്കില്‍ വച്ച് നായ കടിച്ചപ്പോള്‍ പിടിക്കാന്‍ പോയവരെയും ആക്രമിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രശ്‌നം ആയിരം മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നായപ്രേമികളുടെ വാദമാണ് നാലു ദിവസമായി സുപ്രീംകോടതിയിൽ നടന്നത്. കേസിൽ ഈ മാസം 20നുശേഷം വാദം തുടരും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss