ശബരിമല യുവതീ പ്രവേശനം: വിശ്വാസമോ ആദർശമോ?; സത്യവാങ്മൂലക്കുരുക്കിൽ സംസ്ഥാന സർക്കാർ - Kerala Times    

ശബരിമല യുവതീ പ്രവേശനം: വിശ്വാസമോ ആദർശമോ?; സത്യവാങ്മൂലക്കുരുക്കിൽ സംസ്ഥാന സർക്കാർ

February 16, 2026
file 00000000de4471f89762eb41adb8d6a3

തിരുവനന്തപുരം > ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതമായതോടെ, സ്വർണക്കൊള്ളയിലും അയ്യപ്പസംഗമത്തിലും കൈപൊള്ളി നിൽക്കുന്ന സർക്കാറിന് പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നത് അഗ്നിപരീക്ഷയായി മാറുന്നു. പുരോഗമന നിലപാടിന്‍റെ പേരിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം ഒരു വശത്തും ആചാരലംഘനത്തിന്‍റ പേരിൽ വിശ്വസികളുടെ രോഷവും വോട്ടുചോർച്ചയും മറുവശത്തും സർക്കാറിനെയും സി.പി.എമ്മിനെയും വെട്ടിലാക്കുകയാണ്.

യുവതി പ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ തയ്യാറുണ്ടോ എന്ന നേർക്കുനേർ ചോദ്യം പ്രതിപക്ഷത്തു നിന്നുയർന്നതും സർക്കാറിനെയും മുന്നണിയെയും സമ്മർദ്ദത്തിലാക്കുന്നു. വിഷയത്തിൽ നേതാക്കളാരും കൃത്യമായ വിശദീകരണത്തിനോ നിലപാട് വ്യക്തമാക്കാനോ തയ്യാറായില്ല. താനല്ല, സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞൊഴിഞ്ഞപ്പോൾ, വിശ്വാസികളുടെ താത്പര്യങ്ങളും നിയമപരമായ കാര്യങ്ങളും പരിഗണിച്ചേ തീരുമാനമെടുക്കാനാകൂവെന്ന ഒഴുക്കൻ മറുപടിയാണ് പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍റേത്. യുവതിപ്രവേശനത്തിന്‍റെ മുറിപ്പാട് മാറ്റാൻ നടത്തിയ അയ്യപ്പസംഗമം, നിർണ്ണായകമായ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തിരിച്ചടിച്ച പശ്ചാത്തലത്തിൽ കരുതലോടെയാണ് സി.പി.എം നീക്കങ്ങൾ. അതേസമയം, വിശ്വാസികളെ വേദനിപ്പിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നും പഴയ നിലപാടിൽ നിന്ന് മലക്കം മറിയുമെന്നുമാണ് സൂചനകൾ.

അന്തിമവിധി വരുന്നതുവരെ സ്ത്രീ പ്രവേശനമില്ലെന്ന നിയമപരമായ നിലപാടിനപ്പുറം സത്യവാങ്മൂലത്തിൽ സി.പി.എമ്മോ സർക്കാറോ ഇതുവരെയും നിലപാട് മാറ്റിയതായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇനിയത് സാധിക്കില്ല. കോടതിയിൽ സാവകാശം ചോദിച്ചാൽ നിലപാടില്ലായ്മയായി വ്യാഖ്യാനിക്കപ്പെടും. നിലപാട് തിരുത്തണമെന്ന് എൻ.എസ്.എസും എസ്.എൻ.ഡി.പിയുമടക്കം പരസ്യമായി ആവശ്യമുന്നയിച്ച സാഹചര്യത്തിൽ പ്രത്യേകിച്ചും.  

Latest from Blog

error: Content is protected !!