മാണി കോണ്‍ഗ്രസില്‍ ജോസ് കെ.മാണി വെറും "ചെയര്‍" മാന്‍ ; ലൈഫ് ജാക്കറ്റില്‍ പിടിക്കാന്‍ ഇനിയും അവസരം - Kerala Times    

മാണി കോണ്‍ഗ്രസില്‍ ജോസ് കെ.മാണി വെറും “ചെയര്‍” മാന്‍ ; ലൈഫ് ജാക്കറ്റില്‍ പിടിക്കാന്‍ ഇനിയും അവസരം

January 30, 2026
file 00000000fddc71fab391fe3b2a237fd1 1

പാലാ> രാഷ്ട്രീയത്തിൽ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ഞെട്ടലോടെ തിരിച്ചറിഞ്ഞ ഒരു കാര്യമുണ്ട്, തന്നെക്കാൾ വളർന്നിരിക്കുന്നു റോഷി അഗസ്റ്റിൻ എന്നത്. തന്റെ പിതാവ് കെ.എം.മാണി വെള്ളവും വളവും കൊടുത്ത് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയില്‍ താനിന്ന് വെറും ഒരു “ചെയര്‍” മാന്‍  മാത്രമാണെന്നും പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് താന്‍ വിശ്വസിച്ചു കൂടെ നിര്‍ത്തിയ റോഷി അഗസ്റ്റിൻ ആണെന്നതും നിശബ്ദമായി അംഗീകരിക്കുകയാണ് ജോസ്.കെ.മാണി ഇപ്പോൾ. റോഷി അഗസ്റ്റിൻ നിയന്ത്രിക്കുന്ന മാണി കോണ്‍ഗ്രസില്‍ ഒരു സാധാരണ നേതാവായി കഴിഞ്ഞുകൂടേണ്ട ഗതികേടിലാണ് മാണി സാറിന്റെ മകന്‍ ഇന്ന്.

ചെയർമാനെക്കാൾ വളർന്ന റോഷി അഗസ്റ്റിനെ നിയന്ത്രിക്കാൻ അവസരമാണ് ജോസ്.കെ.മാണി കളഞ്ഞു കുളിച്ചത്. മാണി കോൺഗ്രസിന് ആകെ അഞ്ച് എംഎൽഎമാരാണ് നിലവിലുള്ളത്. കൂടെ രണ്ട് എംഎൽഎമാർ വന്നാൽ പോലും യുഡിഎഫിലേക്ക്  ചേക്കേറിയിരുന്നെങ്കില്‍ ഉറപ്പായും അഞ്ചോ ആറോ എംഎൽഎമാരെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചെടുക്കാൻ കഴിയുമായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനം കെ.എം മാണിയുടെ കുത്തകയായിരുന്ന പാലാ സീറ്റില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുവാന്‍ ജോസ്.കെ.മാണിക്ക് അവസരം ലഭിക്കുമെന്നതായിരുന്നു. കൂടാതെ ജോസിനൊപ്പം നില്‍ക്കുന്ന രണ്ടാംനിര നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അവസരവും ലഭിക്കുമായിരുന്നു. യു.ഡി.എഫിന് ഭരണം ലഭിക്കുന്നതോടെ ജോസ്.കെ.മാണി പാര്‍ട്ടിയില്‍ ശക്തനാകും. തന്നെക്കാൾ വളർന്ന റോഷിയെ പാർട്ടിയിൽ നിന്നും മാറ്റുവാന്‍ ജോസിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. മന്ത്രിസഭയില്‍ ജോസ്.കെ.മാണിക്ക് പ്രാതിനിത്യം ലഭിക്കുകയും പ്രധാന വകുപ്പുകള്‍ ലഭിക്കുകയും ചെയ്യുന്നതോടെ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പഴയ പ്രതാപത്തിലേക്ക് എത്തുകയും ചെയ്യുമായിരുന്നു.

എന്നാല്‍ ജോസ്.കെ.മാണിയുടെ നിലവിലുള്ള തീരുമാനം ശുദ്ധമണ്ടത്തരമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് മാണി കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത്. സാധാരണ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയിലെ രണ്ടാംനിര നേതാക്കളും ഈ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പലരും മാണി ഗ്രൂപ്പ് വിട്ട് ജോസഫ് ഗ്രൂപ്പിലേക്കും കോണ്‍ഗ്രസിലേക്കും ചേക്കേറുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇതോടെ മാണി ഗ്രൂപ്പിന്റെ ശക്തി ക്ഷയിക്കും. പിന്നീട് ഇടതും വലതും മുന്നണികള്‍ക്ക് ആവശ്യമില്ലാത്ത  വെയ്സ്റ്റ് ആയി കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മാറും.

ഈ അവസാന നിമിഷത്തിൽ പോലും ജോസ്.കെ.മാണിക്ക് യുഡിഎഫ് പ്രവേശനം സാധ്യമാണ്. യു.ഡി.എഫ് നേതാക്കള്‍ ഇതിനെ സ്വാഗതം ചെയ്യുകയും ചെയ്യും. എന്നാല്‍ തീരുമാനം എടുക്കുവാന്‍ മുമ്പിലുള്ളത് ഏതാനും ദിവസങ്ങള്‍ മാത്രമാണ്. ഇവിടെയാണ്‌ ഒരു രാഷ്ട്രീയ നേതാവിന്റെ ഔചിത്യ ബോധം തെളിയേണ്ടത്‌. യു.ഡി.എഫിനോടൊപ്പം നിന്നാല്‍ നല്ല പദവിയിലുള്ള മന്ത്രിസ്ഥാനം കിട്ടും. പാർട്ടിയിൽ ശക്തനായ ചെയർമാനായി മാറും ജോസ് കെ മാണി. പാലായിൽ കേരള കോൺഗ്രസ് (എം) ആയിട്ട് അഭിപ്രായവ്യത്യാസം ഉണ്ടായി വിമതർ ആയി മത്സരിച്ച് ജയിച്ച മൂന്നു പേരുണ്ട്. ഇവരെയൊക്കെ കൂടെ നിര്‍ത്തണം. അര്‍ഹിക്കുന്ന പരിഗണന നല്കുകയും വേണം.

ജോസ് കെ.മാണിയുടെ വാശിയും പിടിവാശിയുമാണ് പാര്‍ട്ടിയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നത്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച തന്ത്രശാലികളില്‍ ഒരാളായിരുന്നു കെ.എം.മാണി. വളരുന്തോറും പിളരുമെന്നും പിളരുന്തോറും വളരുമെന്നുമുള്ള സത്യം മനസ്സിലാക്കിത്തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍. തന്റെ തലയ്ക്കുമീതെ ഒരു ശിഖരംപോലും വളരാന്‍ കെ.എം.മാണി അനുവദിച്ചിരുന്നില്ല. അഥവാ അങ്ങനെ ഒരു ശ്രമം ഉണ്ടായാല്‍ ആ മരം വേരോടെ പിഴുതെറിയുവാനും കെ.എം.മാണിക്ക് ആര്‍ജ്ജവവും തന്റേടവും ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ എന്ന പരിഗണനയില്‍ മാത്രം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ജോസ്.കെ.മാണിക്ക് തന്റെ പിതാവില്‍നിന്നും ലഭിക്കേണ്ട ഗുണഗണങ്ങള്‍ ലഭിച്ചിട്ടില്ലെന്നുവേണം കരുതാന്‍.

Latest from Blog

error: Content is protected !!