തിരുവല്ലയിലെ ED റെയ്ഡും ജോസ് കെ മാണിയും; നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റും മാണി വിഭാഗവും തമ്മിലെ ബന്ധം? - Kerala Times    

തിരുവല്ലയിലെ ED റെയ്ഡും ജോസ് കെ മാണിയും; നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റും മാണി വിഭാഗവും തമ്മിലെ ബന്ധം?

February 6, 2026
IMG 20260206 054155

കോട്ടയം > ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ്‌ സ്ഥാപനത്തിലും ഉടമയുടെ വീട്ടിലും കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ED പരിശോധന നടത്തി. തന്ത്രി രണ്ടരക്കോടി രൂപ ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്  സ്ഥാപനം പൂട്ടിപ്പോവുകയും ഉടമ എന്‍.എം.രാജുവും കുടുംബവും അറസ്റ്റിലാവുകയും ചെയ്തിട്ടും തന്ത്രി ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഈ മൗനമാണ് അന്വേഷണ സംഘത്തില്‍ വലിയ സംശയമുണ്ടാക്കുന്നത്. ഈ പണത്തിന്റെ സ്രോതസ്സ് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടതാണോ എന്നാണ് ഇപ്പോള്‍ അന്വേഷണസംഘം പരിശോധിക്കുന്നത്.

തിരുവല്ല നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമ എന്‍.എം.രാജു കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സമുന്നതനായ നേതാവായിരുന്നു. പാര്‍ട്ടിയുടെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായും പിന്നീട് സംസ്ഥാന ട്രഷറാര്‍ ആയും പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന്  കെ.എം മാണിയുമായി ഏറ്റവും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി എന്‍.എം.രാജുവിനെയായിരുന്നു പരിഗണിച്ചത്. എന്നാല്‍ പിണറായി വിജയന്‍, രാജുവിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തതിനാല്‍ മറ്റു നിവര്‍ത്തിയില്ലാതെ പ്രമോദ് നാരായണനെ മാണി ഗ്രൂപ്പ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

കെ.എം.മാണിയുമായി നെടുമ്പറമ്പില്‍ എന്‍.എം.രാജുവിനുണ്ടായിരുന്ന ബന്ധം ജോസ്.കെ.മാണിയിലൂടെ തുടരുകയായിരുന്നു. മാണി കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ ഇവിടെയായിരുന്നുവെന്ന് പറയുന്നു. നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റില്‍ ഉണ്ടായിരുന്ന നിക്ഷേപം പെട്ടെന്ന് പിന്‍വലിച്ചതാണ് എന്‍.എം.രാജുവിനെ പ്രതിസന്ധിയില്‍ ആക്കിയതെന്നും സ്ഥാപനം പൂട്ടുവാന്‍ ഇതാണ് കാരണമെന്നും പറയുന്നുണ്ട്. ED യുടെ അന്വേഷണം ആരംഭിച്ചതോടെ പല രഹസ്യ ഇടപാടുകളും മറനീക്കി പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. അന്വേഷണം ഒരുപക്ഷെ ജോസ്.കെ.മാണിയിലേക്ക് നീളാം. ED യുടെ പരിശോധന തന്ത്രി നിക്ഷേപിച്ച രണ്ടരക്കോടി രൂപയില്‍ മാത്രം ഒതുങ്ങില്ലെന്നുതന്നെയാണ് വിവരം.

പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്ന് ആന്റോ ആന്റണി രണ്ടരക്കോടി രൂപ കൈപ്പറ്റിയെന്നും തന്ത്രിയും എംപിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നുമാണ് സിപിഎം ഉന്നയിച്ച  ആരോപണം. എല്‍ഡിഎഫ് നേതാവിന്റെ സ്ഥാപനത്തില്‍ തന്ത്രി പണം നിക്ഷേപിച്ചതും അവിടെ നിന്ന് യുഡിഎഫ് എംപി സംഭാവന വാങ്ങിയെങ്കില്‍ അതും, തികച്ചും യാദൃശ്ചികമാണ്. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന കെ.പി. ഉദയഭാനു ആന്റോ ആന്റണിക്കെതിരെ ആരോപണം ഉയര്‍ത്തിയത് ജോസ്.കെ.മാണിയെ ലക്‌ഷ്യം വെച്ചുകൊണ്ടുതന്നെ ആകാം. എന്തായാലും ഈ തീപ്പൊരി ചെന്നുവീണത്‌ ഇടതുപക്ഷ സഹയാത്രികന്‍ ജോസ്.കെ. മാണിയുടെ തലയില്‍തന്നെയാണ്. ആരോപണങ്ങള്‍ കനത്തതോടെ ED യും അന്വേഷണം ആരംഭിച്ചു.

തിരുവല്ല നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമ എന്‍.എം.രാജുവിന്റെ ഔദാര്യം പറ്റാത്ത ഒരു രാഷ്ട്രീയ നേതാവ് പോലും പത്തനംതിട്ട ജില്ലയില്‍ ഉണ്ടാകില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പൊതുരംഗത്തും നിര്‍ലോഭമായി സാമ്പത്തിക സഹായം നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. എന്‍.എം.രാജുവിന്റെ കണക്കുപുസ്തകത്തില്‍ ആന്റോ ആന്റണി മാത്രമല്ല, മിക്ക പ്രമുഖരും ഈ പട്ടികയില്‍ ഉണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോഴും പരിപാടികള്‍ നടക്കുമ്പോഴും എന്‍.എം രാജുവിനെപ്പോലുള്ള ബിസിനസുകാർ സംഭാവന നല്‍കാറുണ്ട്. പലരും ഇത് കണക്കുപറഞ്ഞ്‌ ചോദിച്ചുവാങ്ങുകയാണ് പതിവ്. ഇവിടെ തന്ത്രി നിക്ഷേപിച്ച പണം ആന്റോ ആന്റണിക്ക് നല്‍കിയെന്നു പറയുന്നതില്‍ ഒരു ആധികാരികതയുമില്ല. ആന്റോ ആന്റണിക്ക് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അത് എന്‍.എം രാജു അദ്ദേഹത്തിന്റെ താല്‍പ്പര്യ പ്രകാരം നല്‍കിയതാണ്. രാജുവിന്റെ കണക്കുപുസ്തകം പരിശോധിച്ചാല്‍ മറ്റു പലരുടെയും പേരുകള്‍ പുറത്തുവരും.

Latest from Blog

error: Content is protected !!