എസ്.ഐ.ആർ - പാലക്കാട്ട് ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ; നീക്കം ബി.എൽ.ഒ.മാർ അറിയാതെ - Kerala Times    

എസ്.ഐ.ആർ – പാലക്കാട്ട് ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ; നീക്കം ബി.എൽ.ഒ.മാർ അറിയാതെ

February 17, 2026
IMG 20260217 101337

പാലക്കാട്> എസ്.ഐ.ആർ. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് ഒരുമാസം പിന്നിടുമ്പോൾ‌ ബി.എൽ.ഒ.മാർ പരിശോധന നടത്തി ഒഴിവാക്കിയവർ‌ വീണ്ടും പട്ടികയിലുൾപ്പെട്ടെന്ന് പരാതി. പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ചശേഷം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ.) തലത്തിൽ നടത്തിയ കൂട്ടിച്ചേർക്കലുകളിലാണ് മുമ്പ് ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ ഉൾപ്പെട്ടത്. പരിശോധന നടത്തി ഒഴിവാക്കിയവർ വീണ്ടും പട്ടികയിലെത്തിയത് തങ്ങൾ അറിയാതെയാണെന്ന് ബി.എൽ.ഒ.മാർ പറയുന്നു.

തെളിവെടുപ്പിന് ഹാജരാവാത്തവർ, സ്ഥലം മാറിപ്പോയവർ, മറ്റൊരു വാർ‌ഡിലെ പട്ടികയിൽ പേരുണ്ടെന്ന് കണ്ടെത്തിയവർ അടക്കം ഇക്കൂട്ടത്തിലുണ്ട്. എ.എസ്.ഡി.(ആബ്സന്റ്, ഷിഫ്റ്റ്, ഡിലീറ്റഡ്) വിഭാഗത്തിൽപ്പെട്ടവരാണ് പുതുതായി കൂട്ടിച്ചേർത്തവരിൽ ഏറെയുമെന്ന് ബി.എൽ.ഒ. മാർ പറയുന്നു. അധിക വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുമുമ്പ് ബി.എൽ.ഒ.മാരുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് പരാതി. ചില വാർഡുകളിൽ 30 പേരെവരെ ചേർത്തിട്ടുണ്ടെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

പരാതികളിൽ പ്രാഥമികപരിശോധന നടത്തിയശേഷമാണ് പേരുകൾ ഉൾപ്പെടുത്തിയതെന്നാണ് അധികൃതരുടെ നിലപാട്. ബി.എൽ.ഒ.മാർ റിമാർക്ക് ചെയ്ത് ഒഴിവാക്കിയവരുടെ വിവരങ്ങൾ സൈറ്റിൽ നേരിട്ട് പരിശോധിക്കുന്നതിന് ഇ.ആർ.ഒ. തലത്തിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടായതോടെ ഒഴിവാക്കിയവരുടെ പേരു വിവരങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻ ഷോട്ടായി ഷെയർചെയ്യണമെന്ന് ബി.എൽ.ഒ. മാരോട് നിർദേശിച്ചിരുന്നു. ഇതുപ്രകാരം ഭൂരിഭാഗംപേരും സ്‌ക്രീൻഷോട്ടുകൾ അയച്ചിരുന്നതായും ബി.എൽ.ഒ.മാർ പറയുന്നു. വിഷയത്തിൽ പരാതികളുയർന്നതോടെ പരിഹാരനടപടി ആരംഭിച്ചിട്ടുണ്ട്. ഒഴിവാക്കിയവർ‌ പട്ടികയിലുൾപ്പെട്ടിട്ടുണ്ടെങ്കിൽ 22-ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ചശേഷം പ്രത്യേക ഫോറം തയ്യാറാക്കി നീക്കംചെയ്യുന്നതടക്കമുള്ള നടപടി ബി.എൽ.ഒ. തലത്തിൽ സ്വീകരിക്കാനാവുമെന്നും അധികൃതർ പറയുന്നു.

Latest from Blog

error: Content is protected !!