നിറത്തിൽ മുങ്ങിയ തക്കാളി മുറുക്കും ടീ റസ്‌കും; മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ; കഴിച്ചാൽ എട്ടിൻ്റെ പണി - Kerala Times    

നിറത്തിൽ മുങ്ങിയ തക്കാളി മുറുക്കും ടീ റസ്‌കും; മായം നിറയുന്ന സ്‌നാക്‌സ് പൊതികൾ; കഴിച്ചാൽ എട്ടിൻ്റെ പണി

February 20, 2026
file 0000000096707207a621f0e20c2de575

പത്തനംതിട്ട> ജില്ലയിൽ വിൽപ്പന നടത്തുന്ന ഒട്ടേറെ ഭക്ഷ്യവസ്തുക്കളിൽ രാസവസ്തുക്കളുടെ സാന്നിധ്യം ഭക്ഷ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്ക് ചെയ്ത് വരുന്ന സ്‌നാക്‌സുകളിലെ നിറങ്ങളുടെ ഉപയോഗമാണ് പ്രധാന പ്രശ്‌നം. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലെ വിവിധ സർക്കിളുകളിൽ നടത്തിയ പരിശോധനകളിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തക്കാളി മുറുക്കിലാണ് വലിയതോതിൽ നിറങ്ങൾ ചേർത്തതായി കണ്ടെത്തിയിട്ടുള്ളത്.

അനുവദനീയമല്ലാത്ത അളവിലാണ് ഇവയിൽ നിറങ്ങൾ ചേർത്തിരിക്കുന്നത്. കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയിലാണ് പ്രശ്‌നം. ടീ റസ്‌ക്, മിക്‌സ്ച്ചർ എന്നിവയിലും അനുവദനീയമല്ലാത്ത ഫുഡ് കളറുകൾ ഉള്ളതായി കണ്ടെത്തിയിട്ടിട്ടുണ്ട്. കേക്ക് ഇനങ്ങളാണ് പ്രധാനമായും മായം കണ്ടെത്തിയ മറ്റൊരു ഇനം.

മാംസാഹാരം കൈകാര്യം ചെയ്യൽ

മാംസാഹാര വിഭവങ്ങൾ പലയിടത്തും കൈകാര്യം ചെയ്യുന്നതിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചിക്കൻ, ബീഫ് പോലെയുള്ള ഭക്ഷ്യവസ്തുക്കൾ ഒരുതവണ പാചകം ചെയ്തത് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് വിഷമയമാണ്. ബിരിയാണി, മന്തി പോലെയുള്ളവ ചൂടാക്കുമ്പോൾ ചോറിന് കുഴപ്പമുണ്ടാവില്ല. എന്നാൽ മാംസത്തിന്റെ ഉൾവശത്ത് ഇരുന്ന് പഴകിയതിന്റെ ബാക്ടീരിയകളും മറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്.

കറി വെയ്ക്കുന്നവ ഒന്നുകൂടി ചൂടാക്കുമ്പോൾ ചിലപ്പോൾ കുഴപ്പമായേക്കില്ല. എന്നാൽ ഫ്രൈ ചെയ്ത് എടുക്കുന്നവ വീണ്ടും ചൂടാക്കുമ്പോഴാണ് കൂടുതലും പ്രശ്‌നങ്ങളുണ്ടാവുന്നത്. ഒന്നിൽ കൂടുതൽ ദിവസം മാംസാഹാരങ്ങൾ കൃത്യമായി സൂക്ഷിക്കാതെ ഉപയോഗിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.

പരിശോധനകൾ ശക്തം

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്. ആറ് മാസത്തിനിടെ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്സ്‌മെന്റ് 772 പരിശോധനകൾ നടത്തി. ഇവയിൽ 339 സാമ്പിളുകൾ പരിശോധനയ്ക്ക് ശേഖരിച്ചു. 447 സർവൈലൻസ് സാമ്പിളുകളും എടുത്തു. 27 കേസുകൾ ഫയൽ ചെയ്തു. ഈ കാലയളവിൽ 4,79,500 രൂപ പിഴ ഈടാക്കി. 91 സ്ഥാപനങ്ങളിൽനിന്നാണ് പിഴയീടാക്കിയത്.

നിറമല്ല രുചി

‘ഭക്ഷ്യസുരക്ഷയിൽ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ശ്രദ്ധ ആവശ്യമാണ്. നിറം നോക്കാതെ ഗുണമേൻമ നോക്കി സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക. പാകം ചെയ്ത ഭക്ഷണങ്ങൾ വാങ്ങുന്നത് നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കുക.’-ഡോ.ആർ അസീം, ഫുഡ് സേഫ്റ്റി ഓഫീസർ, അടൂർ

Latest from Blog

error: Content is protected !!