പശ്ചിമേഷ്യയെയാകെ യുദ്ധഭീതിയിലാഴ്ത്തി ഇസ്രായേല്‍-അമേരിക്കന്‍ സഖ്യം ഇറാനില്‍ ശക്തമായ ആക്രമണം തുടരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ‘ഓപ്പറേഷന് റോറിംഗ് ലയണ്‍’ ഇറാനിലെ പ്രധാന നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് മുന്നേറുന്നത്. ദക്ഷിണ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുള്ള മിനാബ് നഗരത്തിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ 36 വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (IRNA) റിപ്പോര്‍ട്ട് ചെയ്തു. ഈ സൈനിക നീക്കത്തില്‍ സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ മരണങ്ങളാണിത്. ഈ മേഖലയില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന്റെ (IRGC) താവളം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിലാണ് സമീപത്തെ സ്കൂളില്‍ മിസൈലുകള്‍ പതിച്ചതെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) മുതിര്‍ന്ന കമാന്‍ഡര്‍മാരും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ഓഫീസിന് സമീപമാണ് ആദ്യ സ്ഫോടനങ്ങള്‍ നടന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ഖമനേയിയെ അതീവ സുരക്ഷിതമായ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, ഖമനേയിയെയോ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെയോ ലക്ഷ്യം വെച്ചാണോ ആക്രമണം നടന്നതെന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ ഇറാനിയന്‍ സൈനിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം
ഇസ്രായേല്‍-യുഎസ് നീക്കത്തിന് മറുപടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന് ശക്തമായ മിസൈല്‍ ആക്രമണം അഴിച്ചുവിട്ടു. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബഹ്റൈനില്‍, യുഎസ് അഞ്ചാം കപ്പല്‍ പടയുടെ (5th Fleet) ആസ്ഥാനത്തിന് നേരെ മിസൈല്‍ വര്‍ഷമുണ്ടായി. ഇറാഖില്‍ രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ യുഎഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ ഭാഗികമായി അടച്ചു. ഇസ്രായേലിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാനില്‍ നിന്നുള്ള മിസൈല്‍ തിരിച്ചടി ഭയന്ന് ജനങ്ങളോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ സൈന്യം നിര്‍ദ്ദേശം നല്കി.
