അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധ ഭീതിയില്‍; ഗള്‍ഫിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ഇന്ത്യക്കാര്‍ ആശങ്കയില്‍; മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് - Kerala Times    

അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങള്‍ യുദ്ധ ഭീതിയില്‍; ഗള്‍ഫിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ഇന്ത്യക്കാര്‍ ആശങ്കയില്‍; മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്

February 28, 2026
IMG 20260228 174707

ദുബായ്> ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ ഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ദോഹയിലുടനീളം സ്‌ഫോടനങ്ങള്‍ നടക്കുന്നതായാണ് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അബുദാബിയിലെ അല്‍ ദഫ്ര വ്യോമതാവളം യുഎഇ-യുഎസ് എന്നീ രാജ്യങ്ങളിലെ വ്യോമസേനകള്‍ ഒരുമിച്ചാണ് പങ്കിടുന്നത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി യുഎഇ നേരത്തെ തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കലികമായി അടച്ചിട്ടതായാണ് വിവരം. ഗള്‍ഫ് രാജ്യങ്ങളിലെതടക്കം സാഹചര്യം പരിഗണിച്ച് നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു.

അമേരിക്കയുടെ ബഹ്റൈന്‍ നാവിക ബേസിന് നേരെ ഇറാന്റെ മിസൈല്‍ പതിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുവൈറ്റ് ബേസിന് നേരെയും സൗദിയിലെ അമേരിക്കന്‍ താവളത്തിന് നേരെയും ആക്രമണങ്ങള്‍ നടന്നു. കുവൈറ്റില്‍ സൈറണ്‍ മുഴക്കി ജനങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കി കഴിഞ്ഞു.അവശ്യസാധനങ്ങള്‍ കരുതാനും ജനലുകളില്ലാത്ത മുറി തിരഞ്ഞെടുക്കാനും വീടിനുള്ളിലെ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതിനിടെ, ഖത്തറിലേക്ക് എത്തിയ മിസൈല്‍ തടഞ്ഞതായും വിവരമുണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ബഹ്റൈന്‍ പ്രതികരിച്ചു.അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് ഇന്ത്യന്‍ പ്രവാസികള്‍. മലയാളികളിലധികം പേരും ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലകളിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നല്‍കുന്നുവെന്നും അത് കണക്കിലെടുത്താണ് തീരുമാനമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സര്‍വീസുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മധ്യപൂര്‍വദേശത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും അര്‍ധരാത്രി വരെ റദ്ദാക്കിയിരിക്കുന്നതായി ഇന്‍ഡിഗോ. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നല്‍കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും ഇന്‍ഡിഗോ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തടസങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായി വിമാന സര്‍വീസുകള്‍ പുനഃക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.

ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി. എല്ലാവരും ഷെല്‍ട്ടറുകളില്‍ തന്നെ തുടരണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ വഴി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോണ്‍: +972-54-7520711, ഇ-മെയില്‍: [email protected]

ഇറാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും എംബസി പുറപ്പെടുവിക്കുന്ന കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍, ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.

സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലെ ഹെല്‍പ് ഡെസ്‌ക് നമ്പറുകളായ +91-8802012345 (രാജ്യാന്തര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് നോര്‍ക്ക അറിയിച്ചു.

Latest from Blog

error: Content is protected !!