Ras Laffan The World’s Largest LNG Hub In Qatar – ഇസ്രായേല്‍ ഇറാന്റെ എണ്ണ കേന്ദ്രങ്ങളില്‍ കൈവച്ചതോടെ ഗള്‍ഫ് മേഖലയിലെ ആക്രമണങ്ങള്‍ ശക്തമായിരിക്കുകയാണ്. ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ തന്ത്രപ്രധാന ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളില്‍ കാര്യമായ നഷ്ടം വിതച്ചെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ വികസന സ്വപ്‌നങ്ങളാണ് ഇറാന്റെ മിസൈലുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കയറ്റുമതി ശേഷിയുടെ ഏകദേശം 17% ഇറാന്‍ തകര്‍ത്തെറിഞ്ഞു കഴിഞ്ഞു.
ഇറാന്റെ ആക്രമണം തന്റെ ഏറ്റവും മോശം സ്വപ്‌നങ്ങളില്‍ പോലും ഉള്‍പ്പെടുന്നില്ലെന്ന് ഖത്തര്‍ എനര്‍ജി സിഇഒ സാദ് അല്‍-കാബി പറയുന്നു. നാശനഷ്ടത്തിന്റെ വ്യാപ്തി അത്രമേല്‍ രൂക്ഷമാണെന്നും, അവ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കുറഞ്ഞത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ എടുത്തേക്കാമെന്ന് അല്‍-കാബി പറഞ്ഞു. ആഗോള എല്‍എന്‍ജി വിതരണത്തിലെ ദീര്‍ഘകാല തടസങ്ങളിലേയ്ക്കാണ് ഈ വാക്കുകള്‍ വിരല്‍ചൂണ്ടുന്നത്.
യുദ്ധം നാളെ അവസാനിച്ചാലും അതിന്റെ കെടുതികള്‍ നീളുമെന്നും, ആഗോള ഊര്‍ജ്ജവിപണി പഴയ നിലയിലെത്താന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും സാരം. ആഗോള എല്‍എന്‍ജി വിതരണക്കാരില്‍ പ്രധാനിയാണ് ഖത്തര്‍. ഇന്ത്യയ്ക്കും ഈ സ്രോതസ് വളരെ പ്രധാനപ്പെട്ടതാണ്. ഇറാന്റെ ആക്രമണങ്ങള്‍ ഖത്തറിന്റെ വളര്‍ച്ചയെ കൂടിയാണ് മുരടിപ്പിക്കുന്നത്. കാരണം ഖത്തറിന്റെ പ്രധാന വരുമാന മാര്‍ഗമാണ് എല്‍എന്‍ജി.
പല രാജ്യങ്ങളുമായി ഖത്തറിന് ദീര്‍ഘകാല കരാറുകളുണ്ട്. നിലവിലെ ആകമ്രണങ്ങളില്‍ സംഭവിച്ച നഷ്ടം ഖത്തറിന്റെ ഉല്‍പ്പാദനത്തെ സാരമായി ബാധിക്കും. അതിനാല്‍ തന്നെ പല കരാറുകളും പാലിക്കപ്പെടുമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. ഇത് രാജ്യത്തിന്റെ വരുമാനം നഷ്ടമാകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചില എല്‍എന്‍ജി വിതരണ കരാറുകളില്‍ നിന്ന് രാജ്യത്തിന് നിര്‍ബന്ധിത പിന്‍മാറ്റം ആവശ്യമായി വന്നേക്കാം.
ഇറ്റലി, ബെല്‍ജിയം, ദക്ഷിണ കൊറിയ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളെ ഇതു ബാധിച്ചേക്കാം. ലോകത്തിലെ മുന്‍നിര എല്‍എന്‍ജി കയറ്റുമതിക്കാരാണ് ഖത്തര്‍. അതിനാല്‍ തന്നെ നിലവിലെ തടസങ്ങള്‍ ആഗോള ഊര്‍ജ്ജ വിപണികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. യുദ്ധം തുടരുന്നതിനാല്‍ ആഘാതം തീര്‍ന്നെന്ന് പറയാറായിട്ടില്ല. ഖത്തറിലെ റാസ് ലഫാന്‍ ആണ് ഇറാന്റെ ആക്രമണം നേരിട്ടത്. ദോഹയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ വടക്കുള്ള റാസ് ലഫാന്‍, പ്രധാന എല്‍എന്‍ജി അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാണ്. നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിര്‍ണായക ഊര്‍ജ്ജ കേന്ദ്രം കൂടിയാണിത്.
ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി എന്നാണ് ഈ ആക്രമണത്തെ ഖത്തര്‍ വിശേഷിപ്പിച്ചത്. ഇസ്രായേല്‍ ഇറാന്‍ എണ്ണ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് ഖത്തര്‍ ആക്രമണത്തെ കാണുന്നത്.
