റൈസൻ> മധ്യപ്രദേശിലെ റൈസനിൽ ആംബുലൻസ് വൈകിയതിനെത്തുടർന്ന് ചികിത്സ കിട്ടാതെ മാധ്യമപ്രവർത്തകൻ മരിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. ‘സ്വർണ്ണ മംഗളം’ മാസികയുടെ എഡിറ്റർ ദീപക് സോണിയാണ് മരിച്ചത്. മന്ത്രിമാരുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള വിഐപി ഡ്യൂട്ടിക്കായി ആംബുലൻസുകൾ മാറ്റിവെച്ചതാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
വെള്ളിയാഴ്ച റൈസനിൽ നടന്ന കാർഷിക മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് ദീപക് സോണിക്ക് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് മാറ്റാൻ ആംബുലൻസ് ലഭ്യമായില്ല. രണ്ടര മണിക്കൂറോളം കാത്തുനിന്നിട്ടും ആംബുലൻസ് ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കൾ സ്വകാര്യ വാഹനത്തിലാണ് അദ്ദേഹത്തെ ഭോപ്പാലിലെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കൃഷി മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ, മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർ പങ്കെടുത്ത ചടങ്ങിന്റെ സുരക്ഷാ ചുമതലയിലായിരുന്നു ആശുപത്രിയിലെ ആംബുലൻസുകളെല്ലാം. ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ എല്ലാ വാഹനങ്ങളും വിഐപി ഡ്യൂട്ടിയിലാണെന്നും പകരം സംവിധാനം ഇല്ലെന്നുമാണ് സിവിൽ സർജൻ യശ്പാൽ ബലിയാൻ മറുപടി നൽകിയത്. ഇതിന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് മധ്യപ്രദേശിലെ മാധ്യമപ്രവർത്തകർക്കിടയിൽ ഉയരുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റൈസനിലെ മാധ്യമപ്രവർത്തകർ കലക്ടർക്കും കേന്ദ്രമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും നിവേദനം നൽകി. സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി നരേന്ദ്ര പട്ടേൽ അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.