ക്ലാസിലെ കുട്ടികളെ പരസ്പരം അടിക്കാൻ പറയും. അടിക്കാൻ മടിച്ചാൽ അവരെ ട്രാൻസ്ജെൻഡർ എന്നും ഗേ എന്നുമൊക്കെ വിളിക്കും
അധ്യാപകനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നിതിന്റെ ക്ലാസ്മേറ്റ്
“എന്റെ പേര് ആർച്ച, ഞാൻ നിതിന്റെ ക്ലാസ്മേറ്റാണ്. അഞ്ചരകണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് (BDS) വിദ്യാർത്ഥിനിയാണ്. നിതിനെക്കുറിച്ച് പുറത്തുവന്ന വാർത്തകളെല്ലാം സത്യമാണ്. റാം സാർ അവനെ അത്രയധികം ഉപദ്രവിച്ചിട്ടുണ്ട്. എല്ലാവരുടെയും മുന്നിൽ വെച്ച് അവന്റെ പേപ്പർ ഓരോ കുട്ടികളെക്കൊണ്ട് വായിപ്പിക്കുകയും അവനെ മാനസികമായി തളർത്തുകയും ചെയ്യുമായിരുന്നു. അവൻ മാത്രമല്ല, ക്ലാസിലെ എല്ലാവരും സാറിന്റെ ക്രൂരതയ്ക്ക് ഇരയാകാറുണ്ട്. എന്നെ ‘തടിച്ച പെൺകുട്ടി’ (fatty girl) എന്ന് വിളിക്കുമായിരുന്നു. നിറം കുറഞ്ഞവരെ കളിയാക്കുകയും നിറമുള്ളവരെ സിൻഡ്രല്ല എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്യും
ക്ലാസിൽ വന്നാൽ ഒരൊറ്റ കാര്യത്തിലും ഞങ്ങൾക്ക് സമാധാനം ഉണ്ടാകാറില്ല. അറ്റൻഡൻസ് കട്ട് ചെയ്യുമെന്ന ഭീഷണിയാണ് സാറിന്റെ പ്രധാന ആയുധം. ഒരു മാസത്തെ അറ്റൻഡൻസ് വരെ അദ്ദേഹം വെറുതെ കളയും. അറ്റൻഡൻസ് ഇല്ലെങ്കിൽ പരീക്ഷ എഴുതാൻ പറ്റില്ലല്ലോ എന്ന ഭയം കാരണമാണ് ഞങ്ങൾ പലപ്പോഴും മിണ്ടാതിരുന്നത്. ക്ലാസിൽ വന്നാൽ പഠിപ്പിക്കാൻ അദ്ദേഹം തയ്യാറാകില്ല. ഒരു മണിക്കൂർ ക്ലാസിൽ 55 മിനിറ്റും ജാതീയമായ കാര്യങ്ങളും ബോഡി ഷെയ്മിങ്ങും മാത്രമാണ് സംസാരിക്കുക. അഞ്ചു മിനിറ്റ് മാത്രം ക്ലാസ് എടുത്തിട്ട് പോകും. പിറ്റേന്ന് ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞില്ലെങ്കിൽ അറ്റൻഡൻസ് കട്ട് ചെയ്യുമെന്ന് പറഞ്ഞ് പുറത്താക്കും
നിതിൻ സാറിന്റെ പ്രധാന ടാർഗെറ്റ് ആയിരുന്നു. മീറ്റിംഗിന് അമ്മ എന്തുകൊണ്ട് വന്നില്ല എന്ന് സാർ ചോദിച്ചപ്പോൾ, അമ്മയുടെ സർജറി കഴിഞ്ഞതാണെന്ന് അവൻ പറഞ്ഞു. ‘അമ്മയുടെ കാലിന് ഇപ്പോൾ കുഴപ്പമില്ലല്ലോ, വരാൻ പറ്റില്ലേ’ എന്ന് ചോദിച്ച് സാർ അവനെ ക്രൂരമായി പരിഹസിച്ചു. അത് മാത്രമല്ല, ക്ലാസിലെ കുട്ടികളെ പരസ്പരം അടിക്കാൻ പറയും. അടിക്കാൻ മടിച്ചാൽ അവരെ ട്രാൻസ്ജെൻഡർ എന്നും ഗേ എന്നുമൊക്കെ വിളിക്കും. ഇത് ഭയന്ന് ആരും പരാതി കൊടുക്കാൻ ധൈര്യപ്പെട്ടില്ല. പരാതിപ്പെട്ടാൽ അദ്ദേഹം കൂടുതൽ ഉപദ്രവിക്കുമെന്നും അഞ്ചര വർഷത്തെ കോഴ്സ് 10 ഉം 12 ഉം വർഷം കൊണ്ട് തീർക്കേണ്ടി വരുമെന്നും ഞങ്ങൾ പേടിച്ചു
നിതിൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. വീട്ടിൽ പോയ സമയത്ത് പോലും ഞാൻ അവനെ വിളിക്കുമായിരുന്നു. അവൻ ഒറ്റപ്പെട്ടുപോയി എന്ന് തോന്നാതിരിക്കാൻ ഞങ്ങളെല്ലാവരും അവന്റെ കൂടെയുണ്ടാകുമെന്ന് ഞാൻ അവനോട് പറയുമായിരുന്നു. ഇത്രയും വലിയൊരു ക്രൂരത സംഭവിക്കുമെന്ന് ഞങ്ങൾ ആരും കരുതിയിരുന്നില്ല. അവൻ മുകളില് നിന്ന് ചാടുന്നത് ചില രോഗികൾ കണ്ടിരുന്നു. ഞങ്ങളൊക്കെ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് വിവരം അറിയുന്നത്. ആ വാർത്ത കേട്ടപ്പോൾ ഞങ്ങളെല്ലാവരും തകർന്നുപോയി. ഇത് തുറന്നുപറയാതെ എനിക്ക് ഉറങ്ങാൻ പോലും പറ്റില്ലായിരുന്നു. റാം സാർ ഇനി ഒരു കോളേജിലും പഠിപ്പിക്കാൻ പാടില്ല. അദ്ദേഹം ഒരു അധ്യാപകനല്ല, ഒരു മൃഗത്തെപ്പോലെയാണ് പെരുമാറുന്നത്. ഈ അനുഭവം കൊണ്ട് എനിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ സത്യം ലോകം അറിയണം