വാഷിംഗ്ടൺ> അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പ്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വേദിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം നടന്ന വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കനത്ത പോലീസ് നിരീക്ഷണത്തിലായി. ഹോട്ടലിന് മുകളില്‍ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറന്നു. സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഹോട്ടലിലേക്കുള്ള വഴികളെല്ലാം അടയ്ക്കുകയും ചെയ്തു. തോക്കുകളേന്തിയ ടാക്റ്റിക്കല്‍ ടീമുകള്‍ പ്രസിഡന്റ് ഇരുന്നിരുന്ന വേദിയുടെ നിയന്ത്രണം ഏറ്റെടുത്തു. തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്. വലിയ സുരക്ഷാ വീഴ്ചയാണ് ഇത്.
വെടിയുതിര്‍ത്ത വ്യക്തിയെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ കീഴപ്പെടുത്തിയതായാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ ലക്ഷ്യമോ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനാണെന്നും അദ്ദേഹത്തിന് പരിക്കുകളില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തില്‍ വാഷിംഗ്ടണിലുണ്ടായ ഈ വെടിവെപ്പ് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നതര്‍ ഒത്തുചേര്‍ന്ന വേദിയില്‍ ഇത്തരമൊരു സുരക്ഷാ വീഴ്ച ഉണ്ടായത് വലിയ ആശങ്കയ്ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ ട്രംപിന് കൂടുതല്‍ സുരക്ഷയൊരുക്കും.