ബംഗളൂരു: ചൈനയിൽ പടരുന്ന HMPV വൈറസ് ഇന്ത്യയിലും കണ്ടെത്തി. ബംഗളുരുവിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (Human Metapneumovirus) ഉണ്ടെന്ന് കണ്ടെത്തിയത്. ചൈനയിൽ എച്ച്എംപിവി പൊട്ടിപ്പുറപ്പെട്ടതിൻ്റെ റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നതിനിടയിലാണ് ഇന്ത്യയിലും കണ്ടെത്തിയിരിക്കുന്നത്. ബംഗളുരുവിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലാണ് HMPV റിപ്പോർട്ട് ചെയ്യപ്പെട്ടത്, എന്നാൽ തങ്ങളുടെ ലബോറട്ടറിയിൽ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്ന് കർണാടക സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിവരം. വിവിധ ചാനലുകളിലൂടെ ആഗോള എച്ച്എംപിവി സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൃത്യമായ അപ്‌ഡേറ്റുകൾ ലഭ്യമാക്കുന്നതിനായി ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യുഎച്ച്ഒ) അഭ്യർത്ഥിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ, HMPV കേസുകൾ പരിശോധിക്കുന്ന ലബോറട്ടറികളുടെ എണ്ണം വിപുലീകരിക്കും. HMPV വ്യാപനത്തെ വർഷം മുഴുവൻ നിരീക്ഷിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനെ (ICMR) ചുമതലപ്പെടുത്താനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിൻ്റെ അധ്യക്ഷതയിൽ ശനിയാഴ്ച ജോയിൻ്റ് മോണിറ്ററിംഗ് ഗ്രൂപ്പ് (ജെഎംജി) യോഗം ചേർന്നു. WHO, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് സെൽ, ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (IDSP), നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC), ICMR, എയിംസ്-ഡൽഹി ഉൾപ്പെടെയുള്ള ആശുപത്രികൾ എന്നിവയിലെ വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു.
ചൈനയിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ഇപ്പോഴത്തെ വർദ്ധനവ് നിലവിലെ ഇൻഫ്ലുവൻസ സീസണുമായി ബന്ധപ്പെട്ടായിരിക്കാമെന്നാണ് യോഗത്തിൻ്റെ വിലയിരുത്തൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തലനുസരിച്ച്, ഇൻഫ്ലുവൻസ വൈറസുകൾ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി), എച്ച്എംപിവി എന്നിവ ഈ കാലയളവിൽ കാണപ്പെടുന്ന സാധാരണ രോഗകാരി വൈറസുകളാണ്.നിലവിൽ അവയുടെ സാന്നിധ്യം അസാധാരണമായി കണക്കാക്കേണ്ടതില്ല.
എച്ച്എംപിവിയും മറ്റ് വൈറസുകളും ഇതിനകം ഇന്ത്യയിൽ നിലവിണ്ടെന്നും, എന്നാൽ പ്രതീക്ഷിച്ച സീസണൽ വ്യാപനത്തിനപ്പുറം ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ അസാധാരണമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു. രാജ്യത്തുടനീളമുള്ള ആശുപത്രികൾ സമീപ ആഴ്ചകളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ കാര്യമായ വർധനവ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.