കൊച്ചി > കേരളത്തിലെ ജനവാസ മേഖല കുറച്ച് വനവിസ്തൃതി കൂട്ടുവാന്‍ ഗൂഡനീക്കം. ആഗോള താപനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിൻ്റെ കാര്‍ബണ്‍ ഫണ്ട് ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഗൂഡനീക്കം നടക്കുന്നത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് ചില പരിസ്ഥിതി സംഘടനകളാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ മുഖംമൂടി അണിഞ്ഞ പരിസ്ഥിതി തീവ്രവാദികളാണ് ഇവര്‍. പരിസ്ഥിതി സ്നേഹം കാണിച്ചുകൊണ്ട് ജനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ നല്‍കി ജനവാസ മേഖലയില്‍ നിന്നും കര്‍ഷകരെ കുടിയൊഴിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതിലൂടെ വന വിസ്തൃതി കൂട്ടുകയും ഇതിന്റെ പേരില്‍ കാര്‍ബണ്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്ന ദശലക്ഷക്കണക്കിന് കോടികള്‍ കൈക്കലാക്കുകയുമാണ് ഇവരുടെ ഉദ്ദേശ്യം.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ കേരളത്തിലുണ്ട്. ഇതില്‍ പരിസ്ഥിതി തീവ്രവാദികളായ ചിലര്‍ തുടര്‍ച്ചയായി കേസുകള്‍ നല്‍കി കര്‍ഷകരെയും ടൂറിസം വ്യവസായ രംഗത്ത് പണം നിക്ഷേപിച്ചവരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിക്കുന്നതായും ആരോപണമുയരുന്നുണ്ട്. ഇത്തരം സംഘടനകളുടെ പിന്നില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ രംഗത്തെ വമ്പന്‍ സ്രാവുകളാണെന്നും സൂചനയുണ്ട്. കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് കോടതികളിൽ പോലും നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാകുന്നു. വന വിസ്തൃതി ആവശ്യത്തിലധികമുള്ള കേരളത്തില്‍ വീണ്ടും വനവിസ്തൃതി കൂട്ടുവാന്‍ പലരും ആവേശം കാണിക്കുന്നതിന്റെ പിന്നില്‍ കാര്‍ബണ്‍ ഫണ്ടില്‍ നിന്നും ലഭിക്കുന്ന കോടികളാണ്.
കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ഭീതിപടര്‍ത്തുമ്പോഴും കൃഷികള്‍ നശിപ്പിക്കുമ്പോഴും കര്‍ഷകരെ പച്ചക്ക് തിന്നു വിശപ്പടക്കുമ്പോഴും ഇവിടെ പലരും നിശബ്ദരായി നിലകൊള്ളൂന്നതിന്റെ പിന്നിലും സാധാരണ ജനങ്ങള്‍ അറിയാത്ത പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍പോലും തയ്യാറാകുന്നില്ല എന്നുപറയുമ്പോള്‍ ഇരുട്ടത്ത് നിന്നുകൊണ്ട് സാധാരണ ജനങ്ങളെ വിൽക്കുന്നവർ എത്ര പ്രബലന്മാരും ശക്തരുമാണെന്ന് ഓര്‍ക്കുക.
സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയെയും വയനാടിനെയും കേരളത്തിലെ മലയോര ജില്ലകളെയും ഘട്ടം ഘട്ടമായി വനമേഖലയാക്കുവാന്‍ വലിയൊരു സംഘടിത നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടയങ്ങള്‍ പലകാരണങ്ങള്‍ പറഞ്ഞ് റദ്ദു ചെയ്യപ്പെട്ടേക്കാം. കൃഷി ചെയ്യുവാനും വീട് വെക്കുവാനും നല്‍കിയ ഭൂമി മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക, ഭൂമി കൃഷി ചെയ്യാതെ തരിശായി ഇടുക തുടങ്ങിയ എന്തെങ്കിലും കാരണങ്ങള്‍ കണ്ടുപിടിച്ച് പട്ടയം റദ്ദ് ചെയ്ത് കര്‍ഷകനെ അവന്റെ ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കാം. കപട പരിസ്ഥിതി വാദികളുടെ പ്രേരണയാലാണ് ഇടുക്കിയിലെയടക്കം കുടിയേറ്റ കര്‍ഷകര്‍ സര്‍വവും നഷ്ടപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരിക. ഇത്തരം കുതന്ത്രങ്ങൾ നടക്കാത്തയിടങ്ങളിൽ ഈ മനുഷ്യമൃഗങ്ങൾ വന്യജീവികളെ ഇറക്കിക്കളിക്കുന്നു.
കര്‍ഷകരെ സഹായിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെ ആരുംതന്നെ മുന്നോട്ടു വന്നിട്ടില്ല എന്നതും പ്രധാനമാണ്. പഞ്ചായത്ത് മെമ്പർമാർ മുതൽ ഉന്നതങ്ങളിലേക്ക് നീളുന്നതാണ് കാർബൺ ന്യൂട്രലൈസേഷൺ ഫണ്ടിൻ്റെ ഗുണഭോക്താക്കൾ. വനം വകുപ്പിലെ ചെറുതു വലുതുമായ ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വലിയൊരു സംഘം ഇതിൻ്റെ ഭാഗമാണെന്നാണ് കേരള ടൈംസ് നടത്തിയ അന്വേഷണത്തിൽ നിന്ന് മനസിലാകുന്നത്. ജനങ്ങളുടെ ഭാഗം കേള്‍ക്കുവാനോ അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാനോ ഭരണ ഉദ്യോഗസ്ഥ മാഫിയ തയ്യാറാകുന്നില്ല. ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോള്‍ പ്രശ്നബാധിതമാണ്. ഇടുക്കിയിലെ മൂന്നാര്‍, ഉപ്പുതറ, കാഞ്ചിയാര്‍ കോവില്‍മല, വാഗമണ്‍, മാങ്കുളം, അടിമാലി, ചിന്നക്കനാല്‍ എന്നീ പ്രദേശങ്ങൾ ഉൾപ്പടെ ഇപ്പോള്‍ പീരുമേട് എത്തിനില്‍ക്കുന്ന പട്ടയപ്രശ്നങ്ങൾ ഇതിൻ്റെ ഭാഗമാണ്. >>> കേരള ടൈംസിൻ്റെ അന്വേഷണ പരമ്പര പരമ്പര തുടരും…
