ജനങ്ങൾ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം രാജ്യത്ത് ദശാബ്ദത്തിലെ ഏറ്റവും താഴ്ചയിൽ. റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ചില്ലറ വിലക്കയറ്റത്തോത് (സിപിഐ ഇൻഫ്ലേഷൻ) സെപ്റ്റംബറിലെ 1.44 ശതമാനത്തിൽ നിന്ന് 0.25 ശതമാനമായാണ് താഴ്ന്നതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രം നിലവിലെ പണപ്പെരുപ്പ മാനദണ്ഡം ഉപയോഗിക്കാൻ തുടങ്ങിയ 2015നുശേഷമുള്ള ഏറ്റവും താഴ്ചയാണിത്. 6.21 ശതമാനമായിരുന്നു 2024 ഒക്ടോബറിൽ.
കേരളത്തിൽ പക്ഷേ, ദേശീയ ട്രെൻഡിന് കടകവിരുദ്ധമായി വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യായ 4 ശതമാനത്തിന് താഴെയാണ്. കേരളത്തിൽ 8.56%. തുടർച്ചയായ 10-ാം മാസവും ഇതോടെ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്ന മോശം പ്രതിച്ഛായ നിലനിർത്തുകയും ചെയ്തു. രണ്ടാംസ്ഥാനത്തുള്ള ജമ്മു കശ്മീരിൽ 2.95 ശതമാനമേയുള്ളൂ. മൂന്നാമതുള്ള കർണാടകയിൽ 2.34%. പഞ്ചാബാണ് നാലാമത്; 1.81%, അഞ്ചാമതുള്ള തമിഴ്നാട്ടിൽ 1.29%.
- കേരളത്തിൽ ഗ്രാമങ്ങളിൽ 9.64 ശതമാനമാണ് പണപ്പെരുപ്പം; നഗരങ്ങളിൽ 6.51 ശതമാനം.
- രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കുറവ് ബിഹാറിലാണ് (-1.97%). ഉത്തർപ്രദേശ് (-1.71%), മധ്യപ്രദേശ് (-1.62%), അസം (-1.50%) എന്നിവിടങ്ങളിലും പണപ്പെരുപ്പം തീരെക്കുറവാണ്.
ദേശീയതലത്തിൽ കഴിഞ്ഞമാസം ഗ്രാമീണ പണപ്പെരുപ്പം സെപ്റ്റംബറിലെ 1.07 ശതമാനത്തിൽനിന്ന് നെഗറ്റീവ് 0.25 ശതമാനമായി കുറഞ്ഞു. നഗരങ്ങളിലേത് 1.83ൽ നിന്ന് കുറഞ്ഞ് 0.88 ശതമാനത്തിലുമെത്തി. രാജ്യത്ത് ഭക്ഷ്യോൽപന്നങ്ങളുടെ വിലനിലവാരം അഥവാ ഭക്ഷ്യവിലപ്പെരുപ്പം (ഫുഡ് ഇൻഫ്ലേഷൻ) നെഗറ്റീവ് 5.02 ശതമാനത്തിലേക്കും ഇടിഞ്ഞു. ഗ്രാമങ്ങളിൽ ഇത് നെഗറ്റീവ് 4.85 ശതമാനവും നഗരങ്ങളിൽ നെഗറ്റീവ് 5.18 ശതമാനവുമാണ്. തുടർച്ചയായ 5-ാം മാസമാണ് ഭക്ഷ്യവിലപ്പെരുപ്പം പൂജ്യത്തിനും താഴെയാകുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ 10.87 ശതമാനമായിരുന്നു.
ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞുനിൽക്കുന്നത് ഉപഭോക്താക്കൾക്ക് വൻ ആശ്വാസമാണ്. അടുക്കള ബജറ്റ് കുറയുന്നത് ജനങ്ങൾക്ക് പണം മറ്റാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സഹായകവുമാകും. റീട്ടെയ്ൽ പണപ്പെരുപ്പം താഴ്ന്നുനിൽക്കുന്നത് റിസർവ് ബാങ്കിനെ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനും പ്രേരിപ്പിക്കും. അതുവഴി ജനങ്ങളുടെ ബാങ്ക് വായ്പാപ്പലിശ ഭാരവും കുറയും. എന്നാൽ, പണപ്പെരുപ്പം വലിയതോതിൽ കുറയുന്നതും ദോഷം ചെയ്യും. ഇതു 2 ശതമാനത്തിനും 6 ശതമാനത്തിനും മധ്യേ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അഭികാമ്യമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ജിഎസ്ടി നിരക്കുകൾ കുറഞ്ഞതിനാൽ നടപ്പുവർഷം പണപ്പെരുപ്പം ഇനിയും കുറയാനുള്ള സാധ്യതയാണ് റിസർവ് ബാങ്ക് കാണുന്നത്.
- തുടർച്ചയായ രണ്ടാംമാസമാണ് പണപ്പെരുപ്പം 2 ശതമാനത്തിന് താഴെത്തുടരുന്നത്.
- റിസർവ് ബാങ്കിന്റെ നിയന്ത്രണപരിധിയായ 4 ശതമാനത്തിന് താഴെ തുടർന്നത് തുടർച്ചയായ 4-ാം മാസം.
- ഉയർന്ന പരിധിയായ 6 ശതമാനത്തിന് താഴെ തുടരുന്നത് തുടർച്ചയായ 7-ാം മാസവുമാണ്.
- കഴിഞ്ഞമാസം പച്ചക്കറികളുടെ വിലനിലവാരം 27.57 ശതമാനം കുറഞ്ഞു. ഉൽപാദന, വിതരണശൃംഖലകൾ സജീവമായതാണ് കാരണം.
