ക്വാണ്ടം റഡാറുകളെ പോലും കബളിപ്പിക്കും; പക്ഷികളേപ്പോലെ പറക്കും; ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാന്‍ ഇന്ത്യ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

ക്വാണ്ടം റഡാറുകളെ പോലും കബളിപ്പിക്കും; പക്ഷികളേപ്പോലെ പറക്കും; ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാന്‍ ഇന്ത്യ

November 17, 2025
6th generation fighter jpg

ദില്ലി > ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത്‌ ഏതാണ്ട് പൂര്‍ണതയോട് അടുക്കുന്നതിനിടെ അടുത്ത തലുമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതികള്‍ അണിയറയിലൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളുടെ പരിമിതികളെ മറികടക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് പ്രതിരോധ ഗവേഷണ ഏജന്‍സിയായ ഡിആര്‍ഡിഒ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വിങ് മോര്‍ഫിങ്, നാനോ സ്റ്റെല്‍ത്ത് കോട്ടിങ് സംവിധാനങ്ങള്‍, ഫ്‌ളൈ-ബൈ-ലൈറ്റ് ഫ്ളൈറ്റ് കണ്‍ട്രോണ്‍ സിസ്റ്റം (Fly-by-Light) എന്നിവ പോലുള്ള പുതിയ കണ്ടുപിടിത്തങ്ങളില്‍ ഗവേഷണം ആരംഭിക്കാനാണ് ഡിആര്‍ഡിഒ പദ്ധതിയിടുന്നത്. ഹിമാലയന്‍ മേഖലമുതല്‍ ഇന്ത്യയുടെ സമുദ്രമേഖലകളില്‍ വരെയുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളാണ് വികസിപ്പിക്കാന്‍ പദ്ധതിയിടുന്നത്. ആകാശ പോരാട്ടത്തില്‍ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് പ്രതിരോധം ഉറപ്പുവരുത്തുക, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുമായി സംയോജിതമായി പ്രവര്‍ത്തിക്കാനാകുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ കുറഞ്ഞത് അഞ്ചുമുതല്‍ 10 വര്‍ഷം വരെ വേണ്ടിവന്നേക്കും. 2040 ന് ശേഷമേ ഇവ യുദ്ധവിമാനങ്ങളില്‍ സന്നിവേശിപ്പിക്കാനാകു എന്നുമാണ് നിലവിലെ വിലയിരുത്തല്‍. സങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കണമെങ്കില്‍ ഫോട്ടോണിക്സ്, നാനോ മെറ്റീരിയല്‍ എന്നിവയില്‍ സമഗ്രമായ ഗവേഷണം വേണ്ടിവരും. പ്രധാനമായും വിങ് മോര്‍ഫിങ് സാങ്കേതിക വിദ്യ നിലവിലുള്ളതാണെങ്കിലും അത് പ്രയോഗികമായി പൂര്‍ണതയിലെത്തിയിട്ടില്ല. ഈ വിഭാഗത്തിലും ധാരാളം ഗവേഷണം വേണ്ടിവരും.

പക്ഷികളുടെ പറക്കലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപംകൊണ്ടതാണ് വിങ് മോര്‍ഫിങ് സാങ്കേതിക വിദ്യ. പക്ഷികള്‍ക്ക് പറക്കുന്നതിനിടയില്‍ ആവശ്യമായ രീതിയില്‍ ചിറകുകളുടെ രീതിയില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഇത് അവയെ കൂടുതല്‍ കാര്യക്ഷമമായി വായുവില്‍ പറക്കാന്‍ സഹായിക്കുന്നു. സമാനമായ രീതിയില്‍ വിമാനത്തിന്റെ ചിറകുകള്‍ക്ക് പറക്കലിനിടയില്‍ ആവശ്യമായ രൂപമാറ്റം വരുത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് വിങ് മോര്‍ഫിങ്. ഫ്ലാപ്പുകളും എയ്‌ലറോണുകളും ഉള്ള ദൃഡമായ പ്രതലങ്ങള്‍ക്ക് പകരം ചിറകുകളില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ നടത്താന്‍ കഴിവുള്ള തടസ്സമില്ലാത്ത സംവിധാനങ്ങളാകും ഉണ്ടാകുക. ഇത് ഇന്ധന ഉപഭോഗം 20% വരെ കുറയ്ക്കാനും, സ്റ്റെല്‍ത്ത് സവിശേഷതയെ വര്‍ധിപ്പിക്കുകയും ചെയ്യും. ചിറകുകളില്‍ ആവശ്യത്തിനനുസരിച്ച് മാറ്റം വരുത്താന്‍ സാധിക്കുന്നതിലൂടെ വിമാനത്തിന്റെ ചലനത്തിലൂടെയുണ്ടാകുന്ന ശബ്ദത്തിലും നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കും.

നാഷണല്‍ എയ്‌റോസ്‌പേസ് ലബോറട്ടറീസിലെ ( എന്‍എഎല്‍) വിന്‍ഡ് ടണല്‍ പരീക്ഷണത്തില്‍ ഇത്തരത്തിലൊരു സംവിധാനം പരീക്ഷിച്ചിരുന്നു. ഒരു ദീര്‍ഘചതുരാകൃതിയിലുള്ള യുദ്ധവിമാനത്തിന്റെ ചിറകിന്റെ മാതൃക 2022ല്‍ ഒരു പദ്ധതിയുടെ ഭാഗമായി ഡിആര്‍ഡിഒ വികസിപ്പിച്ചിരുന്നു. ഇതാണ് പരീക്ഷിച്ച് നോക്കിയത്. ഈ സംവിധാനത്തിന്റെ കാര്യക്ഷമതയാണ് പുതിയ ആശയത്തിലേക്ക് ഡിആര്‍ഡിഒയെ എത്തിച്ചത്. ചൈന ഡിറ്റാച്ചബിള്‍ ഡ്രോണ്‍ ചിറകുകളുള്ള ബ്ലെന്‍ഡഡ്-വിംഗ് സാങ്കേതിക വിദ്യ പരീക്ഷിച്ചിട്ടുണ്ട്. യു.എസ് ആകട്ടെ ബയോണിക് മോര്‍ഫിംഗ് ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലും. ഈ സാഹചര്യത്തിലാണ് ഇന്ത്യയും ഈ രംഗത്ത് ഗവേഷണം ആരംഭിക്കുന്നത്.

നാനോ കോട്ടിങ് സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുടെ വികസനത്തിലും ഗവേഷണം നടക്കുന്നുണ്ട്. റഡാറുകള്‍ക്ക് പിടിച്ചെടുക്കാന്‍ സാധിക്കുന്ന വൈദ്യുതകാന്തിക, ശബ്ദ, ദൃശ്യ സിഗ്‌നലുകളില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വികസിപ്പിക്കേണ്ടത്. ഒരു ആറ്റത്തിന്റെ അത്രയും നേര്‍ത്ത ആവരണമാണ് വികസിപ്പിക്കേണ്ടത്. റഡാര്‍ തരംഗങ്ങളെ വഴിതിരിച്ച്, ഇന്‍ഫ്രാറെഡ് സിഗ്‌നലുകള്‍ പുറത്തേക്ക് പോകുന്നത് നിയന്ത്രിച്ചും, എഞ്ചിന്‍ ശബ്ദം പോലും കുറച്ചും ഫൈറ്ററുകളെ കണ്ടെത്താന്‍ സാധിക്കാത്തവയാക്കി മാറ്റാന്‍ ഇത്തരം നാനോ കോട്ടിങ്ങുകള്‍ക്ക് സാധിക്കും. പരമ്പരാഗത റഡാര്‍ വികിരണങ്ങളെ ആഗീരണം ചെയ്യുന്ന വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് ചെറിയതോതിലുള്ള നാശങ്ങളില്‍ നിന്ന് സ്വയം പുനര്‍നിര്‍മാണം നടത്താനും സാധിക്കും. ക്വാണ്ടം റഡാറുകളെയും പ്രതിരോധിക്കാനുള്ള ശേഷി ഇവയ്ക്ക് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്ലൈ-ബൈ- ലൈറ്റ് ഫ്ളൈറ്റ് കണ്‍ട്രോണ്‍ സംവിധാനങ്ങള്‍ താരതമ്യേന പുതിയ ആശയമാണ്. നിലവിലെ ഫ്ളൈറ്റ് കണ്‍ട്രോള്‍ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നത് കോപ്പര്‍ വയറുകളെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് സംവിധാനങ്ങളാണ്. എന്നാല്‍ ഇതിന് പകരം ഫൈബര്‍-ഒപ്റ്റിക് കേബിളുകള്‍ ഉപയോഗിക്കുന്നവയാണ് ഫ്ലൈ-ബൈ- ലൈറ്റ് ഫ്ളൈറ്റ് കണ്‍ട്രോണ്‍ സംവിധാനങ്ങള്‍. പ്രകാശ കിരണങ്ങളെ ഉപയോഗിച്ച് ഫ്ലൈറ്റ് കമാന്‍ഡുകള്‍ കൈമാറ്റം ചെയ്യുന്നതിനാല്‍ വളരെ പെട്ടെന്ന് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും. ഡയറക്ട്-എനര്‍ജി ആയുധങ്ങളുടെയും ഹൈപ്പര്‍സോണിക് ഭീഷണികളുടെയും ഈ കാലഘട്ടത്തില്‍ ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങളെ മറികടക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇത് യുദ്ധവിമാനത്തിന്റെ അതിജീവന ശേഷി വര്‍ധിപ്പിക്കും. ഇലക്ട്രിക്കല്‍ സിസ്റ്റങ്ങളേക്കാള്‍ 100 മടങ്ങ് വരെ ബാന്‍ഡ്വിഡ്ത്ത് ഉള്ളതിനാല്‍, റിയല്‍-ടൈം സെന്‍സര്‍ ഫ്യൂഷനും എഐ അധിഷ്ഠിത ഓട്ടോണമിക്കും ഇത് വഴിയൊരുക്കും. ഓരോ വിമാനത്തിന്റെയും ഭാരം 500 കിലോ വരെ കുറയ്ക്കാന്‍ ഇത് സഹായിക്കും. കൂടുതല്‍ ആയുധങ്ങളോ ഇന്ധനമോ വഹിക്കാന്‍ ഈ സംവിധാനം സഹായിക്കും.

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റായ എഎംസിഎ ആണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം, ഇതിന്റെ പ്രോട്ടോടൈപ്പുകള്‍ 2028-ല്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ ആറാം തലമുറ സാങ്കേതികവിദ്യകള്‍ 2040-ന് ശേഷമുള്ള സമയത്തേക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് സുസ്ഥിരമായ രീതിയിലുള്ള നിക്ഷേപം വേണ്ടിവരും. ഏറെ പണച്ചെലവുള്ളതിനാല്‍ ഗവേഷണത്തിലും വികസനത്തിലും സ്വകാര്യ കമ്പനികളെയും ഉള്‍പ്പെടുത്തേണ്ടിവരും.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss