മറ്റൊരു രാജ്യത്തേക്ക് കടന്നുകയറി പ്രസിഡന്റിനെയും ഭാര്യയും പിടികൂടുക, ഭരണം ഏറ്റെടുക്കുക, എണ്ണ ഉൾപ്പെടെ നിർണായക സമ്പത്തുകൾ കൈയടക്കുക.. വെനസ്വേലൻ പ്രസിഡന്റിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ നീക്കങ്ങൾ ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
മഡുറോ യുഎസിന്റെ കണ്ണിൽ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും യുഎസിന് വെനസ്വേലയിൽ കടന്നുചെന്ന് അദ്ദേഹത്തെ പിടികൂടാനാകുമോ? യുഎസിന് ഇങ്ങനെ ചെയ്യാമെങ്കിൽ ഓരോ രാജ്യത്തിനും അവരവരുടെ എതിരാളികൾക്കുമേൽ ഈ രീതി നടപ്പാക്കാമല്ലോ! ആഗോള രാഷ്ട്രീയ തലത്തിലും സാമൂഹിക മാധ്യമങ്ങളിലും ആവശ്യങ്ങൾ ഉയരുകയാണ്. സമാന ആവശ്യം ഇവിടെ ഇന്ത്യയിലും കേട്ടുതുടങ്ങി.
ട്രംപ് ഉടൻ പുട്ടിനെ പിടികൂടണമെന്ന് സെലെൻസ്കി
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ട്രംപ് ഉടൻ പിടികൂടണമെന്ന ആവശ്യവുമായി യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി രംഗത്തെത്തി. സ്വേച്ഛാധിപതികളോടും ഏകാധിപതികളോടും യുഎസിന് ഇങ്ങനെ നടപടി എടുക്കാമെങ്കിൽ, ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് യുഎസിന് അറിയാമെന്ന് സെലെൻസ്കി പറഞ്ഞു.
പുട്ടിൻ ഉടൻ സെലെൻസ്കിയെ പിടികൂടും?
മോസ്കോയിൽ പുട്ടിന്റെ വീടിനെ ഉന്നമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയത് കഴിഞ്ഞദിവസമാണ്. പുട്ടിനെതിരായ വധശ്രമം ആരോപിച്ച് സെലെൻസ്കിയെ പിടികൂടാൻ റഷ്യയ്ക്ക് ഇതൊരു കാരണമായി കാണാമെന്ന വാദങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുകഴിഞ്ഞു. പുട്ടിനു വീടിനുനേരെ നടന്ന ആക്രമണം സെലെൻസ്കി നേരിട്ട് പ്ലാൻ ചെയ്തതാണെന്ന ആരോപണങ്ങളുമുണ്ട്.
അതേസമയം, ഇക്കാര്യത്തിൽ റഷ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ, മഡുറോയെ പിടികൂടിയ യുഎസിന്റെ നടപടിയെ ശക്തമായി വിമർശിച്ചിട്ടുമുണ്ട്. മഡുറോയെയും ഭാര്യയെയും യുഎസ് ഉടൻ വിട്ടയയ്ക്കണമെന്ന ആവശ്യവും റഷ്യ ഉന്നയിച്ചു. യുക്രെയ്ൻ യുഎസിന്റെ നിലപാടിനൊപ്പം നിന്ന് വെനസ്വേലയെ എതിർക്കുന്ന രാജ്യമാണ്. റഷ്യയാകട്ടെ വെനസ്വേലയ്ക്കും മഡുറോയ്ക്കും സുഹൃത്തുമാണ്. മഡുറോയെ പിടികൂടിയ നടപടിയെ ആയുധ അക്രമം എന്നാണ് റഷ്യ വിശേഷിപ്പിച്ചത്.
ട്രംപിന് ആകാമെങ്കിൽ ഇന്ത്യയ്ക്കുമാകാം…
ട്രംപിന് വെനസ്വേലയിൽ കടന്നുചെന്ന് മഡുറോയെ പിടിക്കാമെങ്കിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലേക്കും കടന്നുചെല്ലാമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി അഭിപ്രായപ്പെട്ടു. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത മസൂദ് അസർ ഉൾപ്പെടെയുള്ള ഭീകരർ പാക്കിസ്ഥാനിൽ കഴിയുകയാണ്. പാക്ക് മണ്ണിലേക്ക് കടന്നുകയറി അവരെ പിടികൂടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒവൈസി ആവശ്യപ്പെട്ടു. സൗദി അറേബ്യ യെമനിൽ നടത്തിയ ആക്രമണവും ഒവൈസി ചൂണ്ടിക്കാട്ടി.
