സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലെ 'ഒളിക്യാമറ' വിവാദം; പരാതിക്കാരനെ വശത്താക്കാൻ മന്ത്രിയുടെ ഓഫിസിൽ ജോലി - Kerala Times    

സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലെ ‘ഒളിക്യാമറ’ വിവാദം; പരാതിക്കാരനെ വശത്താക്കാൻ മന്ത്രിയുടെ ഓഫിസിൽ ജോലി

January 17, 2026
IMG 20260117 073143

കോട്ടയം> സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന ഒളിക്യാമറ വിവാദത്തിലെ പരാതിക്കാരനു മന്ത്രിയുടെ ഓഫിസിൽ ജോലി നൽകി പരാതി ഒതുക്കി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ അവിഹിതം നടന്നതായി പരാതി നൽകുകയും വിഡിയോ ദൃശ്യങ്ങൾ സംസ്ഥാന സെക്രട്ടറിക്കുവരെ കൈമാറുകയും ചെയ്ത മുൻ ഓഫിസ് സെക്രട്ടറിക്കാണു മന്ത്രി പി.പ്രസാദിന്റെ ഓഫിസിൽ ജോലി നൽകിയത്. എന്നാൽ പ്രൈവറ്റ് സെക്രട്ടറിയാക്കാമെന്നാണു വാഗ്ദാനം നൽകിയിരുന്നതെങ്കിലും ക്ലാർക്കായി നിയമിച്ചതിൽ പ്രതിഷേധിച്ച് ഇദ്ദേഹം രണ്ടു ദിവസം മാത്രമേ ജോലിക്കു പോയുള്ളൂ എന്നും അറിയുന്നു.

അതേസമയം, പരാതിക്കാരനു ജോലി നൽകിയതിൽ പ്രതിഷേധിച്ച്, വിവാദത്തിൽ ഉൾപ്പെട്ട മഹിളാസംഘം നേതാവ് പാർട്ടിയോട് ഇടഞ്ഞു നിൽക്കുകയുമാണ്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽനിന്നും മറ്റും വിട്ടുനിൽക്കുന്ന ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 30നു നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽനിന്നും കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽനിന്നും ഇവർ വിട്ടുനിന്നു.

2024 ജൂലൈയിൽ ഒളിക്യാമറ പരാതി ഉയർന്ന ഉടനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു സി.കെ.ശശിധരനെ മാറ്റിനിർത്തി രണ്ടംഗ അന്വേഷണ കമ്മിഷനെ പാർട്ടി സെക്രട്ടറി നിയമിച്ചിരുന്നു. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.പി.രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കമല സദാനന്ദൻ എന്നിവരെയാണ് അന്വേഷണച്ചുമതല ഏൽപിച്ചത്.

എന്നാൽ പരാതി പിൻവലിക്കപ്പെട്ടതോടെ അന്വേഷണം മരവിച്ചു. ശശിധരനെ സംസ്ഥാന എക്സിക്യൂട്ടീവിലേക്കു നിയമിക്കുകയും കോട്ടയം ജില്ലയുടെ ചുമതല നൽകുകയും ചെയ്തിരുന്നു. 14 വർഷത്തോളം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ശശിധരനെ പുറത്താക്കാൻ നടത്തിയ നീക്കമാണ് ഒളിക്യാമറ വിവാദം എന്ന് ആക്ഷേപവും ഉയർന്നിരുന്നു.

Latest from Blog

error: Content is protected !!