ബംഗാള്‍ ഉള്‍ക്കടലില്‍ സാന്നിധ്യമുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ബംഗ്ലദേശില്‍ ഡ്രോണ്‍ ഫാക്ടറി തുടങ്ങാന്‍ കരാറിലെത്തി ചൈന. മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരുമായാണ് ചിറ്റഗോങിലെ മിര്‍സരായില്‍ ഡ്രോണ്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ ചൈന ഒരുങ്ങുന്നത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ പ്രദേശത്തിനടുത്ത സ്ഥലമെന്ന നിലയില്‍ ഇത് ഇന്ത്യയ്ക്ക് അതിനിര്‍ണായകമായ ഭൂഭാഗം കൂടിയാണ്. ബംഗാള്‍ ഉള്‍ക്കടലിലേക്കുള്ള ബംഗ്ലദേശിന്‍റെ പ്രധാന വഴിയും ഇതുതന്നെ. തന്ത്രപ്രധാന സ്ഥലമായതിനാല്‍ തന്നെ പ്രതിരോധ സംവിധാനങ്ങള്‍ ഇവിടേക്ക് ഇന്ത്യ വിന്യസിച്ചിട്ടുമുണ്ട്.
സര്‍ക്കാരുകള്‍ തമ്മില്‍ എത്തിച്ചേര്‍ന്ന കരാറില്‍ ബംഗ്ലദേശ് വ്യോമസേനയും ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ് കോര്‍പറേഷന്‍ ഇന്‍റര്‍നാഷനലുമാണ് ഒപ്പിട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്‍റെ കീഴിലുള്ള പ്രതിരോധ കമ്പനിയാണ് സിഇടിസി.വിങ് ലോങ് II സീരിസില്‍ വരുന്ന മീഡിയം ആള്‍ട്ടിട്യൂഡ് ലോങ് എന്‍ഡ്യൂറന്‍സ് കോംബാറ്റ് ഡ്രോണുകളാകും ഇവിടെ നിര്‍മിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ നിര്‍മിത MQ-9 റീപ്പറിന് പകരമെന്നോണമാണ് ഈ ഡ്രോണുകള്‍ ചൈന നിര്‍മിക്കുന്നത്. ഇതിന് പുറമെ കാര്‍ഷിക–ഗവേഷണ ആവശ്യങ്ങള്‍ക്കും ദുരന്ത നിവാരണ മേഖലകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രോണുകളും ചിറ്റഗോങിലെ പ്ലാന്‍റില്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.
- സാങ്കേതിക വിദ്യയുടെ കൈമാറ്റം, ക്ഷമത വര്‍ധിപ്പിക്കല്‍, വ്യാവസായിക നൈപുണ്യ വികസനം, സംയുക്ത സാങ്കേതിക സഹകരണം എന്നിവ വര്‍ധിപ്പിക്കുക
- ആളില്ലാ ചെറുവിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ ബംഗ്ലദേശ് സൈന്യത്തെ സ്വയം പര്യാപ്തരാക്കുക
- തുടക്കത്തില്‍ ബംഗ്ലദേശ് വ്യോമസേനയ്ക്ക് കോംബാറ്റ് ഡ്രോണുകള്‍ കൂട്ടിച്ചേര്‍ക്കാനും വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ആളില്ലാ ചെറുവിമാനങ്ങളുടെ ലാന്‍ഡിങിലും പരിശീലനം
- തദ്ദേശീയമായി ഡ്രോണുകള്‍ വികസിപ്പിക്കാന്‍ ബംഗ്ലദേശ് വ്യോമസേനയെ പ്രാപ്തരാക്കുക
- കഴിഞ്ഞ വര്‍ഷം ഒപ്പിട്ട 20 J-10 CE യുദ്ധവിമാനങ്ങള്‍ വിതരണം ചെയ്യുക. ഈ വര്‍ഷം അവസാനത്തോടെയാകും ഇത് കൈമാറുക.
ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നതെങ്ങനെ?
മിര്‍സറായിലെ 850 ഏക്കര്‍ ഭൂമിയിലാണ് ഡ്രോണ്‍ നിര്‍മാണ പ്ലാന്‍റ് ചൈന സ്ഥാപിക്കുന്നത്. ചിറ്റഗോങിലും ബാഗെര്‍ഘട്ടിലുമായി പ്രത്യേക സാമ്പത്തിക മേഖല നടപ്പിലാക്കാന്‍ ഇന്ത്യ കണ്ടെത്തിയ സ്ഥലവും ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ യൂനുസ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ‘ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണമില്ലെന്ന കാരണത്താല്‍’ റദ്ദാക്കിയിരുന്നു. 2015ലാണ് ഇന്ത്യയും ബംഗ്ലദേശും സെസിനായി ധാരണാപത്രം ഒപ്പിട്ടത്. മിര്‍സാറായിലെ 900 ഏക്കറും മോംഗ്ലയിലെ 110 ഏക്കറുമായിരുന്നു ഇതിനായി നിശ്ചയിച്ച സ്ഥലം. എന്നാല്‍ 2025 ജൂണില്‍ ഇതിന്‍റെ കാലാവധി കഴിഞ്ഞുവെന്നും അതിനാല്‍ റദ്ദാക്കുന്നുവെന്നുമായിരുന്നു ബംഗ്ലദേശ് സര്‍ക്കാരിന്‍റെ വിശദീകരണം.
ചൈനീസ് നീക്കത്തില്‍ ആശങ്ക വേണോ?
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 200 കിലോമീറ്റര്‍ മാത്രം അപ്പുറത്തായാണ് ചിറ്റഗോങിലെ ഡ്രോണ്‍ ഫാക്ടറി നിലവില്‍ വരുന്നത്. ചൈനീസ് സഹായത്തോടെ ഡ്രോണ്‍ നിര്‍മിക്കാന്‍ പഠിച്ചു കഴിഞ്ഞാല്‍ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഡ്രോണ്‍ നിര്‍മാണം വശമുള്ള മൂന്നാമത്തെ രാജ്യമായി ബംഗ്ലദേശ് മാറും. ബംഗ്ലദേശിന്റെ പ്രധാന ആയുധ ദാതാവും ചൈനയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്‍പെന്നത്തെക്കാളും ഊഷ്മളമാകുകയുമാണ്. ഇതിനൊപ്പം ബംഗാള്‍ ഉള്‍ക്കടലിലേക്ക് ചൈനീസ് സാന്നിധ്യമെത്തുന്നുവെന്നതാണ് ഇന്ത്യ ഗൗരവമായി കാണുന്നത്.
തന്ത്രപ്രധാനമായ സമുദ്ര–വ്യാവസായിക–അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ചിറ്റഗോങ് കേന്ദ്രീകരിച്ച് ചൈന കൊണ്ടുവരുന്നിതും ഇന്ത്യയ്ക്കെതിരായ നീക്കമാണെന്ന വിലയിരുത്തലുമുണ്ട്. ബംഗ്ലദേശിന്‍റെ വ്യാപാരത്തിന്‍റെ 90 ശതമാനവും നടക്കുന്ന ചിറ്റഗോങ് തുറമുഖത്തിന്‍റെ ആധുനികവല്‍ക്കരണത്തിനും ചൈന വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതും ബംഗ്ലദേശില്‍ ചൈനയ്ക്കുള്ള സ്വാധീനം വളര്‍ത്തുന്നു. ചിറ്റഗോങിലെ 750 ഏക്കറിലുള്ള ചൈനയുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ 30 ചൈനീസ് കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുന്നത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യയുടെ നാവിക കേന്ദ്രങ്ങളിലേക്ക് കണ്ണെറിയാനാണ് ബംഗ്ലദേശില്‍ ഇത്രവലിയ നിക്ഷേപം ചൈന നടത്തുന്നതെന്നതും പകല്‍ പോലെ വ്യക്തമാണ്, ഇത് മുന്നില്‍ക്കണ്ടുള്ള പ്രതിരോധം ഇന്ത്യയും ആരംഭിച്ചിട്ടുണ്ട്.
2024 ല്‍ ബംഗ്ലദേശില്‍ രാഷ്ട്രീയമാറ്റമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയും ബംഗ്ലദേശുമായുള്ള ബന്ധം എക്കാലത്തെയും മോശം സ്ഥിതിയിലെത്തിയത്. അന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടുകയും യൂനുസ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. ഇതിന് പിന്നാലെ കടുത്ത ഇന്ത്യ വിരുദ്ധ നയങ്ങളാണ് ബംഗ്ലദേശ് വിദേശനയത്തിലടക്കം പ്രകടമാക്കിയത്. ചൈനയും പാക്കിസ്ഥാനുമായുള്ള ചങ്ങാത്തത്തില്‍ ബോധപൂര്‍വമായ പുരോഗതിയും ബംഗ്ലദേശ് വരുത്തുന്നു.
