ഇടതുപക്ഷത്തിന് പിന്തുണ; രാജു അപ്സര രാജിവെക്കണം - ഏകോപന സമിതിയുടെ പ്രസിഡന്റ് ആയിരിക്കുവാന്‍ യോഗ്യതയില്ല - വ്യാപാരികള്‍ കടുത്ത പ്രതിഷേധത്തില്‍ - Kerala Times    

ഇടതുപക്ഷത്തിന് പിന്തുണ; രാജു അപ്സര രാജിവെക്കണം – ഏകോപന സമിതിയുടെ പ്രസിഡന്റ് ആയിരിക്കുവാന്‍ യോഗ്യതയില്ല – വ്യാപാരികള്‍ കടുത്ത പ്രതിഷേധത്തില്‍

February 12, 2026

കൊച്ചി > കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരക്കെതിരെ അണികളുടെ പ്രതിഷേധം രൂക്ഷമാകുന്നു. പ്രസിഡന്റ് ആയിരിക്കുവാന്‍ ഒരു യോഗ്യതയും ഇല്ലെന്നും ഒരുനിമിഷം മുമ്പേ രാജിവെച്ച് ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകനായി പോകണമെന്നും വ്യാപാരികള്‍ ശക്തമായി ആവശ്യപ്പെട്ടുകഴിഞ്ഞു. രാജു അപ്സര കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയാണ് വ്യാപാരികളെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് നൂറു ശതമാനം മാര്‍ക്ക് കൊടുക്കുന്നുവെന്നും എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്നും ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും മമത കാണിക്കാത്ത സംഘടനയാണ്. ടി.നസിറുദ്ദീന്റെ മരണംവരെ ഈ നിലപാടിന് മാറ്റമുണ്ടായിരുന്നില്ല. പിന്നീട് സംഘടനയുടെ നിയന്ത്രണം ഏറ്റെടുത്ത രാജു അപ്സരക്ക് വ്യക്തമായ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുവേണം കരുതുവാന്‍. കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സംഘടനയുടെ ശക്തി ഇന്ന് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് യൂണിറ്റുകളും കോടിക്കണക്കിന് ആസ്തിയും ആയിരക്കണക്കിന് സജീവ പ്രവര്‍ത്തകരുമുള്ള സംഘടനയാണ് രാജു അപ്സരയുടെ കടന്നുവരവോടെ പടവലങ്ങയുടെ വളര്‍ച്ചപോലെയായത്‌.

വ്യാപാരികള്‍ ഇന്ന് കടുത്ത നിരാശയിലാണ്. പല യൂണിറ്റുകളുടേയും പ്രവര്‍ത്തനം തൃപ്തികരമല്ല. വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ രാജു അപ്സര പരാജയപ്പെട്ടു. സംഘടനയുടെ ഫണ്ട് ചെലവഴിച്ച് രാജു അപ്സരക്ക് പേരും പ്രശസ്തിയും ഉണ്ടാക്കുവാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ആലപ്പുഴ ജില്ലയിലെ ചാരുംമ്മൂട്ടില്‍ അപ്സര ജൂവലറി എന്ന സ്ഥാപനത്തിലൂടെയാണ് വ്യാപാര രംഗത്തേക്ക് കടന്നുവന്നത്. സംഘടനയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്നു. ടി.നസിറുദ്ദീന്റെ മരണശേഷം കൃത്യമായ തന്ത്രങ്ങളിലൂടെ സംഘടനയുടെ നേത്രുത്വം പിടിച്ചെടുക്കുകയായിരുന്നു. പഴയകാല നേതാവ് തിരുവനന്തപുരം സ്വദേശി പെരിങ്ങമല രാമചന്ദ്രനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് നടക്കുന്നത് സംസ്ഥാന കൌണ്‍സിലില്‍ നിന്നായതിനാല്‍ കൌണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ മുതല്‍ വ്യക്തമായ പ്ലാനിംഗ് രാജു അപ്സരയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഇതിനു രാജു അപ്സരയോട് പ്രത്യേക മമതയുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ്മാര്‍ അകമഴിഞ്ഞ് സഹായിച്ചിരുന്നു. അന്ന് കൂടെ നിന്നവരെയും കടത്തിവെട്ടിയാണ് രാജു അപ്സരയുടെ ഇപ്പോഴത്തെ നീക്കം.  കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍ രാജു അപ്സരയുടെ പ്രവര്‍ത്തനം തികഞ്ഞ പരാജയം ആണെന്ന് വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു. >>> തുടരും …

Latest from Blog

error: Content is protected !!