'ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പഠിക്കാൻ 2.5 ലക്ഷം രൂപയോ?!', കിന്റർ ഗാർട്ടനിലെ ഫീസ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ - Kerala Times    

‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പഠിക്കാൻ 2.5 ലക്ഷം രൂപയോ?!’, കിന്റർ ഗാർട്ടനിലെ ഫീസ് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

April 25, 2026
file 000000007bb471faa1a01f3c1a8cd429

ഇന്ത്യയിലെ സ്വകാര്യവിദ്യാഭ്യാസ മേഖലയിലെ അമിതമായ ഫീസ് വർധനവിനെ കുറിച്ചുള്ള ആശങ്കകൾ പലരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. എന്നാൽ, പ്രീ പ്രൈമറി സ്കൂളുകളിലും മറിച്ചല്ല അവസ്ഥ. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കിന്റർഗാർട്ടൻ വിദ്യാർത്ഥിയിൽ നിന്നും വർഷം 2.5 ലക്ഷം രൂപയിലധികം ഫീസ് ഈടാക്കുന്നു എന്നാണ് വൈറലായിരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. സാക്ഷി എന്ന യൂസറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. സ്കൂൾ ഫീസ് രേഖകൾ പ്രകാരം, ഒരു വർഷത്തെ ആകെ ചിലവ് 2.5 ലക്ഷം രൂപയ്ക്ക് മുകളിലാണ് എന്ന് ഇതിൽ കാണാം.

അഡ്മിഷൻ ഫീസ് 48,000 രൂപയാണ്. ഇതിൽ 15,000 തിരികെ ലഭിക്കാത്ത തുകയും, 33,000 കോഷൻ ഡെപ്പോസിറ്റുമാണ്. വാർഷിക ഫീസ് 2,24,718 രൂപ വരും. ട്യൂഷൻ ഫീസ്, ലൈബ്രറി ചാർജ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ യൂണിഫോം, ട്രാൻസ്‌പോർട്ട്, ഉച്ചഭക്ഷണം, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള തുക വേറെയും അടക്കണം. ‘ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ പഠിക്കാൻ 2.5 ലക്ഷം രൂപയോ’ എന്ന പരിഹാസത്തോടെയാണ് പലരും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്ന‌ത്.

അതേസമയം, നേരത്തെയും ഇതുപോലെ നിരവധിപ്പേർ സ്കൂൾ ഫീസ് വർധിക്കുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സ്വകാര്യ സ്കൂളുകൾ ഫീസ് കൂട്ടുന്നത് എന്നും പലരും അഭിപ്രായപ്പെടുന്നു. ഈ പോസ്റ്റിനും സമാനമായ അനേകം കമന്റുകളാണ് വന്നിരിക്കുന്നത്. ഈ ഫീസ് കണ്ട് ഞെട്ടിപ്പോയി എന്നും പലരും പോസ്റ്റിനോട് പ്രതികരിച്ചു. ഭാവി വളരെയധികം ചെലവ് നിറഞ്ഞതാണ് എന്നും ആളുകൾ അഭിപ്രായപ്പെടുന്നു.

Latest from Blog

error: Content is protected !!