രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ് ശ്രീറാം. ചെന്നൈ ആസ്ഥാനമായ, വലിയ പാരമ്പര്യമുള്ള ഗ്രൂപ്പാണിത്. ഇതിന്റെ സ്ഥാപകനാണ് ആർ.ത്യാഗരാജൻ. രാജ്യത്തെ ലെൻഡിങ് & ഇൻഷുറൻസ് മേഖലയിലെ പ്രമുഖ വ്യക്തിത്ത്വമാണ് അദ്ദേഹം. 1974 വർഷത്തിൽ എ.വി.എസ് രാജ, ടി.ജയരാമൻ എന്നിവരോടൊത്താണ് അദ്ദേഹം ശ്രീറാം ഗ്രൂപ്പ് സ്ഥാപിക്കുന്നത്.
വായ്പാ ബിസിനസിലേക്ക് കടക്കും മുമ്പ് ചിട്ടി നടത്തിയാണ് ബിസിനസിന് ആരംഭം കുറിക്കുന്നത്. പിന്നീട് പ്രധാനമായും ത്യാഗരാജന്റെ നേതൃത്ത്വത്തിൽ ഗ്രൂപ്പ് കരുത്തുറ്റ ഒരു ബിസിനസ് സാമ്രാജ്യമായി വളർന്നു. ഇന്ന് 87,000 കോടി രൂപയാണ് ശ്രീറാം ഗ്രൂപ്പിന്റെ വിപണി മൂല്യം. പരമ്പരാഗതമായ ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത, വരുമാനം കുറഞ്ഞ ആളുകൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കിയ ബിസിനസ് മോഡൽ വലിയ വിജയമായി മാറി.
ബ്ലൂംബർഗിന് അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ വേറിട്ട കാഴ്ച്ചപ്പാട് പ്രകടമാക്കുന്നുണ്ട്. ക്രെഡിറ്റ് ചരിത്രമില്ലാത്ത വ്യക്തികൾക്ക് വായ്പ നൽകുന്ന ഒരു കമ്പനി തുടങ്ങിയത് സുരക്ഷിതവും, ലാഭകരവുമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നിലവിൽ, ശ്രീറാം ഗ്രൂപ്പ് ഏകദേശം 100,000 ആളുകൾക്കാണ് ജോലി നൽകുന്നത്. പരിഗണന അർഹിക്കാതെ നിൽക്കുന്ന വിവിധ സെക്ടറുകളിലെ ആളുകൾക്കും വായ്പ നൽകിയത് വിജയത്തിന് ഇന്ധനമേകി. ട്രക്കുകൾ, ട്രാക്ടറുകൾ എന്നിവയ്ക്ക് ഇത്തരത്തിൽ കൂടുതൽ വായ്പകൾ വിതരണം ചെയ്തു.
തമിഴ്നാട്ടിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ച ത്യാഗരാജൻ ഗണിതത്തിലാണ് ബിരുദം നേടിയത്. പിന്നീട് കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 1961ൽ ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയിലാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. പിന്നീട് ഈ കമ്പനിയിൽ രണ്ട് പതിറ്റാണ്ടോളം ഫിനാൻസുമായി ബന്ധപ്പെട്ട് വിവിധ ചുമതലകൾ വഹിച്ചു. ഇത്തരത്തിൽ അനുഭവ സമ്പത്തിന്റെ കരുത്തോടെയാണ് അദ്ദേഹം തന്റെ 37ാം വയസ്സിൽ സ്വന്തം സംരംഭത്തിലേക്ക് കാലെടുത്തു വെക്കുന്നത്.
വിജയിച്ച മറ്റ് പല ബിസിനസുകാരെയും പോലെ അത്യാഡംബര ജീവിതം നയിക്കുന്ന ഒരു വ്യക്തിയല്ല ത്യാഗരാജൻ. തന്റെ സമ്പത്തിന്റെ വലിയ ഒരു ഭാഗം അദ്ദേഹം ദാനം ചെയ്യുകയാണുണ്ടായത്. ഇത്തരത്തിൽ 6,210 കോടി രൂപയിലധികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റി വെച്ചിട്ടുണ്ട്. ലളിത ജീവിതം ഇഷ്ടപ്പെടുന്ന, ഒരു മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത വ്യക്തി കൂടിയാണ് ത്യാഗരാജൻ. മൊബൈൽ തന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുമെന്നും, അതിനാൽ ഇത് ഒരു ശല്യമാണെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.
കൂടാതെ ലളിതമായി ഡിസൈൻ ചെയ്ത ഒരു സാധാരണ വീട്ടിൽ താമസിക്കുകയും, 6 ലക്ഷം രൂപ വില വരുന്ന ഒരു കാർ ഡ്രൈവ് ചെയ്യുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇന്ന് വിവിധ ഫിനാൻഷ്യൽ സെക്ടറുകളിലായി ശ്രീറാം ഗ്രൂപ്പിന് 30ൽ അധികം കമ്പനികളാണുള്ളത്. ഏകദേശം 23 മില്യൺ ഉപയോക്താക്കളാണ് ശ്രീറാം ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ സേവനം നിലവിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.