ചെന്നൈ > തമിഴ്നാട്ടിൽ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. രാമേശ്വരത്ത് നിന്ന് പോയവരെയാണ് സമൂദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തു. അതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് രാമേശ്വരത്ത് നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയിൽ വെച്ചാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.
രണ്ട് ബോട്ടുകളിലായി സഞ്ചരിച്ച 18 മത്സ്യത്തൊഴിലാളികളെ പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ നാവിക സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ബാർജും അതിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിൽ എടുത്തു.
തമിഴ്നാട്ടിൽ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ കസ്റ്റഡിയിലെടുത്തത് മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് രാമേശ്വരത്തെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.