കൊച്ചി> സ്വർണ്ണ വിലയിലെ ‘തീക്കാറ്റിന്’ ശമനമില്ല. ഇന്ന് സംസ്ഥാനത്തെ സ്വർണ്ണ വില പുതിയ സർവ്വകാല ഉയരം കുറിച്ചു. പവന് 63,560 രൂപ, ഗ്രാമിന് 7,945 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് പവന് 120 രൂപയും, ഗ്രാമിന് 15 രൂപയുമാണ് വില കയറിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് ഉയരങ്ങൾ സ്വർണ്ണം തുടർച്ചയായി തിരുത്തിക്കുറിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ഏതാനും ആഴ്ച്ചകളായിട്ടുള്ളത്. രാജ്യാന്തര തലത്തിലെ വില വർധനവാണ് കേരളം ഉൾപ്പെടെയുള്ള ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്.
ആഗോള സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 10.58 ഡോളർ (0.37%) ഉയർന്ന് 2,861.26 ഡോളർ എന്നതാണ് നിലവാരം. ഈ വർഷം അവസാനത്തോടെ രാജ്യാന്തര സ്വർണ്ണ വില 3,000 ഡോളറിലേക്കെത്തുമെന്നാണ് ആഗോള റേറ്റിങ് ഏജൻസികൾ അടക്കം പ്രവചിച്ചിരുന്നത്. എന്നാൽ പുതുവർഷത്തിന്റെ തുടക്കത്തിൽത്തന്നെ ഈ നിലവാരത്തിന് സമീപത്തേക്ക് സ്വർണ്ണം കുതിച്ചു കയറുന്ന കാഴ്ച്ചയാണുള്ളത്. സംസ്ഥാനത്ത് ഈ മാസത്തെ താഴ്ന്ന സ്വർണ്ണ വില രേഖപ്പെടുത്തിയത് മൂന്നാം തിയ്യതിയാണ്. അന്ന് പവന്
61,640 രൂപയും, ഗ്രാമിന് 7,705 രൂപയുമായിരുന്നു വില. ഇവിടെ നിന്ന്, ഇതു വരെ കേവലം 5 ദിവസങ്ങൾ കൊണ്ട് ഗ്രാമിന് 240 രൂപയും, പവന് 1,920 രൂപയുമാണ് വില വർധിച്ചത്.
നിലവിൽ കുറഞ്ഞ പണിക്കൂലി 5% കണക്കാക്കിയാൽപ്പോലും, ജി.എസ്.ടി, ഹാൾമാർക്കിങ് ചാർജ്ജ് ഉൾപ്പെടെ ഏകദേശം 68,000 രൂപയാണ് ഒരു പവൻ വാങ്ങാൻ സംസ്ഥാനത്ത് നൽകേണ്ടത്. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് പണിക്കൂലി ഉയരുമെന്നതിനാൽ ഇത്തരം സ്വർണ്ണാഭരണങ്ങൾക്ക് പവന് 70,000 രൂപയ്ക്ക് മുകളിലേക്ക് വില കയറും.
സ്വർണ്ണ വില കത്തിക്കയറുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ജ്വല്ലറികളുടെ സ്കീമുകൾക്ക് ആവശ്യക്കാരേറിയിട്ടുണ്ട്.
സ്വർണ്ണം ബുക്ക് ചെയ്യുന്ന ദിവസത്തെയോ, ഭാവിയിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസത്തെയോ വില, ഇതിൽ ഏതാണോ കുറവ് ആ നിരക്കിൽ സ്വർണ്ണം ലഭിക്കും. കൂടുതലായും വിവാഹ പാർട്ടികളാണ് ഇത്തരം സ്കീമുകൾ പ്രയോജനപ്പെടുത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലെ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,06,900 രൂപ എന്നതാണ് വില നിലവാരം. ഒരു ഗ്രാമിന് 106.90 രൂപ, 8 ഗ്രാമിന് 855.20 രൂപ, 10 ഗ്രാമിന് 1,069 രൂപ, 100 ഗ്രാമിന് 10,690 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വെള്ളി നിരക്കുകൾ