ദില്ലി> കാനഡയിലെ ഏറ്റവും വലിയ 22.5 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണ കൊള്ളയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒമ്പത് പ്രതികളിൽ ഒരാളായ 32 കാരിയായ സിമ്രാൻ പ്രീത് പനേസറിന്റെ മൊഹാലിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇതിന് പിന്നാലെയാണ് സിമ്രാനും ഭാര്യയും കനേഡിയൻ പൗരന്മാരാണെന്ന് കണ്ടെത്തലുണ്ടാകുന്നത്. കാനഡയിലെ പീൽ റീജിയണൽ പോലീസ് ഈ വിഷയത്തിൽ ഇഡിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യാഭർത്താക്കന്മാർ ഒരു വർഷത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിച്ചത്.
2023 ഏപ്രിലിൽ സ്വർണ്ണ കൊള്ള നടക്കുമ്പോൾ പനേസർ എയർ കാനഡയിലെ ഓപ്പറേഷൻസ് കൺട്രോളിൽ ആക്ടിംഗ് സൂപ്പർവൈസറായിരുന്നു. സൂറിച്ചിൽ നിന്നുള്ള ഒരു വിമാനത്തിൽ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ കോമ്പൗണ്ടിൽ നിന്ന് 400 കിലോഗ്രാം ഭാരം വരുന്ന 6,600 സ്വർണ്ണക്കട്ടികളും ഏകദേശം 2.5 മില്യൺ ഡോളർ വിലമതിക്കുന്ന വിവിധ വിദേശ കറൻസികളും മോഷ്ടിക്കപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കവർച്ചയ്ക്ക് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം അദ്ദേഹം കാനഡ വിട്ടതായാണ് ആരോപണം.
പനേസറിന്റെ വസതിയിൽ നടത്തിയ റെയ്ഡിന് പിന്നാലെ അദ്ദേഹത്തെയും ഭാര്യയെയും ഇ.ഡി. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. പനേസറിൻ്റെ ഭാര്യ മുൻ മിസ് ഇന്ത്യ ഉഗാണ്ടയും, ഗായികയും അഭിനേത്രിയുമാണ്, നിലവിൽ സിനിമാ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശസ്ത പഞ്ചാബി നടനുമായി സഹകരിച്ച് വൻ ബജറ്റിൽ സിനിമ നിർമ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇവർ. സിനിമാ നിർമ്മാണത്തിലേക്ക് ഒഴുക്കിയ പണത്തിന്റെ ഉറവിടം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, നിർമ്മാണത്തിൽ പണം നിക്ഷേപിച്ച ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്ന് ഉയർന്ന ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു.
പനേസർ ടൊറന്റോയിലെ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിൽ വീൽചെയർ സേവനം നൽകുന്ന ഒരു കമ്പനിയിയിലും ഏകദേശം ആറ് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് ഇയാൾക്ക് നല്ല അറിവുണ്ടായിരുന്നു,
കൊള്ളയെത്തുടർന്ന് ദമ്പതികൾ നടത്തിയ ഇടപാടുകൾ അന്വേഷിച്ചുവരികയാണ്. ദമ്പതികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി ഉദ്യാഗസ്ഥൻ പറഞ്ഞു.